YouVersion Logo
Search Icon

NUMBERS 8

8
വിളക്കുകൾ
1സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 2“വിളക്കു കൊളുത്തുമ്പോൾ അതിലെ ഏഴു തിരികളും വിളക്കുതണ്ടിനു മുമ്പിൽ പ്രകാശം ലഭിക്കത്തക്കവിധം തെളിക്കണമെന്ന് അഹരോനോടു പറയുക.” 3സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ അഹരോൻ വിളക്കിലെ ഏഴു തിരികളും കൊളുത്തി. 4സർവേശ്വരൻ കാണിച്ചുകൊടുത്ത മാതൃകയിൽ വിളക്കുകാൽ നിർമ്മിച്ചു. ചുവടുമുതൽ മുകളിലത്തെ പുഷ്പാകൃതിയിലുള്ള അഗ്രങ്ങൾവരെ അടിച്ചുപരത്തിയ സ്വർണംകൊണ്ടാണു വിളക്കുകാൽ നിർമ്മിച്ചത്.
ലേവ്യരെ പ്രതിഷ്ഠിക്കുന്നു
5സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 6“ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്നു ലേവ്യരെ വേർതിരിച്ചു ശുദ്ധീകരിക്കുക. 7അവരെ ശുദ്ധീകരിക്കേണ്ടത് ഇപ്രകാരമാണ്. പാപപരിഹാരജലം അവരുടെമേൽ തളിക്കുക. പിന്നീടു ശരീരമാസകലം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി അവർ സ്വയം ശുദ്ധരാകണം. 8അവർ ഒരു കാളക്കിടാവിനെയും, ധാന്യവഴിപാടായി അർപ്പിക്കേണ്ട എണ്ണ ചേർത്ത മാവും പാപപരിഹാരയാഗത്തിനായി മറ്റൊരു കാളക്കുട്ടിയെയും എടുക്കണം. 9ലേവ്യരെ തിരുസാന്നിധ്യകൂടാരത്തിന്റെ മുമ്പിൽ വിളിച്ചുനിർത്തണം; സമസ്ത ഇസ്രായേൽജനത്തെയും അവിടെ വിളിച്ചുകൂട്ടണം.
10ലേവ്യരെ സർവേശ്വരസന്നിധിയിൽ നിർത്തുമ്പോൾ ജനമെല്ലാം അവരുടെ തലയിൽ കൈ വയ്‍ക്കേണ്ടതാണ്. 11സർവേശ്വരസന്നിധിയിൽ ശുശ്രൂഷ ചെയ്യുന്നതിന് ഇസ്രായേൽജനത്തിന്റെ നീരാജനയാഗമായി ലേവ്യരെ അഹരോൻ സർവേശ്വരസന്നിധിയിൽ സമർപ്പിക്കണം. 12പിന്നീടു ലേവ്യർ കാളകളുടെ തലയിൽ കൈകൾ വയ്‍ക്കുകയും തങ്ങളുടെ പാപപരിഹാരത്തിനായി ഒന്നിനെ പാപപരിഹാരയാഗമായും മറ്റേതിനെ ഹോമയാഗമായും അർപ്പിക്കേണ്ടതുമാണ്. 13അഹരോന്റെയും പുത്രന്മാരുടെയും ശുശ്രൂഷയിൽ അവരെ സഹായിക്കാൻ ലേവ്യരെ നിയമിക്കുകയും അവരെ നീരാജനമായി സർവേശ്വരനു സമർപ്പിക്കുകയും വേണം. 14ഇങ്ങനെ ലേവ്യരെ ഇസ്രായേൽജനത്തിൽനിന്നു വേർതിരിക്കണം. അവർ എനിക്കുള്ളവരായിരിക്കും. 15നീ അവരെ ശുദ്ധീകരിക്കുകയും നീരാജനമായി സർവേശ്വരനു സമർപ്പിക്കുകയും ചെയ്തശേഷം അവർക്ക് തിരുസാന്നിധ്യകൂടാരത്തിൽ പോയി ശുശ്രൂഷകൾ ചെയ്യാം. 16ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്ന് അവർ തങ്ങളെത്തന്നെ സമ്പൂർണമായി എനിക്കു സമർപ്പിച്ചിരിക്കുകയാണല്ലോ. 17ഇസ്രായേലിലെ ആദ്യജാതന്മാർക്കു പകരമായി ഞാൻ അവരെ എനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു. ഇസ്രായേലിലെ ആദ്യജാതന്മാരായ എല്ലാ മനുഷ്യരും എല്ലാ മൃഗങ്ങളും എനിക്കുള്ളതാണ്; ഈജിപ്തിലെ ആദ്യജാതന്മാരെ സംഹരിച്ച ദിവസംമുതൽ ഞാൻ അവരെയെല്ലാം എനിക്കായി വേർതിരിച്ചിരിക്കുകയാണല്ലോ. 18എന്നാൽ ഇസ്രായേലിലെ ആദ്യജാതന്മാർക്കു പകരമായി ലേവ്യരെ ഞാൻ സ്വീകരിച്ചിരിക്കുന്നു. 19ഇസ്രായേൽജനം തിരുസാന്നിധ്യകൂടാരത്തിന്റെ അടുത്തു വന്നാൽ അവർക്ക് അത്യാഹിതമുണ്ടാകും. അങ്ങനെ സംഭവിക്കാതിരിക്കാനും ഇസ്രായേൽജനത്തിനുവേണ്ടി തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യാനും പ്രായശ്ചിത്തം കഴിക്കാനുമായി അവരുടെ ഇടയിൽനിന്നു ലേവ്യരെ വേർതിരിച്ച് അഹരോനും പുത്രന്മാർക്കും ഞാൻ ദാനം ചെയ്തിരിക്കുന്നു.” 20സർവേശ്വരൻ മോശയോടു കല്പിച്ചതുപോലെ മോശയും അഹരോനും ഇസ്രായേൽജനവും ലേവ്യരെ സർവേശ്വരനുവേണ്ടി വേർതിരിച്ചു. 21ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കി; അഹരോൻ അവരെ ദൈവത്തിനു നീരാജനമായി സമർപ്പിച്ചു. അവരെ ശുദ്ധീകരിക്കാൻ വേണ്ട അനുഷ്ഠാനമുറകൾ അഹരോൻ നിർവഹിക്കുകയും ചെയ്തു. 22അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനു തിരുസാന്നിധ്യകൂടാരത്തിൽ അവർ പ്രവേശിച്ചു. അങ്ങനെ ലേവ്യരെക്കുറിച്ചു സർവേശ്വരൻ മോശയോടു കല്പിച്ചിരുന്നതുപോലെ അവർ ചെയ്തു.
23സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 24“ഇരുപത്തിയഞ്ചു വയസ്സു മുതൽ എല്ലാ ലേവ്യരും തിരുസാന്നിധ്യകൂടാരത്തിലെ ശുശ്രൂഷകളിൽ ഏർപ്പെടേണ്ടതാണ്. 25അമ്പതാമത്തെ വയസ്സിൽ അവർ ശുശ്രൂഷയിൽനിന്നു വിരമിക്കണം. അതിനുശേഷം അവർ ശുശ്രൂഷ ചെയ്യേണ്ടതില്ല; 26എന്നാൽ തിരുസാന്നിധ്യകൂടാരത്തിൽ ശുശ്രൂഷ ചെയ്യുന്ന ലേവ്യരെ അവർക്കു തുടർന്നു സഹായിക്കാം; എന്നാൽ അവർ നേരിട്ടു ശുശ്രൂഷകൾ ചെയ്യരുത്. ഇപ്രകാരമാണു ലേവ്യരുടെ ചുമതലകൾ അവരെ ഏല്പിക്കേണ്ടത്.”

Currently Selected:

NUMBERS 8: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for NUMBERS 8