NUMBERS 20
20
കാദേശ് സംഭവം
1ഒന്നാം മാസം ഇസ്രായേൽജനസമൂഹം മുഴുവനും സീൻമരുഭൂമിയിലെത്തി; അവർ കാദേശിൽ പാർത്തു; അവിടെവച്ചു മിര്യാം മരിച്ചു. അവളെ അവിടെ സംസ്കരിച്ചു. 2ജനത്തിനു കുടിക്കുന്നതിന് അവിടെ ജലമില്ലായിരുന്നു. അതുകൊണ്ട് അവർ മോശയ്‍ക്കും അഹരോനും വിരോധമായി ഒരുമിച്ചുകൂടി. 3ജനം മോശയോട് കലഹിച്ചു പറഞ്ഞു: “ഞങ്ങളുടെ സഹോദരർ സർവേശ്വരന്റെ മുമ്പിൽ മരിച്ചു വീണതുപോലെ ഞങ്ങളും മരിച്ചിരുന്നെങ്കിൽ! 4നിങ്ങൾ എന്തിന് ഈ മരുഭൂമിയിലേക്കു സർവേശ്വരന്റെ സമൂഹത്തെ കൂട്ടിക്കൊണ്ടു വന്നു? ഞങ്ങളും ഞങ്ങളുടെ മൃഗങ്ങളും ഇവിടെവച്ചു ചത്തൊടുങ്ങണമോ? 5ഈജിപ്തിൽനിന്നു ഞങ്ങളെ എന്തിന് ഒന്നും വളരാത്ത ദുരിതപൂർണമായ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടു വന്നു? ഇവിടെ ധാന്യമോ, അത്തിപ്പഴമോ, മുന്തിരിപ്പഴമോ, മാതളപ്പഴമോ ഇല്ല; കുടിക്കാൻ വെള്ളവും ഇല്ല.” 6മോശയും അഹരോനും ജനസമൂഹത്തിന്റെ മുമ്പിൽനിന്നു തിരുസാന്നിധ്യകൂടാരത്തിന്റെ വാതില്‌ക്കൽ ചെന്ന് അവിടെ കവിണ്ണുവീണു. സർവേശ്വരന്റെ തേജസ്സ് അവർക്കു പ്രത്യക്ഷമായി. 7സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: 8“നീ നിന്റെ വടിയെടുക്കുക, നീയും നിന്റെ സഹോദരനായ അഹരോനുംകൂടി ഇസ്രായേൽസമൂഹത്തെ മുഴുവനും ഒരുമിച്ചു കൂട്ടുക, അവർ കാൺകെ പാറയോടു ജലം തരാൻ കല്പിക്കുക. അപ്പോൾ പാറ ജലം പുറപ്പെടുവിക്കും. അങ്ങനെ നിങ്ങൾ പാറയിൽനിന്നു ജലം ഒഴുക്കി ജനത്തിനും മൃഗങ്ങൾക്കും കുടിക്കാൻ കൊടുക്കുക.” 9സർവേശ്വരൻ കല്പിച്ചതുപോലെ അവിടുത്തെ സന്നിധിയിൽനിന്നു മോശ വടിയെടുത്തു. 10മോശയും അഹരോനും സർവജനത്തെയും പാറയുടെ മുമ്പിൽ വിളിച്ചു കൂട്ടിയിട്ട് അവരോടു പറഞ്ഞു: “മത്സരികളേ, ശ്രദ്ധിക്കുക; ഈ പാറയിൽനിന്നു നിങ്ങൾക്കുവേണ്ടി ഞങ്ങൾ ജലം പുറപ്പെടുവിക്കണമോ?” 11മോശ കൈ ഉയർത്തി വടികൊണ്ടു പാറമേൽ രണ്ടു തവണ അടിച്ചു; വെള്ളം ധാരാളമായി പ്രവഹിച്ചു; ജനങ്ങളും അവരുടെ മൃഗങ്ങളും അതിൽനിന്നു കുടിച്ചു. 12പിന്നീടു സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ഇസ്രായേൽജനത്തിന്റെ മുമ്പിൽ എന്റെ വിശുദ്ധി വെളിവാക്കാൻ തക്കവിധം നിങ്ങൾ എന്നിൽ വിശ്വസിച്ചില്ല; അതുകൊണ്ട് ഇവർക്കു ഞാൻ നല്‌കിയിരിക്കുന്ന ദേശത്തേക്കു നിങ്ങൾ ഇവരെ കൊണ്ടുപോകുകയില്ല.” 13ഇതാണ് മെരീബാ ജലപ്രവാഹം. ഇവിടെവച്ചാണ് ഇസ്രായേൽജനം സർവേശ്വരനെതിരായി കലഹിക്കുകയും, തന്റെ വിശുദ്ധി അവിടുന്ന് അവർക്കു വെളിപ്പെടുത്തുകയും ചെയ്തത്.
