SAM 104
104
സ്രഷ്ടാവിനെ പ്രകീർത്തിക്കുന്നു
1എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക.
എന്റെ ദൈവമായ സർവേശ്വരാ, അങ്ങ് എത്ര വലിയവൻ!
തേജസ്സും മഹത്ത്വവും അങ്ങു ധരിച്ചിരിക്കുന്നു.
2വസ്ത്രമെന്നപോലെ അങ്ങ് പ്രകാശം അണിഞ്ഞിരിക്കുന്നു,
കൂടാരമെന്നപോലെ ആകാശത്തെ നിവർത്തിയിരിക്കുന്നു.
3അങ്ങയുടെ മന്ദിരത്തിന്റെ തുലാങ്ങൾ #104:3 ആകാശമണ്ഡലത്തിനു മുകളിലുള്ള വെള്ളത്തെയാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ഉൽപ. 1:6,7വെള്ളത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
മേഘങ്ങളാണ് അവിടുത്തെ രഥം.
കാറ്റിന്റെ ചിറകുകളിൽ അവിടുന്നു സഞ്ചരിക്കുന്നു.
4അങ്ങു കാറ്റുകളെ ദൂതന്മാരും മിന്നൽപ്പിണരുകളെ സേവകരുമാക്കി.
5ഭൂമിയെ ഇളക്കം തട്ടാത്തവിധം അതിന്റെ അസ്തിവാരത്തിൽ, അവിടുന്ന് ഉറപ്പിച്ചിരിക്കുന്നു.
6ആഴി ഭൂമിയെ വസ്ത്രം എന്നപോലെ ആവരണം ചെയ്തിരുന്നു.
വെള്ളം പർവതങ്ങളെ മൂടിയിരുന്നു.
7അങ്ങ് ശാസിച്ചപ്പോൾ വെള്ളം ഓടിയകന്നു.
അങ്ങയുടെ കല്പനയുടെ ഇടിമുഴക്കത്താൽ, അവ പലായനം ചെയ്തു.
8മലകളിലൂടെയും താഴ്‌വരകളിലൂടെയും അവ ഒഴുകി.
അങ്ങു നിശ്ചയിച്ച സ്ഥലത്തേക്ക് അവ പിന്മാറി.
9വെള്ളം വീണ്ടും ഭൂമിയെ മൂടാതിരിക്കാൻ,
അങ്ങ് അതിന് അലംഘനീയമായ അതിരിട്ടു.
10അങ്ങു നീർച്ചാലുകളെ താഴ്‌വരകളിലേക്ക് ഒഴുക്കുന്നു,
അവ മലകൾക്കിടയിലൂടെ ഒഴുകുന്നു.
11കാട്ടുമൃഗങ്ങളെല്ലാം അവയിൽനിന്നു കുടിക്കുന്നു.
കാട്ടുകഴുതകളും ദാഹം ശമിപ്പിക്കുന്നു.
12അവയുടെ തീരങ്ങളിലുള്ള വൃക്ഷങ്ങളിൽ പക്ഷികൾ പാർക്കുന്നു.
മരച്ചില്ലകൾക്കിടയിലിരുന്നു അവ പാടുന്നു.
13അവിടുന്നു തന്റെ അത്യുന്നതമായ വാസസ്ഥലത്തുനിന്നു മഴ പെയ്യിച്ചു
മലകളെ നനയ്‍ക്കുന്നു.
അവിടുത്തെ പ്രവൃത്തികളുടെ ഫലമായി ഭൂമി തൃപ്തിയടയുന്നു.
14അവിടുന്നു കന്നുകാലികൾക്കു പുല്ലും,
മനുഷ്യന് ആഹാരത്തിനുവേണ്ടി,
വിവിധ സസ്യങ്ങളും മുളപ്പിക്കുന്നു.
15മനുഷ്യന്റെ സന്തോഷത്തിനു വീഞ്ഞും മുഖം മിനുക്കാൻ എണ്ണയും
കരുത്തേകാൻ ഭക്ഷണവും അവിടുന്നു നല്‌കുന്നു.
16താൻ നട്ടുവളർത്തുന്ന ലെബാനോനിലെ,
ദേവദാരുക്കൾക്ക് അവിടുന്ന് സമൃദ്ധമായ മഴ കൊടുക്കുന്നു.
17അവയിൽ പക്ഷികൾ കൂടു കെട്ടുന്നു,
കൊക്കുകൾ അവയിൽ ചേക്കേറുന്നു.
