YouVersion Logo
Search Icon

MARKA 2

2
പക്ഷവാതരോഗിയെ സുഖപ്പെടുത്തുന്നു
(മത്താ. 9:1-8; ലൂക്കോ. 5:17-26)
1ഏതാനും ദിവസങ്ങൾ കഴിഞ്ഞ് യേശു വീണ്ടും കഫർന്നഹൂമിലെത്തി. യേശു അവിടെ ഒരു ഭവനത്തിലുണ്ടെന്നറിഞ്ഞപ്പോൾ വാതില്‌ക്കൽപോലും നില്‌ക്കാൻ ഇടമില്ലാത്തവിധം അനേകമാളുകൾ അവിടെ വന്നുകൂടി. 2യേശു അവരോടു ദിവ്യസന്ദേശം പ്രസംഗിച്ചു. 3ഒരു പക്ഷവാതരോഗിയെ ചുമന്നുകൊണ്ട് നാലുപേർ അവിടെ വന്നു. 4എന്നാൽ ജനബാഹുല്യം നിമിത്തം യേശുവിനെ സമീപിക്കുവാൻ അവർക്കു കഴിഞ്ഞില്ല; അതുകൊണ്ട് ആ വീടിന്റെ മുകളിൽ കയറി മട്ടുപ്പാവു പൊളിച്ച്, ആ രോഗിയെ കിടക്കയോടുകൂടി യേശുവിന്റെ മുമ്പിൽ ഇറക്കിവച്ചു. 5അവരുടെ വിശ്വാസം കണ്ടിട്ട് യേശു ആ രോഗിയോട്: “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.
6അവിടെ ഉണ്ടായിരുന്ന ചില മതപണ്ഡിതന്മാർ ആത്മഗതം ചെയ്തു: 7“ഈ മനുഷ്യൻ ഇങ്ങനെ പറയുന്നത് എന്തുകൊണ്ട്? ഇതു ദൈവദൂഷണമല്ലേ? ദൈവം ഒരുവനല്ലാതെ മറ്റാർക്കാണ് പാപം ക്ഷമിക്കുവാൻ കഴിയുക.”
8അവരുടെ അന്തർഗതം ആത്മാവിൽ അറിഞ്ഞുകൊണ്ട് യേശു അവരോടു ചോദിച്ചു: “നിങ്ങൾ ഉള്ളിൽ ഇങ്ങനെ ചിന്തിക്കുന്നത് എന്തിന്? 9പക്ഷവാതരോഗിയോടു നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തുകൊണ്ടു നടക്കുക എന്നു പറയുന്നതോ ഏതാണ് എളുപ്പം? 10എന്നാൽ ഭൂമിയിൽ മനുഷ്യപുത്രനു പാപങ്ങൾ പൊറുക്കുവാൻ അധികാരമുണ്ടെന്നു ഞാൻ തെളിയിച്ചുതരാം.” 11അനന്തരം യേശു ആ പക്ഷവാതരോഗിയോട്, “എഴുന്നേറ്റു കിടക്കയെടുത്തു നിന്റെ വീട്ടിലേക്കു പോകുക എന്നു ഞാൻ നിന്നോടു പറയുന്നു” എന്ന് അരുൾചെയ്തു.
12അയാൾ തൽക്ഷണം എല്ലാവരും കാൺകെ എഴുന്നേറ്റ് കിടക്കയെടുത്തു നടന്നുപോയി. ഇതു കണ്ട് അവിടെ കൂടിയിരുന്നവരെല്ലാം വിസ്മയിച്ച് അദ്ഭുതപ്പെട്ടു. “ഇതുപോലെയൊരു സംഭവം ഒരിക്കലും കണ്ടിട്ടില്ലല്ലോ” എന്നു പറഞ്ഞുകൊണ്ട് അവർ ദൈവത്തെ പ്രകീർത്തിച്ചു.
ലേവിയെ വിളിക്കുന്നു
(മത്താ. 9:9-13; ലൂക്കോ. 5:27-32)
13യേശു വീണ്ടും ഗലീലത്തടാകത്തിന്റെ തീരത്തേക്കു പോയി; ഒരു ജനസഞ്ചയം അവിടുത്തെ അടുക്കൽ വന്നുകൂടി. അവിടുന്ന് അവരെ ഉപദേശിച്ചു. 14അവിടുന്നു മുൻപോട്ട് ചെന്നപ്പോൾ അല്ഫായിയുടെ മകനായ ലേവി എന്ന ചുങ്കം പിരിവുകാരൻ തന്റെ ജോലിസ്ഥലത്തിരിക്കുന്നതു കണ്ടു. “എന്റെ കൂടെ വരിക” എന്ന് യേശു അയാളോടു പറഞ്ഞു. ലേവി എഴുന്നേറ്റ് അവിടുത്തെ അനുഗമിച്ചു.
