YouVersion Logo
Search Icon

NUMBERS 7

7
നേതാക്കന്മാരുടെ വഴിപാടുകൾ
1മോശ കൂടാരം സ്ഥാപിച്ചശേഷം, അതും അതിന്റെ ഉപകരണങ്ങളും, യാഗപീഠവും അതിന്റെ ഉപകരണങ്ങളും അഭിഷേകം ചെയ്തു ശുദ്ധീകരിച്ചു. 2ഇസ്രായേലിലെ നേതാക്കളും, പിതൃഭവനത്തലവന്മാരും ജനസംഖ്യ എടുക്കുന്നതിൽ മേൽനോട്ടം വഹിച്ചവരുമായ ഗോത്രനേതാക്കൾ കാഴ്ചകൾ കൊണ്ടുവന്നു സർവേശ്വരസന്നിധിയിൽ അർപ്പിച്ചു. 3രണ്ടു നേതാക്കൾക്ക് ഒരു മൂടിയുള്ള വണ്ടിയും ഒരാൾക്ക് ഒരു കാളയും വീതം ആറു മൂടിയുള്ള വണ്ടികളും പന്ത്രണ്ടു കാളകളുമാണ് അവർ വിശുദ്ധകൂടാരത്തിനു മുമ്പിൽ സമർപ്പിച്ചത്. 4അപ്പോൾ സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 5“തിരുസാന്നിധ്യകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി അവ അവരിൽനിന്നു സ്വീകരിച്ചു ചുമതലപ്പെട്ട ലേവ്യരെ ഏല്പിക്കുക.” 6അങ്ങനെ മോശ കാളകളും വണ്ടികളും സ്വീകരിച്ചു ലേവ്യർക്കു നല്‌കി. 7രണ്ടു വണ്ടികളും നാലു കാളകളും ഗേർശോന്യരുടെ ജോലി അനുസരിച്ച് അവർക്കു കൊടുത്തു. 8പുരോഹിതനായ അഹരോന്റെ പുത്രൻ ഈഥാമാരിന്റെ നേതൃത്വത്തിലുള്ള മെരാര്യർക്ക് അവരുടെ ജോലി അനുസരിച്ചു നാലു വണ്ടികളും എട്ടു കാളകളും കൊടുത്തു. 9വിശുദ്ധവസ്തുക്കൾ സൂക്ഷിക്കുകയും അവ ചുമലിൽ ചുമക്കുകയും ചെയ്യേണ്ടിയിരുന്നതുകൊണ്ടു കെഹാത്യർക്കു മോശ ഒന്നും നല്‌കിയില്ല. 10യാഗപീഠത്തിന്റെ അഭിഷേകദിവസം പ്രതിഷ്ഠയ്‍ക്കുള്ള തങ്ങളുടെ വഴിപാടുകൾ നേതാക്കന്മാർ കൊണ്ടുവന്നു യാഗപീഠത്തിന്റെ മുമ്പിൽ അർപ്പിച്ചു. 11അപ്പോൾ സർവേശ്വരൻ മോശയോടു കല്പിച്ചു: “യാഗപീഠത്തിന്റെ പ്രതിഷ്ഠയ്‍ക്കു വേണ്ടിയുള്ള വഴിപാടുകൾ അവർ ഓരോരുത്തരായി ഓരോ ദിവസം അർപ്പിക്കണം. 12-17#7:12-17 വരെയുള്ള വാക്യങ്ങൾ, 83 വരെയുള്ള വാക്യങ്ങളിൽ ആവർത്തിച്ചിട്ടുള്ളതിനാൽ വീണ്ടും ചേർത്തിട്ടില്ല. (വഴിപാടുകൾ) വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു നൂറ്റിമുപ്പതു ശേക്കെലുള്ള വെള്ളിത്തളിക, എഴുപതു ശേക്കെലുള്ള വെള്ളിക്കിണ്ണം, അവ നിറയെ ധാന്യയാഗത്തിനുവേണ്ടി എണ്ണ ചേർത്ത നേരിയ മാവ്, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണക്കലശം, അതു നിറയെ സുഗന്ധവസ്തു, ഹോമയാഗത്തിനായി ഒരു കാളക്കിടാവ്, ഒരു ആണാട്, ഒരു വയസ്സു പ്രായമുള്ള ഒരു ആൺചെമ്മരിയാട്, പാപപരിഹാരയാഗത്തിനായി ഒരു ആൺകോലാട്, സമാധാനയാഗത്തിനായി രണ്ടു കാളകൾ, അഞ്ച് ആണാടുകൾ, അഞ്ച് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ അഞ്ച് ആൺചെമ്മരിയാടുകൾ ഇവയായിരുന്നു ഓരോ ഗോത്രനേതാവും അർപ്പിച്ച വഴിപാടിലുണ്ടായിരുന്നത്. ആദ്യദിവസം യെഹൂദാഗോത്രത്തിലെ അമ്മീനാദാബിന്റെ പുത്രനായ നഹശോൻ ഈ വഴിപാട് അർപ്പിച്ചു.
18-23രണ്ടാം ദിവസം ഇസ്സാഖാർഗോത്രത്തിന്റെ നേതാവും സൂവാരിന്റെ പുത്രനുമായ നെഥനയേൽ ഇതേ വഴിപാട് അർപ്പിച്ചു.
