MIKA 6
6
ഇസ്രായേലിനെതിരെ സർവേശ്വരൻ വ്യവഹരിക്കുന്നു
1സർവേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിൻ, സർവേശ്വരാ, ഇസ്രായേലിനെതിരെയുള്ള അവിടുത്തെ പരാതികൾ അറിയിച്ചാലും. ഗിരികളും പർവതങ്ങളും അവിടുത്തെ ശബ്ദം കേൾക്കട്ടെ. 2ഗിരികളേ, ഭൂമിയുടെ ശാശ്വതാടിസ്ഥാനങ്ങളേ, സർവേശ്വരന്റെ വാദം കേൾക്കുവിൻ; അവിടുത്തേക്കു തന്റെ ജനത്തിനെതിരെ ഒരു വ്യവഹാരം ഉണ്ട്. ഇസ്രായേലിനെതിരെ അവിടുന്നു കുറ്റം ഉന്നയിക്കാൻ പോകുന്നു.
3“എന്റെ ജനമേ, ഞാൻ നിങ്ങളോട് എന്തു ചെയ്തു? ഏതുവിധം ഞാൻ നിങ്ങളെ വിഷമിപ്പിച്ചു?” 4ഈജിപ്തിൽനിന്നു ഞാൻ നിങ്ങളെ വിടുവിച്ചു കൊണ്ടുവന്നു; അടിമത്തത്തിൽനിന്നു ഞാൻ നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാൻ മോശയെയും അഹരോനെയും മിര്യാമിനെയും ഞാൻ അയച്ചു. 5എന്റെ ജനമേ, മോവാബുരാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ പുത്രനായ ബിലെയാം അവനു നല്‌കിയ മറുപടിയും ഓർമിക്കുക. ശിത്തീംമുതൽ ഗില്ഗാൽവരെ സംഭവിച്ചതും ഓർക്കുക. അങ്ങനെ സർവേശ്വരന്റെ രക്ഷാകരമായ പ്രവൃത്തികൾ നിങ്ങൾ ഗ്രഹിക്കുവിൻ.
സർവേശ്വരൻ ആവശ്യപ്പെടുന്നത്
6ഞാൻ സർവേശ്വരന്റെ സന്നിധിയിൽ എന്തു കാഴ്ചയുമായാണ് വരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുമ്പിൽ ഞാൻ എങ്ങനെയാണ് കുമ്പിടേണ്ടത്? ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുകൂടി തിരുസന്നിധിയിൽ ഞാൻ ചെല്ലണമോ? 7ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിനു തൈലനദികളിലും അവിടുന്നു പ്രസാദിക്കുമോ? എന്റെ അതിക്രമങ്ങൾക്കുവേണ്ടി എന്റെ ആദ്യജാതനെ, എന്റെ പാപങ്ങൾക്കുവേണ്ടി എന്റെ ഉദരഫലത്തെ തന്നെ നല്‌കണമോ? 8മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിരിക്കുന്നു; നീതി പ്രവർത്തിക്കുക, സുസ്ഥിരസ്നേഹം കാണിക്കുക, ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി നടക്കുക, ഇതല്ലാതെ മറ്റെന്താണ് അവിടുന്ന് ആവശ്യപ്പെടുന്നത്?
9സർവേശ്വരൻ നഗരത്തോടു വിളിച്ചു പറയുന്നു: അവിടുത്തെ നാമത്തെ ഭയപ്പെടുകയാണു യഥാർഥ ജ്ഞാനം. ജനനേതാക്കളേ, നഗരസഭയേ, കേൾക്കുവിൻ. 10ദുഷ്ടരുടെ ഭവനങ്ങളിലെ അന്യായസമ്പാദ്യങ്ങളും ശപിക്കപ്പെട്ട കള്ളഅളവുകളും ഞാൻ എങ്ങനെ മറക്കും? 11കള്ളത്തുലാസും കള്ളക്കട്ടികളുള്ള സഞ്ചിയും കൈവശമുള്ളവനെ കുറ്റമറ്റവനായി ഞാൻ എണ്ണുമോ? 12നിന്റെ സമ്പന്നർ അക്രമാസക്തരാണ്. നിന്നിൽ നിവസിക്കുന്നവർ വ്യാജം സംസാരിക്കുന്നു; അവരുടെ നാവു വഞ്ചന നിറഞ്ഞത്. 13അതിനാൽ ഞാൻ നിന്നെ കഠിനമായി ദണ്ഡിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നിന്റെ പാപം നിമിത്തം ഞാൻ നിന്നെ ശൂന്യമാക്കും. 14നീ ഭക്ഷിക്കും; തൃപ്തി വരികയില്ല; നിന്റെ വിശപ്പ് അടങ്ങുകയുമില്ല. നീ നീക്കിവയ്‍ക്കും; എന്നാൽ ഒന്നും നേടുകയില്ല; നിന്റെ സമ്പാദ്യം ഞാൻ വാളിന് ഏല്പിച്ചുകൊടുക്കും. 15നീ വിതയ്‍ക്കും; കൊയ്യുകയില്ല. നീ ഒലിവുകായ് ആട്ടും; എണ്ണ തേക്കുകയില്ല; മുന്തിരിപ്പഴം ആട്ടും; പക്ഷേ വീഞ്ഞു കുടിക്കുകയില്ല. 16കാരണം നീ ഒമ്രിയുടെ ചട്ടങ്ങൾ പാലിച്ചു; ആഹാബുവംശത്തിന്റെ പ്രവർത്തികളെല്ലാം പ്രമാണമാക്കി, അവരുടെ ഉപദേശം അനുസരിച്ചു നടന്നു. അതുകൊണ്ടു ഞാൻ നിന്നെ ശൂന്യമാക്കും; നിന്നിൽ നിവസിക്കുന്നവരെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദാപാത്രമാകും.
Currently Selected:
MIKA 6: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.