15യേശു ലേവിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ചുങ്കക്കാരും മതനിഷ്ഠയില്ലാത്തവരുമായ പലരും യേശുവിനോടും ശിഷ്യന്മാരോടുംകൂടി പന്തിയിലിരുന്നു. ഇങ്ങനെയുള്ള അനേകമാളുകൾ അവിടുത്തെ അനുഗമിച്ചിരുന്നു. 16ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടും കൂടിയിരുന്ന് യേശു ഭക്ഷണം കഴിക്കുന്നത് പരീശന്മാരായ മതപണ്ഡിതന്മാർ കണ്ടപ്പോൾ അവിടുത്തെ ശിഷ്യന്മാരോട് അവർ ചോദിച്ചു: “എന്തുകൊണ്ടാണ് അദ്ദേഹം ചുങ്കക്കാരോടും മതനിഷ്ഠയില്ലാത്തവരോടുംകൂടി ഇരുന്നു ഭക്ഷണം കഴിക്കുന്നത്?”
17ഇതു കേട്ടിട്ട് യേശു അവരോട്, “ആരോഗ്യമുള്ളവർക്കല്ല രോഗികൾക്കാണ് വൈദ്യനെക്കൊണ്ട് ആവശ്യം; ഞാൻ പുണ്യവാന്മാരെയല്ല പാപികളെയാണു വിളിക്കുവാൻ വന്നത്” എന്നു പറഞ്ഞു.
ഉപവാസത്തെപ്പറ്റി
(മത്താ. 9:14-17; ലൂക്കോ. 5:33-39)
18ഒരിക്കൽ സ്നാപകയോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുകയായിരുന്നു. ചിലർ വന്ന് യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാർ ഉപവസിക്കുന്നുണ്ടല്ലോ; അങ്ങയുടെ ശിഷ്യന്മാർ ഉപവസിക്കാത്തത് എന്തുകൊണ്ടാണ്?”
19യേശു അവരോടു ചോദിച്ചു, “മണവാളൻ കൂടെയുള്ളപ്പോൾ വിരുന്നുകാർക്ക് ഉപവസിക്കാമോ? 20മണവാളൻ അവരെ വിട്ടുപിരിയുന്ന കാലം വരും; അന്ന് അവർ ഉപവസിക്കും.
21“ആരും കോടിത്തുണിക്കഷണം പഴയ വസ്ത്രത്തിൽ ചേർത്തു തുന്നുകയില്ല. അങ്ങനെ ചെയ്താൽ പുത്തൻതുണി ചുരുങ്ങി പഴയതിൽനിന്നു വിട്ടുപോവുകയും തന്മൂലം കീറൽ ഏറെ വലുതാവുകയും ചെയ്യും. 22ആരും പുതുവീഞ്ഞ് പഴയ തോല്‌ക്കുടങ്ങളിൽ ഒഴിച്ചുവയ്‍ക്കാറില്ല. അപ്രകാരം ചെയ്താൽ വീഞ്ഞ് തോല്‌ക്കുടത്തെ പിളർക്കും; വീഞ്ഞ് ഒഴുകിപ്പോകുകയും കുടം നശിക്കുകയും ചെയ്യും. പുതുവീഞ്ഞ് പുതിയ തോല്‌ക്കുടങ്ങളിൽത്തന്നെയാണ് ഒഴിച്ചുവയ്‍ക്കേണ്ടത്.”
ശബത്തിനെക്കുറിച്ചുള്ള ചോദ്യം
(മത്താ. 12:1-8; ലൂക്കോ. 6:1-5)
23ഒരു ശബത്തുദിവസം യേശു ഒരു വിളഭൂമിയിൽക്കൂടി നടന്നുപോകുമ്പോൾ അവിടുത്തെ ശിഷ്യന്മാർ കതിർ പറിച്ചു തുടങ്ങി.
24പരീശന്മാർ യേശുവിനോട്, “ഇവർ ശബത്തുദിവസം ചെയ്തുകൂടാത്തതു ചെയ്യുന്നതു കണ്ടില്ലേ?” എന്നു ചോദിച്ചു.
25യേശു പ്രതിവചിച്ചു: “ദാവീദും അനുചരന്മാരും വിശന്നുവലഞ്ഞപ്പോൾ എന്താണു ചെയ്തതെന്നു നിങ്ങൾ ഒരിക്കലും വായിച്ചിട്ടില്ലേ? 26അബ്യാഥാർപുരോഹിതന്റെ കാലത്ത് ദാവീദ് ദേവാലയത്തിൽ പ്രവേശിച്ച് പുരോഹിതന്മാരല്ലാതെ മറ്റാരും ഭക്ഷിച്ചുകൂടാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും അനുചരന്മാർക്കു കൊടുക്കുകയും ചെയ്തില്ലേ?”
27പിന്നീടു യേശു അവരോടു പറഞ്ഞു: “ശബത്തു മനുഷ്യനുവേണ്ടി ഏർപ്പെടുത്തിയിട്ടുള്ളതാണ്; മനുഷ്യൻ ശബത്തിനുവേണ്ടിയുള്ളവനല്ല. 28മനുഷ്യപുത്രനാകട്ടെ ശബത്തിന്റെയും കർത്താവാകുന്നു.”

Currently Selected:

MARKA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in