MATHAIA 20:1-16
MATHAIA 20:1-16 MALCLBSI
തന്റെ മുന്തിരിത്തോട്ടത്തിൽ പണിയെടുക്കുന്നതിനു വേലക്കാരെ വിളിക്കാൻ അതിരാവിലെ പുറപ്പെട്ട തോട്ടമുടമസ്ഥനോടു തുല്യമത്രേ സ്വർഗരാജ്യം. ഒരാൾക്ക് ഒരു ദിവസം പണി ചെയ്യുന്നതിനു പതിവുപോലെ ഒരു ദിനാർ കൂലി സമ്മതിച്ച് തന്റെ തോട്ടത്തിലേക്ക് അയാൾ അവരെ പറഞ്ഞയച്ചു. ഒൻപതു മണിക്ക് അയാൾ പുറത്തേക്കു പോയപ്പോൾ ചന്തസ്ഥലത്തു മിനക്കെട്ടു നില്‌ക്കുന്ന ഏതാനും പേരെ കണ്ടു. ‘നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക; ന്യായമായ കൂലി ഞാൻ തരാം’ എന്ന് അയാൾ പറഞ്ഞു. അങ്ങനെ അവർ പോയി. തോട്ടത്തിന്റെ ഉടമസ്ഥൻ വീണ്ടും പന്ത്രണ്ടു മണിക്കും മൂന്നു മണിക്കും പോയി പണിക്കാരെ വിളിച്ചുവിട്ടു. അഞ്ചു മണിയോടുകൂടി അയാൾ ചന്തസ്ഥലത്തു ചെന്നപ്പോൾ വേറെ ചിലർ അവിടെ നില്‌ക്കുന്നതു കണ്ടിട്ട് ‘നിങ്ങൾ എന്തുകൊണ്ടാണ് ഇന്നു മുഴുവൻ മിനക്കെട്ടത്?’ എന്നു ചോദിച്ചു. ‘ആരും ഞങ്ങളെ പണിക്കു വിളിച്ചില്ല’ എന്ന് അവർ മറുപടി പറഞ്ഞു. ശരി, നിങ്ങളും പോയി എന്റെ മുന്തിരിത്തോട്ടത്തിൽ പണിചെയ്യുക’ എന്നു തോട്ടത്തിന്റെ ഉടമസ്ഥൻ പറഞ്ഞു. “സന്ധ്യ ആയപ്പോൾ ഉടമസ്ഥൻ കാര്യസ്ഥനെ വിളിച്ച് ‘അവസാനം വന്നവർതൊട്ട് ആദ്യം വന്നവർവരെ എല്ലാവരെയും വിളിച്ചു കൂലികൊടുക്കുക’ എന്നു പറഞ്ഞു. അഞ്ചു മണിക്കു പണിയാൻ വന്ന ഓരോരുത്തർക്കും ഓരോ ദിനാർ കൂലികൊടുത്തു. ആദ്യം പണിക്കു വന്നവർ കൂലി വാങ്ങാൻ ചെന്നപ്പോൾ തങ്ങൾക്കു കൂടുതൽ കിട്ടുമെന്ന് ഓർത്തു. എന്നാൽ അവർക്കും ഓരോ ദിനാർമാത്രമാണു കൊടുത്തത്. അവർ അതു വാങ്ങിക്കൊണ്ട് തോട്ടത്തിന്റെ ഉടമസ്ഥനോടു പിറുപിറുത്തു. ‘ഒടുവിൽവന്നവർ ഒരു മണിക്കൂർ മാത്രമേ വേല ചെയ്തുള്ളൂ; ഞങ്ങളാകട്ടെ പകൽ മുഴുവൻ പൊരിയുന്ന വെയിൽകൊണ്ട് അധ്വാനിച്ചു. എന്നിട്ടും അങ്ങ് ഞങ്ങൾക്കു തന്ന കൂലി തന്നെ അവർക്കും നല്‌കി’ എന്ന് അവർ പറഞ്ഞു. “അവരിൽ ഒരാളോട് ഉടമസ്ഥൻ ഇങ്ങനെ മറുപടി പറഞ്ഞു: ‘സ്നേഹിതാ, ഞാൻ നിന്നെ വഞ്ചിച്ചില്ല; ഒരു ദിവസത്തേക്ക് ഒരു ദിനാർ അല്ലേ നിങ്ങൾ സമ്മതിച്ച കൂലി? നിന്റെ കൂലി വാങ്ങിക്കൊണ്ടു പൊയ്‍ക്കൊള്ളുക; നിനക്കു തന്നിടത്തോളംതന്നെ അവസാനം വന്ന ഇവനും നല്‌കണമെന്നതാണ് എന്റെ ഇഷ്ടം. എന്റെ പണം എന്റെ ഇഷ്ടംപോലെ വിനിയോഗിക്കുവാനുള്ള അവകാശം എനിക്കില്ലേ? ഞാൻ ദയാലുവായിരിക്കുന്നതിൽ നീ അമർഷം കൊള്ളുന്നത് എന്തിന്!” ഇങ്ങനെ ഒടുവിലായിരുന്നവർ ഒന്നാമതാകുമെന്നും ഒന്നാമതായിരുന്നവർ ഒടുവിലാകുമെന്നും യേശു കൂട്ടിച്ചേർത്തു.