YouVersion Logo
Search Icon

NEHEMIA 6

6
ഗൂഢാലോചന
1ഞാൻ വീണ്ടും മതിൽ നിർമ്മിച്ച് അതിന്റെ വിടവുകൾ എല്ലാം അടച്ചു എന്നു സൻബല്ലത്തും തോബീയായും അറേബ്യനായ ഗേശെമും ഞങ്ങളുടെ മറ്റു ശത്രുക്കളും അറിഞ്ഞു. എന്നാൽ ഞാൻ അതിന്റെ കവാടങ്ങൾക്കു കതകുകൾ പിടിപ്പിച്ചിരുന്നില്ല. 2അപ്പോൾ സൻബല്ലത്തും ഗേശെമും എന്റെ അടുക്കൽ ആളയച്ചു പറയിച്ചു: “വരിക, ഓനോ സമതലത്തിലെ ഒരു ഗ്രാമത്തിൽവച്ചു നമുക്കു കൂടിയാലോചന നടത്താം. എന്നെ ദ്രോഹിക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. 3ഞാൻ അവരുടെ അടുക്കലേക്ക് ഈ മറുപടിയുമായി ദൂതന്മാരെ അയച്ചു. “ഞാൻ ഒരു വലിയ ജോലിയിൽ ഏർപ്പെട്ടിരിക്കയാണ്. ഇപ്പോൾ വരാൻ നിവൃത്തിയില്ല; അതു മുടക്കി നിങ്ങളുടെ അടുക്കൽ ഞാൻ എന്തിനു വരണം?” 4ഇതേ സന്ദേശവുമായി അവർ നാലു പ്രാവശ്യം എന്റെ അടുക്കൽ ആളയച്ചു. ഈ മറുപടിതന്നെ ഓരോ തവണയും ഞാൻ നല്‌കി. 5സൻബല്ലത്ത് അഞ്ചാം പ്രാവശ്യം തന്റെ ഭൃത്യനെ ഒരു തുറന്ന കത്തുമായി എന്റെ അടുക്കൽ അയച്ചു. 6അതിൽ ഇപ്രകാരം എഴുതിയിരുന്നു: “നീയും യെഹൂദന്മാരും വിപ്ലവത്തിനു വട്ടം കൂട്ടുന്നു എന്നും അതുകൊണ്ടാണു മതിൽ പണിയുന്നതെന്നും നീ അവരുടെ രാജാവാകാൻ ആഗ്രഹിക്കുന്നു എന്നും ജനതകളുടെ ഇടയിൽ വാർത്ത പരന്നിരിക്കുന്നു. ഗേശെമും അതുതന്നെ പറയുന്നു. 7യെഹൂദ്യയിൽ ഒരു രാജാവുണ്ടായിരിക്കുന്നു എന്നു നിന്നെക്കുറിച്ചു യെരൂശലേമിൽ വിളംബരം ചെയ്യാൻ നീ പ്രവാചകന്മാരെ നിയോഗിച്ചിരിക്കുന്നു. ഈ വാർത്ത രാജാവിന്റെ അടുക്കലുമെത്തും. അതുകൊണ്ട് വരൂ, നമുക്കു കൂടി ആലോചിക്കാം. 8“ഞാൻ അയാൾക്ക് ഇങ്ങനെ മറുപടി നല്‌കി: “നിങ്ങൾ പറയുന്നതുപോലെ യാതൊന്നും നടന്നിട്ടില്ല. അതെല്ലാം നിങ്ങളുടെ സങ്കല്പമാണ്.” 9ജോലി തുടരാനാവാത്തവിധം ഞങ്ങൾ തളർന്നുപോകും എന്നു കരുതിയാണ് അവർ ഞങ്ങളെ ഭയപ്പെടുത്താൻ ശ്രമിച്ചത്. അതിനാൽ ദൈവമേ, എന്റെ കരങ്ങൾക്കു ശക്തി നല്‌കിയാലും.