24-29മൂന്നാം ദിവസം സെബൂലൂൻഗോത്രത്തിന്റെ നേതാവും ഹേലോന്റെ മകനുമായ എലീയാബാണ് വഴിപാടു സമർപ്പിച്ചത്.
30-35നാലാം ദിവസം രൂബേൻഗോത്രത്തിന്റെ നേതാവും ശെദേയൂരിന്റെ പുത്രനുമായ എലീസൂർ ഇതേ വഴിപാട് അർപ്പിച്ചു.
36-41അഞ്ചാം ദിവസം ശിമെയോൻഗോത്രത്തിന്റെ നേതാവും സൂരിശദ്ദായിയുടെ പുത്രനുമായ ശെലൂമീയേൽ വഴിപാട് അർപ്പിച്ചു.
42-47ആറാം ദിവസം ഗാദ്ഗോത്രത്തിന്റെ നേതാവ്, ദെയൂവേലിന്റെ പുത്രനായ എലീയാസാഫ് ഇതേ വഴിപാട് അർപ്പിച്ചു.
48-53ഏഴാം ദിവസം എഫ്രയീംഗോത്രത്തിന്റെ നായകനായ അമ്മീഹൂദിന്റെ പുത്രനായ എലീശാമാ വഴിപാട് അർപ്പിച്ചു.
54-59എട്ടാം ദിവസം മനശ്ശെഗോത്രത്തിന്റെ നായകനും പെദാസൂരിന്റെ പുത്രനുമായ ഗമലീയേൽ ഇതേ വഴിപാട് അർപ്പിച്ചു.
60-65ഒമ്പതാം ദിവസം ബെന്യാമീൻഗോത്രത്തിന്റെ നേതാവും ഗിദെയോനിയുടെ പുത്രനുമായ അബീദാൻ വഴിപാട് അർപ്പിച്ചു.
66-71പത്താംദിവസം ദാൻഗോത്രത്തിന്റെ തലവനും അമ്മീശദ്ദായിയുടെ; പുത്രനുമായ അഹീയേസെർ ഇതേ വഴിപാട് അർപ്പിച്ചു.
72-77പതിനൊന്നാം ദിവസം ആശേർഗോത്രത്തിന്റെ നായകൻ ഒക്രാന്റെ പുത്രനായ പഗീയേൽ വഴിപാട് അർപ്പിച്ചു.
78-83പന്ത്രണ്ടാം ദിവസം നഫ്താലിഗോത്രത്തിന്റെ നായകനും ഏനാന്റെ മകനുമായ അഹീര വഴിപാടർപ്പിച്ചു.
84യാഗപീഠം അഭിഷേകം ചെയ്ത് പ്രതിഷ്ഠിച്ച ദിവസം, ഇസ്രായേൽജനനേതാക്കന്മാർ അർപ്പിച്ച വഴിപാട് പന്ത്രണ്ടു വെള്ളിത്തളികകളും, പന്ത്രണ്ടു വെള്ളിക്കിണ്ണങ്ങളും, പന്ത്രണ്ടു സ്വർണക്കലശങ്ങളുമായിരുന്നു. 85ഒരു തളികയ്‍ക്ക് നൂറ്റിമുപ്പതു ശേക്കെലും, ഒരു കിണ്ണത്തിന് എഴുപതു ശേക്കെലും തൂക്കം. ആകെ സമർപ്പിച്ച വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കമനുസരിച്ചു രണ്ടായിരത്തിനാനൂറു ശേക്കെലായിരുന്നു. 86നിറയെ സുഗന്ധദ്രവ്യത്തോടുകൂടി സമർപ്പിച്ച പന്ത്രണ്ടു സ്വർണക്കലശങ്ങൾക്ക് ഒരു കലശത്തിനു പത്തു ശേക്കെൽ വീതം പന്ത്രണ്ടു കലശത്തിനു നൂറ്റിഇരുപതു ശേക്കെൽ സ്വർണമുണ്ടായിരുന്നു. 87ഇവയ്‍ക്കു പുറമേ ഹോമയാഗത്തിനായി പന്ത്രണ്ടു കാളകൾ, പന്ത്രണ്ട് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ പന്ത്രണ്ട് ആൺചെമ്മരിയാടുകൾ, അവയോടൊപ്പം ധാന്യയാഗത്തിനായി ധാന്യങ്ങൾ, പാപപരിഹാരയാഗത്തിനായി പന്ത്രണ്ട് ആൺകോലാടുകൾ; 88സമാധാനയാഗത്തിനായി ഇരുപത്തിനാലു കാളകൾ, അറുപത് ആണാടുകൾ, അറുപത് ആൺകോലാടുകൾ, ഒരു വയസ്സു പ്രായമായ അറുപത് ആൺചെമ്മരിയാടുകൾ എന്നിവയെയും അവർ സമർപ്പിച്ചു. യാഗപീഠത്തിന്റെ അഭിഷേകത്തിനുശേഷം അതിന്റെ പ്രതിഷ്ഠയ്‍ക്കുവേണ്ടി അവർ സമർപ്പിച്ച വഴിപാട് ഇവയായിരുന്നു. 89സർവേശ്വരനുമായി സംസാരിക്കുന്നതിനു തിരുസാന്നിധ്യകൂടാരത്തിൽ പ്രവേശിച്ചപ്പോൾ, ഉടമ്പടിപ്പെട്ടകത്തിന്റെ മുകളിലുള്ള മൂടിയിലെ രണ്ടു കെരൂബുകളുടെ നടുവിൽനിന്ന് സർവേശ്വരൻ തന്നോടു സംസാരിക്കുന്നതു മോശ കേട്ടു.

Currently Selected:

NUMBERS 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy