MARKA 9
9
1യേശു അവരോടു പറഞ്ഞു: “വാസ്തവം ഞാൻ പറയട്ടെ, ദൈവരാജ്യം പ്രഭാവത്തോടുകൂടി വരുന്നതു കാണുന്നതുവരെ ഇവിടെ നില്‌ക്കുന്നവരിൽ ചിലർ മരിക്കുകയില്ല.”
യേശുവിന്റെ രൂപാന്തരം
(മത്താ. 17:1-13; ലൂക്കോ. 9:28-36)
2ആറു ദിവസം കഴിഞ്ഞ് പത്രോസ്, യാക്കോബ്, യോഹന്നാൻ എന്നിവരെ കൂട്ടിക്കൊണ്ട് യേശു ഒരുയർന്ന മലയിലേക്കുപോയി. അവിടെ അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കൺമുമ്പിൽവച്ച് അവിടുന്നു രൂപാന്തരപ്പെട്ടു. 3ഭൂമിയിലുള്ള ഒരാൾക്കും വെളുപ്പിക്കുവാൻ കഴിയാത്തവിധം അവിടുത്തെ വസ്ത്രം വെൺമയുള്ളതായി മിന്നിത്തിളങ്ങി. 4ഏലിയായും മോശയും പ്രത്യക്ഷപ്പെട്ട് യേശുവിനോടു സംസാരിക്കുന്നത് അവർ കണ്ടു. 5പത്രോസ് യേശുവിനോട്, “ഗുരോ, ഞങ്ങൾ ഇവിടെ ഉള്ളത് എത്ര നന്നായി; ഞങ്ങൾ മൂന്നു കുടിൽ ഉണ്ടാക്കട്ടെയോ? ഒന്ന് അങ്ങേക്കും, ഒന്നു മോശയ്‍ക്കും ഒന്ന് ഏലിയായ്‍ക്കും” എന്നു ചോദിച്ചു. 6താൻ എന്താണു പറയേണ്ടതെന്നു പത്രോസിന് അറിഞ്ഞുകൂടായിരുന്നു. അദ്ദേഹവും മറ്റു ശിഷ്യന്മാരും അത്രമാത്രം ഭയപരവശരായിത്തീർന്നിരുന്നു.
7പിന്നീട് ഒരു മേഘം വന്ന് അവരെ മൂടി. “ഇവൻ എന്റെ പ്രിയപുത്രൻ, ഇവൻ പറയുന്നതു ശ്രദ്ധിക്കുക” എന്ന് മേഘത്തിൽനിന്ന് ഒരു അശരീരിയുണ്ടായി. 8പെട്ടെന്ന് അവർ ചുറ്റും നോക്കി. അപ്പോൾ തങ്ങളോടുകൂടി യേശുവിനെയല്ലാതെ ആരെയും അവർ കണ്ടില്ല.
9മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കുന്നതുവരെ ഈ ദർശനത്തെപ്പറ്റി ആരോടും പറയരുതെന്ന് മലയിൽനിന്ന് ഇറങ്ങിവരുമ്പോൾ യേശു അവരോടു കർശനമായി ആജ്ഞാപിച്ചു.
10അതുകൊണ്ട് ഈ സംഭവം അവർ രഹസ്യമായി സൂക്ഷിച്ചു. എന്നാൽ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർത്തെഴുന്നേല്‌ക്കും എന്ന് അവിടുന്നു പറഞ്ഞതിന്റെ അർഥം എന്തായിരിക്കുമെന്ന് അവർ അന്യോന്യം ചോദിച്ചുകൊണ്ടിരുന്നു. 11“ഏലിയാ ആദ്യം വരേണ്ടതാണ് എന്ന് മതപണ്ഡിതന്മാർ പറയുന്നത് എന്തുകൊണ്ട്?” എന്ന് അവർ യേശുവിനോടു ചോദിച്ചു.
12അതിനു യേശു അവരോടു പറഞ്ഞു: “എല്ലാം ഒരുക്കുന്നതിന് ആദ്യം ഏലിയാ വരുന്നു; എന്നാൽ മനുഷ്യപുത്രൻ വളരെയധികം കഷ്ടപ്പെടുകയും നിന്ദിക്കപ്പെടുകയും ചെയ്യേണ്ടതാണെന്നല്ലേ എഴുതിയിരിക്കുന്നത്? 13ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാ വന്നു കഴിഞ്ഞു. അദ്ദേഹത്തെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നതുപോലെ അവർ അദ്ദേഹത്തോടു യഥേഷ്ടം പ്രവർത്തിച്ചു.”
അപസ്മാരരോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 17:14-20; ലൂക്കോ. 9:37-43)
14അവർ ശിഷ്യന്മാരുടെ അടുക്കലെത്തിയപ്പോൾ ഒരു വലിയ ജനസഞ്ചയം അവരുടെ ചുറ്റും കൂടിനില്‌ക്കുന്നതും മതപണ്ഡിതന്മാർ അവരോടു തർക്കിക്കുന്നതും കണ്ടു. 15യേശുവിനെ പെട്ടെന്നു കണ്ടപ്പോൾ ജനങ്ങൾ ആശ്ചര്യഭരിതരായി ഓടിവന്ന് അവിടുത്തെ അഭിവാദനം ചെയ്തു. 16അവിടുന്ന് അവരോടു ചോദിച്ചു:
“നിങ്ങളെന്തിനെക്കുറിച്ചാണ് അവരുമായി തർക്കിക്കുന്നത്?”
17ജനക്കൂട്ടത്തിലൊരാൾ പറഞ്ഞു: “ഗുരോ, എന്റെ മകനെ ഞാൻ അങ്ങയുടെ അടുക്കൽ കൊണ്ടുവന്നു; അവനിൽ ഒരു മൂകനായ ദുഷ്ടാത്മാവുള്ളതുകൊണ്ട് അവനു സംസാരിക്കുവാൻ കഴിവില്ല. 18ആവേശിക്കുന്നിടത്തുവച്ച് അത് അവനെ തള്ളിയിടുന്നു. അവന്റെ വായിൽനിന്നു നുരയും പതയും വരികയും അവൻ പല്ലുകടിക്കുകയും ചെയ്യും. അതോടെ അവന്റെ ദേഹം വിറങ്ങലിച്ചുപോകുകയും ചെയ്യുന്നു. ഈ ഭൂതത്തെ പുറത്താക്കണമെന്ന് അങ്ങയുടെ ശിഷ്യന്മാരോടു ഞാൻ അപേക്ഷിച്ചു. പക്ഷേ അവർക്കു കഴിഞ്ഞില്ല.”
19അപ്പോൾ യേശു അവരോടു പറഞ്ഞു: “അവിശ്വാസികളായ തലമുറക്കാരേ, എത്രകാലം ഞാൻ നിങ്ങളോടുകൂടിയിരിക്കണം? എത്രകാലം ഞാൻ നിങ്ങളെ വഹിക്കണം? അവനെ ഇങ്ങു കൊണ്ടുവരൂ.” 20അവർ ആ ബാലനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു.
യേശുവിനെ കണ്ടയുടൻ ആ ഭൂതം അവനെ വിറപ്പിച്ച് ശരീരം കോട്ടി തള്ളിയിട്ടു. അവൻ വായിൽനിന്നു നുര പുറപ്പെടുവിച്ചുകൊണ്ട് നിലത്തുകിടന്നുരുണ്ടു. 21യേശു അവന്റെ പിതാവിനോട്, “ഇതു തുടങ്ങിയിട്ട് എത്രകാലമായി?” എന്നു ചോദിച്ചു.
“കുട്ടിക്കാലം മുതൽത്തന്നെ തുടങ്ങിയതാണ്; 22ഇവനെ നശിപ്പിക്കുന്നതിനുവേണ്ടി പലപ്പോഴും തീയിലും വെള്ളത്തിലും അത് ഇവനെ തള്ളിയിട്ടിട്ടുണ്ട്. അങ്ങേക്ക് എന്തെങ്കിലും ചെയ്യുവാൻ കഴിയുമെങ്കിൽ മനസ്സലിഞ്ഞു ഞങ്ങളെ സഹായിച്ചാലും” എന്ന് അയാൾ പറഞ്ഞു.
23“കഴിയുമെങ്കിൽ എന്നോ!” യേശു പറഞ്ഞു; “വിശ്വസിക്കുന്നവനു സകലവും സാധ്യമാണ്.”
24ഉടനെ ആ കുട്ടിയുടെ പിതാവ് “നാഥാ! ഞാൻ വിശ്വസിക്കുന്നു; എന്റെ വിശ്വാസത്തിന്റെ പോരായ്മ നികത്താൻ സഹായിച്ചാലും” എന്ന് ഉച്ചത്തിൽ നിലവിളിച്ചു പറഞ്ഞു.
25ജനം തിങ്ങിക്കൂടുന്നതു കണ്ടപ്പോൾ യേശു ദുഷ്ടാത്മാവിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: “ബധിരനും മൂകനുമായ ആത്മാവേ, ഇവനിൽനിന്നു ഒഴിഞ്ഞുപോകൂ! ഇനി ഒരിക്കലും ഇവനിൽ പ്രവേശിക്കരുത് എന്നു ഞാൻ നിന്നോടാജ്ഞാപിക്കുന്നു.”
