NUMBERS 19
19
ശുദ്ധീകരണ ഭസ്മം
1സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 2“ഞാൻ കല്പിക്കുന്ന നിയമത്തിലെ വ്യവസ്ഥ ഇതാകുന്നു. കുറ്റമറ്റതും നുകം വയ്‍ക്കാത്തതുമായ ഒരു ചുവന്ന പശുക്കിടാവിനെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാൻ ഇസ്രായേൽജനത്തോടു പറയുക. 3നിങ്ങൾ അതിനെ പുരോഹിതനായ എലെയാസാറിനെ ഏല്പിക്കണം. അവൻ അതിനെ പാളയത്തിനു പുറത്തു കൊണ്ടുവന്ന് അവന്റെ മുമ്പിൽവച്ച് അതിനെ കൊല്ലണം. 4പുരോഹിതനായ എലെയാസാർ അതിന്റെ രക്തത്തിൽ വിരൽ മുക്കി തിരുസാന്നിധ്യകൂടാരത്തിന്റെ മുൻഭാഗത്ത് ഏഴു തവണ തളിക്കണം. 5പിന്നീടു പുരോഹിതന്റെ മുമ്പിൽവച്ച് ആ പശുക്കുട്ടിയെ അതിന്റെ തോലും മാംസവും രക്തവും ചാണകവും ഉൾപ്പെടെ ദഹിപ്പിക്കണം. 6ദേവദാരുമരത്തിന്റെ ഒരു കഷണവും ഈസോപ്പുകമ്പും, ചുവന്ന നൂലും പശുക്കിടാവു ദഹിച്ചുകൊണ്ടിരിക്കുന്ന അഗ്നിയിൽ പുരോഹിതൻ ഇടേണ്ടതാണ്. 7പിന്നീടു പുരോഹിതൻ വസ്ത്രം അലക്കി കുളിച്ചു പാളയത്തിൽ വരണം. സന്ധ്യവരെ അയാൾ അശുദ്ധനായിരിക്കണം. 8അതിനെ ദഹിപ്പിച്ചവനും അടിച്ചു നനച്ചു കുളിക്കണം. സന്ധ്യവരെ അയാളും അശുദ്ധനായിരിക്കും. 9പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരാൾ അതിന്റെ ചാരം ശേഖരിച്ചു പാളയത്തിനു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വയ്‍ക്കണം. ഇസ്രായേൽജനത്തിന്റെ പാപപരിഹാരാർഥം ശുദ്ധീകരണജലം തയ്യാറാക്കാൻ അതു സൂക്ഷിച്ചു വയ്‍ക്കുക. 10പശുക്കിടാവിന്റെ ചാരം ശേഖരിക്കുന്നവനും വസ്ത്രം അലക്കണം. അയാളും സന്ധ്യവരെ അശുദ്ധനായിരിക്കണം. ഇസ്രായേൽജനവും അവരുടെ ഇടയിൽ പാർക്കുന്ന പരദേശികളും അനുസരിക്കേണ്ട ശാശ്വതനിയമമാകുന്നു ഇത്.
