THUFINGTE 23
23
1ഭരണാധിപനോടുകൂടെ ഭക്ഷണത്തിനിരിക്കുമ്പോൾ
നിന്റെ മുമ്പിൽ ഇരിക്കുന്നത് എന്തെന്നു ശ്രദ്ധിക്കണം.
2ഭോജനപ്രിയനെങ്കിൽ നിയന്ത്രണം പാലിക്കുക,
3അവന്റെ സ്വാദിഷ്ട വിഭവങ്ങൾ നീ മോഹിക്കരുത്.
അതു നിന്നെ വഞ്ചിക്കാൻ അവൻ ഉപയോഗിക്കുന്നതായിരിക്കുമല്ലോ.
4ധനം നേടുവാൻ കഠിനപ്രയത്നം അരുത്,
അതിൽനിന്ന് ഒഴിഞ്ഞു നില്ക്കാൻ വിവേകം കാട്ടുക.
5ധനത്തിന്മേൽ ദൃഷ്ടി പതിക്കുമ്പോഴേക്ക് അത് അപ്രത്യക്ഷമാകും.
കഴുകനെപ്പോലെ ചിറകുവച്ച് അത് ഉയരത്തിലേക്കു പറന്നുപോകും.
6ലുബ്ധന്റെ അപ്പം ഭക്ഷിക്കരുത്.
അവന്റെ വിശിഷ്ടഭോജ്യം മോഹിക്കയുമരുത്.
7കാരണം, അയാൾ ഉള്ളിൽ കണക്കു കൂട്ടിക്കൊണ്ടിരിക്കും;
തിന്നാനും കുടിക്കാനും അവൻ പറയുമെങ്കിലും
അവനിൽ ആത്മാർഥത കാണുകയില്ല.
8നീ ഭക്ഷിച്ചത് നീ ഛർദിക്കും,
നിന്റെ ഹൃദ്യമായ വാക്കുകൾ നിഷ്ഫലമായിത്തീരും.
9ഭോഷനോടു സാരമുള്ള വാക്കുകൾ നീ സംസാരിക്കരുത്;
നിന്റെ വാക്കുകളിലെ ജ്ഞാനത്തെ അവൻ നിന്ദിക്കുമല്ലോ.
10പണ്ടേയുള്ള അതിരു നീ നീക്കരുത്;
അനാഥരുടെ ഭൂമി കൈയേറരുത്,
11അവരുടെ വീണ്ടെടുപ്പുകാരൻ കരുത്തനാണ്;
നിനക്കെതിരെ അവിടുന്ന് അവർക്കുവേണ്ടി വാദിക്കും.
12നിന്റെ ഹൃദയം പ്രബോധനത്തിനും
നിന്റെ ചെവി വിജ്ഞാനവചസ്സുകൾക്കും സമർപ്പിക്കുക.
13ബാലനെ ശിക്ഷിക്കാൻ മടിക്കരുത്;
വടികൊണ്ട് അടിച്ചാൽ അവൻ മരിച്ചു പോകയില്ല.
14അങ്ങനെ ചെയ്താൽ നീ അവനെ പാതാളത്തിൽനിന്നു രക്ഷിക്കുകയാണു ചെയ്യുന്നത്.
15മകനേ, നീ ജ്ഞാനിയായിത്തീർന്നാൽ എന്റെ ഹൃദയം സന്തോഷിക്കും.
16നീ സത്യം സംസാരിക്കുമ്പോൾ എന്റെ ഉള്ളം ആനന്ദിക്കും.
17നിനക്കു പാപികളോട് അസൂയ തോന്നരുത്.
നീ എപ്പോഴും ദൈവഭക്തിയുള്ളവൻ ആയിരിക്കുക.
18അങ്ങനെയെങ്കിൽ നിനക്കു ശോഭനമായ ഭാവിയുണ്ട്;
നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയില്ല.
19മകനേ, എന്റെ വാക്കുകൾ ശ്രദ്ധിച്ച് ജ്ഞാനിയായിത്തീരുക,
മനസ്സിനെ നേർവഴിയെ നയിക്കുക.
20നീ മദ്യപിക്കുന്നവരുടെയും മാംസഭോജനപ്രിയരുടെയും ഇടയിൽ കഴിയരുത്.
21മദ്യപനും ഭോജനപ്രിയനും ദരിദ്രനായിത്തീരും;
അലസത മനുഷ്യനെ കീറത്തുണി ധരിപ്പിക്കും.
22നിന്റെ പിതാവിന്റെ വാക്കു കേൾക്കുക;
വൃദ്ധയായ മാതാവിനെ നിന്ദിക്കരുത്.
23എന്തു വിലകൊടുത്തും സത്യം നേടുക;
ജ്ഞാനവും പ്രബോധനവും വിവേകവും ആർജിക്കുക.
24നീതിമാന്റെ പിതാവ് അത്യധികം ആനന്ദിക്കും;
ജ്ഞാനിയായ പുത്രനുള്ളവൻ അവൻമൂലം സന്തോഷിക്കും.
25നിന്റെ മാതാപിതാക്കൾ സന്തോഷിക്കട്ടെ;
നിന്നെ പ്രസവിച്ചവൾ ആനന്ദിക്കട്ടെ.
26മകനേ, ഞാൻ പറയുന്നതു സശ്രദ്ധം ശ്രവിക്കുക,
എന്റെ വഴികൾ നീ അനുവർത്തിക്കുക.
27അഭിസാരിക ആഴമേറിയ ഗർത്തമാണ്;
പരസ്ത്രീ ഇടുങ്ങിയ കിണറും.
28കൊള്ളക്കാരനെപ്പോലെ അവൾ പതിയിരിക്കുന്നു;
അവിശ്വസ്തരുടെ സംഖ്യ അവൾ വർധിപ്പിക്കുന്നു.
29ആർക്കാണു ദുരിതവും സങ്കടവും കലഹവും ആവലാതിയും?
അകാരണമായ മുറിവുകൾ ആർക്കാണ്?
ആരുടെ കണ്ണുകളാണു ചുവന്നിരിക്കുക?
30വീര്യമുള്ള വീഞ്ഞു കുടിക്കുന്നവർക്കും
ദീർഘനേരം മദ്യപിച്ചു കഴിയുന്നവർക്കും തന്നെ.
31ചുവന്ന വീഞ്ഞ് പാനപാത്രത്തിലിരുന്നു നുരഞ്ഞുപൊങ്ങുന്നതും തിളങ്ങുന്നതും രുചിയോടെ അത് അകത്താക്കുന്നതും
നീ നോക്കി നില്ക്കരുത്.
32അവസാനം അതു സർപ്പത്തെപ്പോലെ കടിക്കും;
അണലിയെപ്പോലെ കൊത്തും.
33അപ്പോൾ നീ അസാധാരണ കാഴ്ചകൾ കാണും;
നീ വേണ്ടാത്ത കാര്യങ്ങൾ പറയും.
34നീ നടുക്കടലിൽ അകപ്പെട്ടവനെപ്പോലെയും പാമരത്തിന്റെ മുകളിൽ
തൂങ്ങിക്കിടക്കുന്നവനെപ്പോലെയും ആകും.
35“അവർ എന്നെ അടിച്ചു; എന്നാൽ എനിക്കു വേദനിച്ചില്ല;
അവർ എന്നെ പ്രഹരിച്ചു; എനിക്ക് ഒന്നും പറ്റിയില്ല;
എപ്പോൾ ഞാൻ ഉണരും?
ഞാൻ ഇനിയും കുടിക്കും” എന്നു നീ പറയും.
Currently Selected:
THUFINGTE 23: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.