THUPUAN 13
13
രണ്ടു മൃഗങ്ങൾ
1പിന്നീട് സമുദ്രത്തിൽനിന്ന് ഒരു മൃഗം കയറി വരുന്നതായി ഞാൻ കണ്ടു. അതിനു പത്തു കൊമ്പും ഏഴു തലയും കൊമ്പുകളിൽ പത്തു രാജകീയ കിരീടവും ഓരോ തലയിലും ദൈവനിന്ദാസൂചകമായ ഓരോ നാമവും ഉണ്ടായിരുന്നു. 2ഞാൻ കണ്ട ആ മൃഗം പുള്ളിപ്പുലിയെപ്പോലെ ആയിരുന്നെങ്കിലും അതിന്റെ കാല് കരടിയുടേതുപോലെയും വായ് സിംഹത്തിൻറേതുപോലെയും ആയിരുന്നു. ഉഗ്രസർപ്പം തന്റെ അധികാരവും ശക്തിയും സിംഹാസനവും അതിനു നല്‌കി. 3അതിന്റെ ഒരു തലയിൽ മാരകമായ മുറിവേറ്റിരുന്നതുപോലെ കാണപ്പെട്ടു; എങ്കിലും ആ മുറിവു പൊറുത്തിരുന്നു; സമസ്തലോകവും ആ മൃഗത്തെക്കുറിച്ചു വിസ്മയിച്ചു. 4തന്റെ അധികാരം മൃഗത്തിനു നല്‌കിയതുകൊണ്ട് ഉഗ്രസർപ്പത്തെ മനുഷ്യർ നമസ്കരിച്ചു. “ഈ മൃഗത്തോടു സമൻ ആരുണ്ട്? ഇതിനോടു പോരാടുവാൻ ആർക്കു കഴിയും?” എന്നു പറഞ്ഞുകൊണ്ട് മനുഷ്യർ അതിനെയും നമസ്കരിച്ചു.
5ഡംഭും ദൈവദൂഷണവും നിറഞ്ഞ വാക്കുകൾ സംസാരിക്കുന്ന ഒരു വായും അതിനു നല്‌കപ്പെട്ടു. നാല്പത്തിരണ്ടു മാസം അധികാരം നടത്തുവാൻ അതിന് അനുവാദവും നല്‌കപ്പെട്ടു. 6ദൈവത്തെ ദുഷിക്കുവാൻ അതു വായ് തുറന്നു. ദൈവനാമത്തെയും അവിടുത്തെ വാസസ്ഥലത്തെയും സ്വർഗവാസികളെയും അതു ദുഷിച്ചു. 7വിശുദ്ധന്മാരോടു യുദ്ധംചെയ്തു ജയിക്കുവാനും അതിന് അധികാരം നല്‌കപ്പെട്ടു. സകല ഗോത്രക്കാരുടെയും വംശക്കാരുടെയും ഭാഷക്കാരുടെയും ജാതികളുടെയും മേലുള്ള അധികാരം അതിനു ലഭിക്കുകയും ചെയ്തു. 8ബലി അർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ ജീവഗ്രന്ഥത്തിൽ ലോകസ്ഥാപനത്തിനു മുമ്പ് പേരെഴുതപ്പെട്ടിട്ടില്ലാത്ത സകല ഭൂവാസികളും അതിനെ വന്ദിക്കും. ചെവിയുള്ളവൻ ഇതു കേൾക്കട്ടെ. 9-10തടവിൽ ആക്കപ്പെടേണ്ടവൻ തടവിലേക്കു പോകുന്നു. വാളുകൊണ്ടു സംഹരിക്കുന്നവൻ വാളിന് ഇരയാകേണ്ടിവരും. ഇവിടെയാണു വിശുദ്ധന്മാരുടെ സഹിഷ്ണുതയും വിശ്വാസവും പ്രകടമാകുന്നത്.
11ഭൂമിയിൽനിന്നു കയറിവന്ന മറ്റൊരു മൃഗത്തെ ഞാൻ പിന്നീടു കണ്ടു. അതിനു കുഞ്ഞാടിനുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു. അത് ഉഗ്രസർപ്പത്തെപ്പോലെ സംസാരിച്ചു. 12അത് ആദ്യത്തെ മൃഗത്തിന്റെ മുമ്പിൽ അതിന്റെ എല്ലാ അധികാരവും നടത്തി; മാരകമായ മുറിവു സുഖപ്പെട്ട ആദ്യമൃഗത്തെ നമസ്കരിക്കുവാൻ ഭൂമിയെയും അതിൽ നിവസിക്കുന്നവരെയും നിർബന്ധിക്കുകയും ചെയ്തു. 13മനുഷ്യർ കാൺകെ അത് ആകാശത്തുനിന്നു ഭൂമിയിലേക്ക് അഗ്നി വർഷിക്കുന്നതുവരെയുള്ള വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നു. 14ആദ്യത്തെ മൃഗത്തിന്റെ മുമ്പിൽവച്ച് ചെയ്യുവാൻ അനുവദിച്ച അദ്ഭുതങ്ങൾ കാണിച്ച് രണ്ടാമത്തെ മൃഗം ഭൂമിയിൽ നിവസിക്കുന്ന മനുഷ്യരെ വഴിതെറ്റിക്കുകയും വാളുകൊണ്ടുള്ള വെട്ടേറ്റിട്ടും അതിനെ അതിജീവിച്ചവന്റെ വിഗ്രഹം ഉണ്ടാക്കുവാൻ ഭൂവാസികളോട് ആവശ്യപ്പെടുകയും ചെയ്തു. 15വിഗ്രഹത്തിനു ജീവശ്വാസം കൊടുക്കുവാനുള്ള കഴിവ് രണ്ടാമത്തെ മൃഗത്തിനു നല്‌കപ്പെട്ടു. അങ്ങനെ, സംസാരിക്കുവാനും അതിനെ ആരാധിക്കാത്തവരെ വധിക്കുവാനും ആ വിഗ്രഹത്തിനു സാധിച്ചു. 16ചെറിയവരെന്നോ വലിയവരെന്നോ സമ്പന്നരെന്നോ ദരിദ്രരെന്നോ സ്വതന്ത്രരെന്നോ അടിമകളെന്നോ ഉള്ള ഭേദം കൂടാതെ സകലരെയും വലംകൈയിലോ നെറ്റിയിലോ മുദ്രകുത്താൻ മൃഗം നിർബന്ധിക്കുന്നു. 17മൃഗത്തിന്റെ പേരോ, പേരിനു പകരമുള്ള സംഖ്യയോ ആയിരിക്കും മുദ്രണം ചെയ്യുന്നത്. ഈ മുദ്രകൂടാതെ വാങ്ങുകയോ വില്‌ക്കുകയോ ചെയ്യുവാൻ സാധ്യമല്ല.
18ഇവിടെയാണ് ജ്ഞാനം ആവശ്യമായിരിക്കുന്നത്. ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യയുടെ അർഥം കണ്ടുപിടിക്കട്ടെ. എന്തുകൊണ്ടെന്നാൽ ആ സംഖ്യ ഒരു മനുഷ്യന്റെ പേരിനെ കുറിക്കുന്നു. ആ സംഖ്യ അറുനൂറ്റിഅറുപത്തിയാറ്.
Currently Selected:
THUPUAN 13: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.