മൃതശരീരത്തെ സ്പർശിച്ചാൽ
11മൃതശരീരത്തെ സ്പർശിക്കുന്ന ഏതൊരുവനും ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. 12അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരണജലംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കുമ്പോൾ അവൻ ശുദ്ധിയുള്ളവനാകും; മൂന്നാം ദിവസവും ഏഴാം ദിവസവും ശുദ്ധീകരിക്കാതെയിരുന്നാൽ അവൻ ശുദ്ധിയുള്ളവനായിത്തീരുകയില്ല. 13മൃതശരീരത്തെ സ്പർശിച്ചശേഷം സ്വയം ശുദ്ധീകരിക്കാതെയിരിക്കുന്നവൻ തിരുസാന്നിധ്യകൂടാരത്തെ അശുദ്ധമാക്കുന്നു. അവനെ ഇസ്രായേല്യരുടെ ഇടയിൽനിന്നു ബഹിഷ്കരിക്കണം. ശുദ്ധീകരണജലം തളിക്കപ്പെടാത്തതുകൊണ്ട് അവൻ അശുദ്ധനാകുന്നു; അശുദ്ധി അവനിൽ നിലനില്‌ക്കുന്നു. 14ഒരാൾ തിരുസാന്നിധ്യകൂടാരത്തിൽവച്ചു മരിക്കാൻ ഇടയായാൽ അനുഷ്ഠിക്കേണ്ട ചട്ടം ഇതാണ്. കൂടാരത്തിൽ പ്രവേശിക്കുന്നവരും കൂടാരത്തിൽ ഉണ്ടായിരുന്നവരുമായ എല്ലാവരും ഏഴു ദിവസത്തേക്ക് അശുദ്ധരായിരിക്കും. 15മൂടിയില്ലാതെ തുറന്നിരിക്കുന്ന എല്ലാ പാത്രങ്ങളും അശുദ്ധമായിത്തീരും. 16പാളയത്തിനു പുറത്തുവച്ചു മരിക്കുകയോ, വാളിനിരയാകുകയോ ചെയ്ത ഒരു മനുഷ്യന്റെ ജഡത്തെയോ, അവന്റെ അസ്ഥിയെയോ, ശവക്കുഴിയെയോ സ്പർശിക്കുന്നവൻ ഏഴു ദിവസത്തേക്ക് അശുദ്ധനായിരിക്കും. 17അശുദ്ധി നീക്കുന്നതിനായി പാപപരിഹാരയാഗത്തിൽനിന്നു യാഗഭസ്മം കുറെ ഒരു പാത്രത്തിൽ എടുത്ത്, അതിൽ ഒഴുക്കുനീർ ഒഴിക്കണം. 18പിന്നീട് ആചാരപരമായി ശുദ്ധിയുള്ള ഒരു മനുഷ്യൻ ഈസോപ്പുതണ്ടെടുത്ത് ആ വെള്ളത്തിൽ മുക്കി, തിരുസാന്നിധ്യകൂടാരത്തിന്മേലും അതിലെ എല്ലാ ഉപകരണങ്ങളിന്മേലും അവിടെ ഉള്ളവരുടെ ദേഹത്തും തളിക്കണം. അസ്ഥിയെയോ, കൊല്ലപ്പെട്ടവനെയോ, മൃതശരീരത്തെയോ, ശവക്കുഴിയെയോ സ്പർശിച്ചവന്റെമേലും തളിക്കണം. 19അശുദ്ധനായിത്തീർന്നവന്റെമേൽ മൂന്നാം ദിവസവും ഏഴാം ദിവസവും ആചാരപരമായ ശുദ്ധിയുളളവൻ ഇപ്രകാരം തളിക്കണം. ഏഴാം ദിവസം അവൻ വസ്ത്രം അലക്കി കുളിച്ചു ശുദ്ധനാകണം. സന്ധ്യവരെ അയാൾ അശുദ്ധനായിരിക്കും. 20“എന്നാൽ, അശുദ്ധനായിത്തീർന്നവൻ സ്വയംശുദ്ധീകരിക്കാതെയിരുന്നാൽ, അവൻ തിരുസാന്നിധ്യകൂടാരം അശുദ്ധമാക്കുന്നു. അതുകൊണ്ട് ഇസ്രായേൽജനത്തിന്റെ ഇടയിൽനിന്ന് അവനെ ബഹിഷ്കരിക്കണം. ശുദ്ധീകരണജലം അവന്റെമേൽ വീഴാത്തതുകൊണ്ട് അവൻ അശുദ്ധനാകുന്നു. 21ഇത് ഒരു ശാശ്വതനിയമമാണ്. ശുദ്ധീകരണജലം തളിക്കുന്നവൻ തന്റെ വസ്ത്രം അലക്കണം; ശുദ്ധീകരണജലത്തെ സ്പർശിക്കുന്നവൻ സന്ധ്യവരെ അശുദ്ധനായിരിക്കും. 22അശുദ്ധിയുള്ള മനുഷ്യൻ സ്പർശിക്കുന്നതെന്തും അശുദ്ധമായിത്തീരും; അവയെ സ്പർശിക്കുന്നവനും സന്ധ്യവരെ അശുദ്ധനായിരിക്കും.”
Currently Selected:
NUMBERS 19: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.