എദോം തടസ്സംനില്‌ക്കുന്നു
14മോശ കാദേശിൽനിന്ന് എദോംരാജാവിന്റെ അടുക്കലേക്കു ദൂതന്മാരെ അയച്ചു പറഞ്ഞു: “നിങ്ങളുടെ ചാർച്ചക്കാരായ ഇസ്രായേല്യർ പറയുന്നു, ഞങ്ങൾക്ക് ഉണ്ടായ കഷ്ടതകളെല്ലാം അങ്ങേക്കറിയാമല്ലോ. 15ഞങ്ങളുടെ പിതാക്കന്മാർ ഈജിപ്തിലേക്കു പോയതും അവർ ദീർഘകാലം അവിടെ വസിച്ചതും ഈജിപ്തുകാർ ഞങ്ങളുടെ പിതാക്കന്മാരോടും ഞങ്ങളോടും ക്രൂരമായി വർത്തിച്ചതും അങ്ങ് അറിയുന്നു. 16ഞങ്ങൾ സർവേശ്വരനോടു നിലവിളിച്ചു, അവിടുന്നു ഞങ്ങളുടെ നിലവിളി കേട്ടു; ദൂതനെ അയച്ച് ഈജിപ്തിൽനിന്നു ഞങ്ങളെ കൂട്ടിക്കൊണ്ടു വന്നു. ഇപ്പോൾ ഞങ്ങൾ അങ്ങയുടെ രാജ്യത്തിന്റെ അതിർത്തിയിലുള്ള കാദേശ്പട്ടണത്തിൽ എത്തിയിരിക്കുന്നു. 17അങ്ങയുടെ രാജ്യത്തുകൂടി കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. വയലുകളിലോ മുന്തിരിത്തോട്ടങ്ങളിലോ ഞങ്ങൾ കടക്കുകയില്ല. കിണറുകളിൽനിന്നു വെള്ളം കുടിക്കുകയുമില്ല; അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ ഇടത്തോട്ടോ വലത്തോട്ടോ നോക്കാതെ രാജവീഥിയിൽകൂടി മാത്രമേ ഞങ്ങൾ സഞ്ചരിക്കുകയുള്ളൂ.” 18എന്നാൽ എദോംരാജാവ് പറഞ്ഞു: “എന്റെ രാജ്യത്തുകൂടി കടന്നുപോകാൻ നിങ്ങളെ അനുവദിക്കുകയില്ല; കടന്നാൽ വാളുമായി നിങ്ങളെ നേരിടും.” 19ഇസ്രായേൽജനം പറഞ്ഞു: “ഞങ്ങൾ പൊതുനിരത്തിൽക്കൂടി മാത്രമേ പോകുകയുള്ളൂ; ഞങ്ങളോ കന്നുകാലികളോ നിങ്ങളുടെ വെള്ളം കുടിച്ചാൽ ഞങ്ങൾ അതിനുള്ള വില തന്നുകൊള്ളാം; നടന്നു പോകാൻ മാത്രം ഞങ്ങളെ അനുവദിച്ചാലും. മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല.” 20“നിങ്ങൾ കടന്നു പോകരുത്;” അദ്ദേഹം ആവർത്തിച്ചു പറഞ്ഞു. എദോം രാജാവ് ശക്തമായ ഒരു സൈന്യത്തോടുകൂടി ഇസ്രായേലിന്റെ നേരേ പുറപ്പെട്ടു. 21എദോമിൽകൂടി കടന്നുപോകാൻ എദോംരാജാവ് അനുവദിക്കായ്കയാൽ ഇസ്രായേല്യർ അവിടെനിന്നു മറ്റൊരു വഴിയിലൂടെ തിരിഞ്ഞുപോയി.
അഹരോന്റെ മരണം
22ഇസ്രായേൽസമൂഹം കാദേശിൽനിന്നു പുറപ്പെട്ടു ഹോർപർവതത്തിൽ എത്തി. 23എദോംരാജ്യത്തിന്റെ അതിർത്തിയിലുള്ള ഹോർപർവതത്തിൽവച്ചു സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: 24“അഹരോൻ മരിച്ചു പിതാക്കന്മാരോടു ചേരാൻ പോകുകയാണ്; മെരീബായിൽവച്ചു നിങ്ങൾ എന്നോടു മത്സരിച്ചതുകൊണ്ട് ഇസ്രായേൽജനത്തിനു ഞാൻ നല്‌കുമെന്നു വാഗ്ദാനം ചെയ്ത ദേശത്ത് അഹരോൻ പ്രവേശിക്കുകയില്ല. 25അഹരോനെയും പുത്രനായ എലെയാസാറിനെയും ഹോർപർവതത്തിലേക്കു കൂട്ടിക്കൊണ്ടുവരിക. 26അഹരോന്റെ വസ്ത്രം ഊരി അവന്റെ പുത്രനായ എലെയാസാറിനെ ധരിപ്പിക്കണം; അഹരോൻ അവിടെവച്ചു മരിക്കും.” 27സർവേശ്വരൻ കല്പിച്ചതുപോലെ മോശ ചെയ്തു. സമൂഹം മുഴുവനും കാൺകെ അവർ പർവതത്തിലേക്കു കയറിപ്പോയി. 28മോശ അഹരോന്റെ വസ്ത്രം ഊരി എലെയാസാറിനെ ധരിപ്പിച്ചു. പർവതത്തിന്റെ മുകളിൽവച്ച് അഹരോൻ മരിച്ചു. പിന്നീട് മോശയും എലെയാസാറും പർവതത്തിൽനിന്ന് ഇറങ്ങിവന്നു. 29അഹരോൻ മരിച്ച വിവരം അറിഞ്ഞ ഇസ്രായേൽസമൂഹം മുപ്പതു ദിവസത്തേക്കു വിലാപം ആചരിച്ചു.
Currently Selected:
NUMBERS 20: malclBSI
Highlight
Share
Copy
![None](/_next/image?url=https%3A%2F%2Fimageproxy.youversionapi.com%2F58%2Fhttps%3A%2F%2Fweb-assets.youversion.com%2Fapp-icons%2Fen.png&w=128&q=75)
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.