MARKA 11:20-25
MARKA 11:20-25 MALCLBSI
പിറ്റേദിവസം രാവിലെ അവർ കടന്നുപോകുമ്പോൾ ആ അത്തിവൃക്ഷം സമൂലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. അപ്പോൾ യേശു പറഞ്ഞ വാക്കുകൾ ഓർത്തുകൊണ്ട്, “ഗുരുനാഥാ, അതാ നോക്കൂ! അങ്ങു ശപിച്ച ആ അത്തിവൃക്ഷം ഉണങ്ങിപ്പോയതു കണ്ടില്ലേ?” എന്നു പത്രോസ് പറഞ്ഞു. യേശു പ്രതിവചിച്ചു: “നിങ്ങൾ ദൈവത്തിൽ വിശ്വാസമുള്ളവരായിരിക്കുക. ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു, ഹൃദയത്തിൽ സംശയലേശം കൂടാതെ താൻ പറയുന്നതുപോലെ സംഭവിക്കുമെന്നു വിശ്വസിച്ചുകൊണ്ട് ഒരുവൻ ഈ മലയോട് ഇളകി കടലിൽ വീഴുക എന്നു പറഞ്ഞാൽ അപ്രകാരം സംഭവിക്കും. അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ പ്രാർഥിക്കുമ്പോൾ നിങ്ങൾ എന്തിനുവേണ്ടിയെങ്കിലും അപേക്ഷിച്ചാൽ അതു ലഭിച്ചിരിക്കുന്നു എന്നു വിശ്വസിക്കുക. നിങ്ങൾ അപേക്ഷിക്കുന്നതെന്തും നിങ്ങൾക്കു ലഭിക്കുകയും ചെയ്യും. നിങ്ങൾ പ്രാർഥിക്കുവാൻ നില്‌ക്കുമ്പോൾ സ്വർഗസ്ഥനായ പിതാവു നിങ്ങളുടെ പിഴകൾ നിങ്ങളോടു ക്ഷമിക്കേണ്ടതിനു നിങ്ങൾക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കിൽ അതു ക്ഷമിക്കുക.