YouVersion Logo
Search Icon

MATHAIA 20:17-34

MATHAIA 20:17-34 MALCLBSI

യെരൂശലേമിലേക്കുള്ള യാത്രയിൽ യേശു പന്ത്രണ്ടു ശിഷ്യന്മാരെ മാറ്റി നിറുത്തി അവരോടു രഹസ്യമായി ഇങ്ങനെ പറഞ്ഞു: “നാം യെരൂശലേമിലേക്കു പോകുകയാണല്ലോ. അവിടെവച്ച് മനുഷ്യപുത്രൻ പുരോഹിതമുഖ്യന്മാരുടെയും മതപണ്ഡിതന്മാരുടെയും കൈയിൽ ഏല്പിക്കപ്പെടും; അവർ മനുഷ്യപുത്രനെ വധശിക്ഷയ്‍ക്കു വിധിക്കും; പിന്നീട് വിജാതീയരെ ഏല്പിക്കും. അവർ അയാളെ അവഹേളിക്കുകയും ചാട്ടവാറുകൊണ്ടു പ്രഹരിക്കുകയും കുരിശിൽ തറയ്‍ക്കുകയും ചെയ്യും; മൂന്നാം ദിവസം മനുഷ്യപുത്രൻ ഉയിർത്തെഴുന്നേല്‌ക്കും.” സെബദിയുടെ പത്നി തന്റെ രണ്ടു പുത്രന്മാരോടുകൂടി വന്ന് യേശുവിനെ നമിച്ചുകൊണ്ട് ഒരു വരത്തിനുവേണ്ടി അപേക്ഷിച്ചു. “നിങ്ങൾക്ക് എന്താണു വേണ്ടത്?” എന്ന് യേശു അവരോടു ചോദിച്ചു. അവർ പറഞ്ഞു: “അങ്ങു രാജാവാകുമ്പോൾ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ അവിടുത്തെ വലത്തും അപരൻ ഇടത്തും ഇരിക്കുവാൻ കല്പിച്ചരുളണമേ.” യേശു സെബദിപുത്രന്മാരോടു ചോദിച്ചു: “നിങ്ങൾ അപേക്ഷിക്കുന്നത് എന്തെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടാ; ഞാൻ കുടിക്കുവാൻ പോകുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾക്കു കുടിക്കുവാൻ കഴിയുമോ?” “ഞങ്ങൾക്കു കഴിയും” എന്ന് അവർ പറഞ്ഞു. “ഞാൻ കുടിക്കുന്ന പാനപാത്രത്തിൽനിന്നു നിങ്ങൾ തീർച്ചയായും കുടിക്കും. എന്നാൽ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവർ ആരായിരിക്കണമെന്നു തീരുമാനിക്കാനുള്ള അവകാശം എനിക്കില്ല. ഈ സ്ഥാനങ്ങൾ എന്റെ പിതാവ് ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്” എന്ന് യേശു പറഞ്ഞു. ഇത് അറിഞ്ഞപ്പോൾ ശേഷമുള്ള പത്തു ശിഷ്യന്മാർക്ക് ആ രണ്ടു സഹോദരന്മാരോട് കടുത്ത അമർഷമുണ്ടായി. യേശു അവരെ അടുക്കൽ വിളിച്ച് ഇപ്രകാരം പറഞ്ഞു: “വിജാതീയരിൽ പ്രഭുത്വമുള്ളവർ അധികാരം നടത്തുന്നുവെന്നും അവരിൽ പ്രമുഖന്മാർ അവരെ ഭരിക്കുന്നുവെന്നും നിങ്ങൾക്ക് അറിയാമല്ലോ; എന്നാൽ നിങ്ങളുടെ ഇടയിൽ അതു പാടില്ല; നിങ്ങളിൽ ആരെങ്കിലും വലിയവനാകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ മറ്റുള്ളവരുടെ സേവകനാകണം; നിങ്ങളിൽ ഒന്നാമനാകുവാൻ കാംക്ഷിക്കുന്ന ഏതൊരുവനും മറ്റുള്ളവരുടെ ദാസനായിത്തീരണം. മനുഷ്യപുത്രൻ വന്നിരിക്കുന്നതു സേവിക്കപ്പെടുന്നതിനല്ല, പിന്നെയോ മറ്റുള്ളവരെ സേവിക്കുന്നതിനും അനേകംപേരുടെ മോചനത്തിനുള്ള മൂല്യമായി തന്റെ ജീവൻ നല്‌കുന്നതിനുമാണ്.” അവർ യെരീഹോവിൽനിന്നു പുറപ്പെട്ടപ്പോൾ ഒരു വലിയ ജനസഞ്ചയം യേശുവിനെ അനുഗമിച്ചു. കണ്ണുകാണുവാൻ പാടില്ലാത്ത രണ്ടുപേർ വഴിയരികിൽ ഇരിക്കുകയായിരുന്നു. യേശു അതുവഴി കടന്നുപോകുന്നു എന്നറിഞ്ഞ്, “ദാവീദിന്റെ പുത്രാ, ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. മിണ്ടരുതെന്നു പറഞ്ഞുകൊണ്ട് ജനം അവരെ ശാസിച്ചു. ആ അന്ധന്മാരാകട്ടെ കുറേക്കൂടി ഉച്ചത്തിൽ: “കർത്താവേ, ദാവീദിന്റെ പുത്രാ! ഞങ്ങളോടു കരുണയുണ്ടാകണമേ” എന്നു നിലവിളിച്ചു. യേശു അവിടെനിന്ന് അവരെ വിളിച്ചു. “നിങ്ങൾക്കു ഞാൻ എന്തുചെയ്തു തരണമെന്നാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?” എന്നു ചോദിച്ചു. “കർത്താവേ, ഞങ്ങളുടെ കണ്ണു തുറന്നുകിട്ടണം” എന്ന് അവർ മറുപടി പറഞ്ഞു. യേശു ആർദ്രചിത്തനായി അവരുടെ കണ്ണുകളിൽ തൊട്ടു. തൽക്ഷണം അവർ കാഴ്ചപ്രാപിച്ച് അവിടുത്തെ അനുഗമിച്ചു.