YouVersion Logo
Search Icon

SAM 9

9
പീഡിതന്റെ പ്രത്യാശ
ഗായകസംഘനേതാവിന്; മുത്ത്-ലാബൻ രാഗത്തിൽ, ദാവീദിന്റെ സങ്കീർത്തനം
1സർവേശ്വരനു പൂർണഹൃദയത്തോടെ ഞാൻ സ്തോത്രം അർപ്പിക്കും.
അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വർണിക്കും.
2ആനന്ദത്തോടെ ഞാൻ അവിടുത്തെ കീർത്തിക്കും.
ഉല്ലാസഗീതം പാടി ഞാൻ അത്യുന്നതനെ സ്തുതിക്കും.
3അവിടുത്തെ മുമ്പിൽനിന്ന് പലായനം ചെയ്ത എന്റെ ശത്രുക്കൾ ഇടറിവീണു നശിച്ചു.
4അവിടുന്ന് എനിക്ക് നീതി നടത്തിത്തന്നിരിക്കുന്നു.
അവിടുന്നു ന്യായാസനത്തിലിരുന്നു നീതിപൂർവം വിധിക്കുന്നു.
5അവിടുന്നു ജനതകളെ ശാസിച്ചു ദുഷ്ടരെ നശിപ്പിച്ചു.
അവരുടെ പേരുപോലും അവശേഷിച്ചില്ല.
6ശത്രുക്കൾ എന്നേക്കുമായി നശിച്ച് ഇല്ലാതായിരിക്കുന്നു.
അവരുടെ പട്ടണങ്ങളെ അവിടുന്ന് ഉന്മൂലനം ചെയ്തു.
അവയെക്കുറിച്ചുള്ള സ്മരണപോലും ഇല്ലാതായി.
7എന്നാൽ സർവേശ്വരൻ എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു.
ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
8അവിടുന്നു ലോകത്തെ നീതിയോടെ ഭരിക്കുന്നു.
ജനതകളെ ന്യായത്തോടെ വിധിക്കുന്നു.
9സർവേശ്വരൻ പീഡിതരുടെ രക്ഷാസങ്കേതം.
കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനം.
10അങ്ങയെ യഥാർഥമായി അറിയുന്നവർ,
അങ്ങയിൽ വിശ്വാസമർപ്പിക്കുന്നു.
സർവേശ്വരാ, തിരുസന്നിധിയിൽ വരുന്നവരെ അവിടുന്ന് ഉപേക്ഷിക്കുകയില്ലല്ലോ.
11സീയോനിൽ വാണരുളുന്ന സർവേശ്വരനു സ്തോത്രം പാടുവിൻ.
അവിടുത്തെ പ്രവൃത്തികൾ ജനതകളുടെ ഇടയിൽ ഘോഷിക്കുവിൻ.
12അവിടുന്നു പീഡിതരെ ഓർക്കുന്നു.
അവരുടെ നിലവിളി കേൾക്കുന്നു.
അവരുടെ രക്തം ചൊരിഞ്ഞവരെ അവിടുന്ന് ശിക്ഷിക്കും.
13സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ,
മരണത്തിൽനിന്ന് എന്നെ രക്ഷിക്കുന്ന ദൈവമേ,
ശത്രുക്കൾ നിമിത്തം ഞാൻ സഹിക്കുന്ന പീഡനം കാണണമേ.
14അങ്ങനെ ഞാൻ സീയോൻ നഗരവാതില്‌ക്കൽ നിന്നുകൊണ്ട്,
അവിടുത്തേക്കു സ്തോത്രം അർപ്പിക്കും.
അവിടുന്ന് എന്നെ വിമോചിപ്പിച്ചതോർത്തു ഞാൻ സന്തോഷിക്കും.
15അന്യജനതകൾ സ്വയം കുഴിച്ച കുഴിയിൽ വീണു
അവർ ഒരുക്കിയ കെണിയിൽ അവരുടെ കാലുകൾ കുടുങ്ങി.
16സർവേശ്വരൻ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു.
അവിടുന്ന് വിധി നടപ്പിലാക്കിയിരിക്കുന്നു.
ദുഷ്കർമികൾ സ്വന്തം പ്രവൃത്തികളിൽ തന്നെ കുടുങ്ങിയിരിക്കുന്നു.
17ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാർ മൃത്യുഗർത്തത്തിൽ പതിക്കും.
18ദൈവം ദരിദ്രരെ ഒരിക്കലും വിസ്മരിക്കുകയില്ല.
എളിയവരുടെ പ്രത്യാശ ഒരിക്കലും വിഫലമാവുകയില്ല.
19പരമനാഥാ, എഴുന്നേല്‌ക്കണമേ!
മനുഷ്യർ അങ്ങയെ ധിക്കരിക്കാൻ ഇടയാകരുതേ,
ജനതകൾ അവിടുത്തെ മുമ്പിൽ വിധിക്കപ്പെടട്ടെ.
20സർവേശ്വരാ, അവരെ സംഭീതരാക്കണമേ,
തങ്ങൾ വെറും മർത്യർ മാത്രമെന്ന് അവർ അറിയട്ടെ.

Currently Selected:

SAM 9: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in