10പിന്നീട് ഞാൻ മെഹേതബേലിന്റെ പൗത്രനും ദെലായായുടെ പുത്രനുമായ ശെമയ്യായുടെ വീട്ടിൽ ചെന്നു. അയാൾ വീട്ടിനുള്ളിൽതന്നെ കഴിയുകയായിരുന്നു. അയാൾ എന്നോടു പറഞ്ഞു: “നമുക്കു ദേവാലയത്തിനുള്ളിൽ കടന്നു വാതിൽ അടച്ചിരിക്കാം. അവർ നിങ്ങളെ കൊല്ലാൻ വരുന്നുണ്ട്. അവർ അങ്ങയെ കൊല്ലാൻ രാത്രിയിൽ വരും”. 11ഞാൻ പറഞ്ഞു: “എന്നെപ്പോലെ ഒരാൾ പേടിച്ച് ഓടുകയോ? എന്നെപ്പോലെ ഒരാൾ ജീവരക്ഷയ്‍ക്കു ദേവാലയത്തിൽ പോയി ഒളിക്കുകയോ? ഞാൻ പോകയില്ല.” 12ദൈവത്തിന്റെ അരുളപ്പാടല്ല അവൻ അറിയിച്ചതെന്നും തോബീയായും സൻബല്ലത്തും പണം കൊടുത്ത് അവനെക്കൊണ്ട് എനിക്കെതിരെ പ്രവചിപ്പിക്കുകയാണ് ചെയ്തതെന്നും എനിക്കു മനസ്സിലായി. 13ഭയപ്പെട്ട് ഇപ്രകാരം പ്രവർത്തിച്ച് ഞാൻ പാപം ചെയ്യുന്നതിനും ദുഷ്കീർത്തിവരുത്തി എന്നെ അപഹസിക്കുന്നതിനും വേണ്ടിയായിരുന്നു അവർ അയാളെ കൂലിക്ക് എടുത്തത്. 14എന്റെ ദൈവമേ, തോബീയായ്‍ക്കും സൻബല്ലത്തിനും നോവദ്യാ എന്ന പ്രവാചികയ്‍ക്കും എന്നെ ഭയപ്പെടുത്താൻ ശ്രമിച്ച മറ്റു പ്രവാചകർക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പ്രതിഫലം നല്‌കണമേ.
മതിൽപ്പണി പൂർത്തിയാകുന്നു
15എലൂൽ മാസം ഇരുപത്തഞ്ചാം ദിവസം മതിൽപ്പണി പൂർത്തിയായി. അതിന് അമ്പത്തിരണ്ടു ദിവസം വേണ്ടിവന്നു. 16ഞങ്ങളുടെ ശത്രുക്കളും ഞങ്ങളുടെ ചുറ്റുമുള്ള ജനതകളും ഇതു കേട്ടപ്പോൾ ഭയപ്പെട്ടു. അവരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ഞങ്ങളുടെ ദൈവത്തിന്റെ സഹായത്താലാണു പണി പൂർത്തീകരിക്കാൻ കഴിഞ്ഞത് എന്ന് അവർക്ക് ബോധ്യമായി. 17ആ കാലത്ത് യെഹൂദാ പ്രഭുക്കന്മാരും തോബീയായും തമ്മിൽ കത്തിടപാടുകൾ ഉണ്ടായിരുന്നു. 18തോബിയാ ആരഹിന്റെ പുത്രൻ ശെഖന്യായുടെ ജാമാതാവ് ആയിരുന്നു. അയാളുടെ പുത്രനായ യോഹാനാൻ ബേരഖ്യായുടെ പുത്രനായ മെശുല്ലാമിന്റെ പുത്രിയെ വിവാഹം കഴിച്ചിരുന്നു. തന്നിമിത്തം യെഹൂദ്യയിൽ അനേകം പേർ അയാളുമായി ബന്ധപ്പെട്ടിരുന്നു. 19അവർ എന്റെ മുമ്പിൽവച്ച് അയാളെ പ്രശംസിക്കുകയും ഞാൻ പറഞ്ഞതെല്ലാം അയാളെ അറിയിക്കുകയും ചെയ്തു. തോബീയാ എനിക്കു ഭീഷണിക്കത്തുകൾ അയച്ചുകൊണ്ടിരുന്നു.

Currently Selected:

NEHEMIA 6: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in