26അപ്പോൾ അത് അലറിക്കൊണ്ട് അവനെ ഞെരിച്ചിഴച്ച് അവനിൽനിന്ന് ഒഴിഞ്ഞുപോയി. ആ ബാലൻ മരിച്ചവനെപ്പോലെ ആയി. “അവൻ മരിച്ചുപോയി” എന്നു പലരും പറഞ്ഞു.
27യേശു അവന്റെ കൈക്കു പിടിച്ചു പൊക്കി; അവൻ എഴുന്നേറ്റു നിന്നു.
28യേശു വീട്ടിൽ വന്നപ്പോൾ ശിഷ്യന്മാർ അവിടുത്തോടു രഹസ്യമായി ചോദിച്ചു; ‘ഞങ്ങൾക്കതിനെ പുറത്താക്കുവാൻ കഴിയാഞ്ഞത് എന്തുകൊണ്ടാണ്?”
29അവിടുന്ന് അരുൾചെയ്തു: “ഈ വകയെ ബഹിഷ്കരിക്കുവാൻ #9:29 ചില കൈയെഴുത്തു പ്രതികളിൽ ‘പ്രാർഥനയും ഉപവാസവും കൊണ്ടല്ലാതെ’ എന്നാണ്. പ്രാർഥനകൊണ്ടല്ലാതെ മറ്റൊന്നുകൊണ്ടും സാധ്യമല്ല.”
മരണത്തെപ്പറ്റി വീണ്ടും
(മത്താ. 17:22-23; ലൂക്കോ. 9:44-45)
30അവർ അവിടെനിന്നു പുറപ്പെട്ട് ഗലീലയിൽക്കൂടി കടന്നുപോയി. അത് ആരും അറിയരുതെന്ന് യേശു ആഗ്രഹിച്ചു. 31എന്തെന്നാൽ മനുഷ്യപുത്രൻ മനുഷ്യരുടെ കൈയിൽ ഏല്പിക്കപ്പെടുമെന്നും അവർ അവനെ വധിക്കുമെന്നും പിന്നീട് മൂന്നു ദിവസം കഴിഞ്ഞ് ഉയിർത്തെഴുന്നേല്‌ക്കുമെന്നും അവിടുന്ന് ശിഷ്യന്മാരെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു.
32ഇത് അവർക്കു മനസ്സിലായില്ല. അവിടുത്തോടു വീണ്ടും ചോദിക്കുവാൻ അവർക്കു ഭയവുമായിരുന്നു.
ആരാണ് ഏറ്റവും വലിയവൻ?
(മത്താ. 18:1-5; ലൂക്കോ. 9:46-48)
33അങ്ങനെ അവർ കഫർന്നഹൂമിൽ എത്തിച്ചേർന്നു. വീട്ടിൽ വന്നപ്പോൾ യേശു ശിഷ്യന്മാരോട്, “വഴിയിൽവച്ചു നിങ്ങൾ എന്തിനെപ്പറ്റിയാണ് വാദപ്രതിവാദം നടത്തിക്കൊണ്ടിരുന്നത്?” എന്നു ചോദിച്ചു.
34അവരുടെ വാദപ്രതിവാദം തങ്ങളിൽ ആരാണ് ഏറ്റവും വലിയവൻ എന്നതിനെപ്പറ്റിയായിരുന്നതുകൊണ്ട് അവർ മൗനം അവലംബിച്ചു. 35അവിടുന്ന് ഇരുന്നശേഷം പന്ത്രണ്ടു ശിഷ്യന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “ഒരുവൻ പ്രമുഖനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ എല്ലാവരിലും എളിയവനും എല്ലാവരുടെയും ശുശ്രൂഷകനും ആകണം.” 36പിന്നീട് അവിടുന്ന് ഒരു ശിശുവിനെ എടുത്ത് അവരുടെ മധ്യത്തിൽ നിറുത്തി. ആ ശിശുവിനെ അവിടുന്ന് കരവലയത്തിലണച്ചുകൊണ്ട് അവരോടു പറഞ്ഞു: 37“ഇതുപോലെയുള്ള ഒരു ശിശുവിനെ എന്റെ നാമത്തിൽ ഏതൊരാൾ സ്വീകരിക്കുന്നുവോ അയാൾ എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്ന ഏതൊരുവനും എന്നെയല്ല എന്നെ അയച്ചവനെയത്രേ സ്വീകരിക്കുന്നത്.”
നമുക്ക് എതിരില്ലാത്തവൻ
(ലൂക്കോ. 9:49-50)
38യോഹന്നാൻ യേശുവിനോടു പറഞ്ഞു: ‘ഗുരോ, ഒരു മനുഷ്യൻ അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുന്നത് ഞങ്ങൾ കണ്ടു. അയാൾ നമ്മെ അനുഗമിക്കാത്തവനായതുകൊണ്ട് ഞങ്ങൾ അയാളെ വിലക്കി.”
39യേശു യോഹന്നാനോടു പറഞ്ഞു: “അയാളെ വിലക്കരുത്; എന്റെ നാമത്തിൽ അദ്ഭുതം പ്രവർത്തിക്കുന്നവൻ പിന്നീട് എന്നെ ദുഷിക്കുക സാധ്യമല്ല. 40നമുക്ക് എതിരില്ലാത്തവൻ നമ്മെ അനുകൂലിക്കുന്നവനാണ്. 41ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു: നിങ്ങൾ ക്രിസ്തുവിന്റെ നാമം വഹിക്കുന്നവരായതുകൊണ്ട് ആരെങ്കിലും ഒരു പാത്രം വെള്ളം നിങ്ങൾക്കു കുടിക്കുവാൻ തരികയാണെങ്കിൽ അയാൾക്കു പ്രതിഫലം ലഭിക്കാതെയിരിക്കുകയില്ല.
പ്രലോഭനങ്ങൾ
(മത്താ. 18:6-9; ലൂക്കോ. 7:1, 2)
42“എന്നിൽ വിശ്വസിക്കുന്ന ഈ എളിയവരിൽ ഒരുവൻ പാപം ചെയ്യുന്നതിന് ആരു കാരണഭൂതനാകുന്നുവോ, അവന്റെ കഴുത്തിൽ ഒരു വലിയ തിരികല്ലുകെട്ടി കടലിൽ എറിയുന്നതാണ് അവന് ഏറെ നല്ലത്. 43പാപം ചെയ്യുന്നതിനു നിന്റെ കൈ കാരണമായി ഭവിക്കുന്നെങ്കിൽ അതിനെ വെട്ടിക്കളയുക. 44#9:44 മിക്ക കൈയെഴുത്തു പ്രതികളിലും 44-46 എന്നീ വാക്യങ്ങൾ വിട്ടുകളഞ്ഞിരിക്കുന്നു. എന്നാൽ ചുരുക്കം ചിലതിൽ രണ്ടു സ്ഥാനങ്ങളിലും ‘അവരെ അരിക്കുന്ന . . . കെടുകയുമില്ല, (വാ. 48) എന്നു ചേർത്തിരിക്കുന്നു. രണ്ടു കൈയുള്ളവനായി നരകത്തിൽ നിത്യാഗ്നിയിൽ നിപതിക്കുന്നതിനെക്കാൾ അംഗഭംഗമുള്ളവനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. 45നിന്റെ കാല് പാപം ചെയ്യുന്നതിനു കാരണമായിത്തീർന്നാൽ അതു വെട്ടിക്കളയുക. 46രണ്ടു കാലുള്ളവനായി നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ മുടന്തനായി ജീവനിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. 47നിന്റെ കണ്ണു പാപംചെയ്യാൻ കാരണമായിത്തീർന്നാൽ അതു ചുഴന്നെടുത്തു കളയുക. രണ്ടു കണ്ണുള്ളവനായി ചാകാത്ത പുഴുവും കെടാത്ത തീയുമുള്ള നരകത്തിൽ എറിയപ്പെടുന്നതിനെക്കാൾ ഒരു കണ്ണുള്ളവനായി ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതാണു നിനക്കു നല്ലത്. 48അവരെ അരിക്കുന്ന പുഴു ചാകുകയില്ല. അവരെ ദഹിപ്പിക്കുന്ന തീ കെടുകയുമില്ല.
49,50“എല്ലാവർക്കും തീകൊണ്ട് ഉപ്പു ചേർക്കപ്പെടും. ഉപ്പു നല്ലതുതന്നെ. എന്നാൽ ഉപ്പിന് ഉപ്പുരസമില്ലെങ്കിൽ എങ്ങനെയാണതു രുചിപ്പെടുത്തുക? നിങ്ങൾ ഉപ്പുള്ളവരായിരിക്കുക; നിങ്ങൾ അന്യോന്യം സമാധാനമായിരിക്കുകയും വേണം.”
Currently Selected:
MARKA 9: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.