18ഉയർന്ന മലകൾ കാട്ടാടുകളുടെ സങ്കേതം,
പാറകളുടെ വിള്ളലുകൾ കുഴിമുയലുകളുടെ പാർപ്പിടം.
19ഋതുക്കൾ നിർണയിക്കാൻ അവിടുന്നു ചന്ദ്രനെ സൃഷ്‍ടിച്ചു.
സൂര്യന് അസ്തമയസമയം അറിയാം.
20അങ്ങു ഇരുട്ടു വരുത്തുന്നു; അപ്പോൾ രാത്രിയുണ്ടാകുന്നു,
രാത്രിയാകുമ്പോൾ വന്യമൃഗങ്ങൾ പുറത്തിറങ്ങുന്നു.
21സിംഹക്കുട്ടികൾ ഇരയ്‍ക്കുവേണ്ടി അലറുന്നു,
അവ ദൈവത്തോട് ആഹാരം ചോദിക്കുന്നു.
22സൂര്യനുദിക്കുമ്പോൾ അവ മടങ്ങിപ്പോയി മടയിൽ പതുങ്ങുന്നു.
23അപ്പോൾ മനുഷ്യൻ വേലയ്‍ക്കു പുറപ്പെടുന്നു.
അന്തിയാവോളം അവൻ അധ്വാനിക്കുന്നു.
24സർവേശ്വരാ, അങ്ങയുടെ സൃഷ്‍ടികൾ എത്ര വൈവിധ്യമാർന്നത്!
എത്ര ബുദ്ധിപൂർവമാണ് അങ്ങ് അവയെ സൃഷ്‍ടിച്ചത്.
ഭൂമി അവിടുത്തെ സൃഷ്‍ടികളാൽ നിറഞ്ഞിരിക്കുന്നു.
25അതാ വിശാലമായ മഹാസമുദ്രം!
ചെറുതും വലുതുമായ അസംഖ്യം ജീവികൾ അതിൽ ചരിക്കുന്നു.
26അതിൽ കപ്പലുകൾ ഓടുന്നു;
അവിടുന്നു സൃഷ്‍ടിച്ച ലിവ്യാഥാൻ അതിൽ വിഹരിക്കുന്നു.
27യഥാസമയം ആഹാരത്തിനുവേണ്ടി അവ അങ്ങയെ നോക്കുന്നു.
28അങ്ങു നല്‌കുന്ന ആഹാരം അവ ഭക്ഷിക്കുന്നു,
തൃക്കൈ തുറക്കുമ്പോൾ വിശിഷ്ട വിഭവങ്ങളാൽ അവയ്‍ക്കു തൃപ്തിവരുന്നു.
29അങ്ങ് ആഹാരം നല്‌കാതെ മുഖം തിരിക്കുമ്പോൾ, അവ പരിഭ്രമിക്കുന്നു.
അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ മണ്ണിലേക്കു തിരികെ ചേരുന്നു.
30അങ്ങ് ജീവശ്വാസം നല്‌കുമ്പോൾ, അവ സൃഷ്‍ടിക്കപ്പെടുന്നു.
അങ്ങു ഭൂമിയിലുള്ള സർവവും നവീകരിക്കുന്നു.
31സർവേശ്വരന്റെ മഹത്ത്വം എന്നേക്കും നിലനില്‌ക്കട്ടെ.
അവിടുത്തെ സൃഷ്‍ടികളിൽ അവിടുന്ന് ആനന്ദിക്കട്ടെ.
32അവിടുന്നു ഭൂമിയെ നോക്കുമ്പോൾ അതു പ്രകമ്പനം കൊള്ളുന്നു.
അവിടുന്നു പർവതങ്ങളെ സ്പർശിക്കുമ്പോൾ അവ പുകയുന്നു.
33എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സർവേശ്വരനെ പ്രകീർത്തിക്കും.
എന്റെ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ദൈവത്തെ പാടിപ്പുകഴ്ത്തും;
34എന്റെ ധ്യാനം അവിടുത്തേക്കു പ്രസാദകരമായിരിക്കട്ടെ;
ഞാൻ സർവേശ്വരനിൽ ആനന്ദം കൊള്ളുന്നു.
35അധർമികൾ ഭൂമിയിൽനിന്നു നിർമ്മാർജനം ചെയ്യപ്പെടട്ടെ.
ദുഷ്ടന്മാർ ഇല്ലാതാകട്ടെ.
എന്റെ ആത്മാവേ, സർവേശ്വരനെ വാഴ്ത്തുക;
സർവേശ്വരനെ സ്തുതിക്കുവിൻ.
Currently Selected:
SAM 104: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.