MATHAIA 11
11
1യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാർക്ക് ഈ പ്രബോധനങ്ങൾ നല്‌കിയശേഷം അടുത്തുള്ള പട്ടണങ്ങളിൽ ഉപദേശിക്കുവാനും പ്രസംഗിക്കുവാനും അവിടെനിന്നു പോയി.
സ്നാപകയോഹന്നാന്റെ ചോദ്യം
(ലൂക്കോ. 7:18-35)
2-3കാരാഗൃഹത്തിൽ അടയ്‍ക്കപ്പെട്ടിരുന്ന യോഹന്നാൻ ക്രിസ്തുവിന്റെ പ്രവൃത്തികളെപ്പറ്റി കേട്ടു; അദ്ദേഹം തന്റെ ശിഷ്യന്മാരെ ക്രിസ്തുവിന്റെ അടുക്കൽ അയച്ച് “വരുവാനുള്ളവൻ അങ്ങുതന്നെയോ അതോ ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കണമോ?” എന്നു ചോദിപ്പിച്ചു.
4യേശു ഇങ്ങനെ മറുപടി പറഞ്ഞു: “നിങ്ങൾ കേൾക്കുകയും കാണുകയും ചെയ്യുന്ന കാര്യങ്ങൾ യോഹന്നാനെ ചെന്ന് അറിയിക്കുക: 5അന്ധന്മാർ കാഴ്ചപ്രാപിക്കുന്നു; മുടന്തന്മാർ നടക്കുന്നു; കുഷ്ഠരോഗികൾ സൗഖ്യം പ്രാപിച്ചു ശുദ്ധരാകുന്നു; ബധിരർക്കു കേൾവി ലഭിക്കുന്നു; മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നു; എളിയവരെ സദ്‍വാർത്ത അറിയിക്കുന്നു; 6എന്നിലുള്ള വിശ്വാസത്തിൽനിന്ന് ഇടറി വീഴാത്തവൻ അനുഗ്രഹിക്കപ്പെട്ടവനാകുന്നു.”
7അവർ മടങ്ങിപ്പോകുമ്പോൾ യേശു യോഹന്നാനെക്കുറിച്ചു ജനങ്ങളോടു പറഞ്ഞു: “എന്തിനാണു നിങ്ങൾ മരുഭൂമിയിലേക്കു പോയത്? 8കാറ്റിൽ ഉലയുന്ന ഞാങ്ങണ കാണാനോ? അല്ലെങ്കിൽ പിന്നെ നിങ്ങൾ എന്തു കാണാൻ പോയി? മൃദുലവസ്ത്രം ധരിച്ച മനുഷ്യനെയോ? മൃദുലവസ്ത്രം ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലാണല്ലോ ഉള്ളത്. 9അല്ലെങ്കിൽ പിന്നെ നിങ്ങളെന്തു കാണാൻ പോയി? ഒരു പ്രവാചകനെയോ? അതേ ഞാൻ നിങ്ങളോടു പറയുന്നു: പ്രവാചകനിലും ശ്രേഷ്ഠനായ ഒരുവനെത്തന്നെ. 10‘ഇതാ നിനക്കു മുമ്പായി എന്റെ ദൂതനെ ഞാനയയ്‍ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴിയൊരുക്കും’ എന്ന് എഴുതപ്പെട്ടിട്ടുള്ളത് ഇദ്ദേഹത്തെക്കുറിച്ചാണ്. 11ഞാൻ നിങ്ങളോടു പറയുന്നു: സ്‍ത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ ശ്രേഷ്ഠനായി ആരും ഉണ്ടായിട്ടില്ല സത്യം. എങ്കിലും സ്വർഗരാജ്യത്തിലുള്ള ഏറ്റവും ചെറിയവൻപോലും അദ്ദേഹത്തെക്കാൾ വലിയവനാണ്. 12സ്നാപകയോഹന്നാന്റെ പ്രസംഗകാലം മുതൽ ഇന്നോളം സ്വർഗരാജ്യം ബലപ്രയോഗത്തിനു വിധേയമായിരുന്നു; അങ്ങനെ അക്രമികൾ അതിനെ കൈയടക്കുവാൻ ഉദ്യമിക്കുന്നു. 13എല്ലാ പ്രവാചകന്മാരും ധർമശാസ്ത്രവും യോഹന്നാന്റെ കാലം വരെ സ്വർഗരാജ്യത്തെപ്പറ്റി പ്രവചിച്ചിരുന്നു. 14നിങ്ങൾക്കു മനസ്സുണ്ടെങ്കിൽ സ്വീകരിക്കുക; വരുവാനുള്ള ഏലിയാ അദ്ദേഹമാണ്. 15ചെവിയുള്ളവൻ കേൾക്കട്ടെ.
16“ഈ തലമുറയെ ഞാൻ ഏതിനോടു തുലനം ചെയ്യും? 17ചന്തസ്ഥലങ്ങളിലിരുന്നുകൊണ്ടു തങ്ങളുടെ കളിത്തോഴരോട് ‘ഞങ്ങൾ നിങ്ങൾക്കുവേണ്ടി കുഴലൂതി, നിങ്ങളാകട്ടെ നൃത്തം ചെയ്തില്ല; ഞങ്ങൾ വിലാപഗാനം പാടി, നിങ്ങൾ മാറത്തടിച്ചു കരഞ്ഞില്ല’ എന്നു പറയുന്ന കുട്ടികളോട് അവർ തുല്യരത്രേ. 18ഭക്ഷണപാനീയകാര്യങ്ങളിൽ വ്രതനിഷ്ഠയുള്ളവനായി യോഹന്നാൻ വന്നു. ‘അദ്ദേഹത്തിൽ ഒരു ഭൂതമുണ്ട്’ എന്ന് അവർ പറയുന്നു.
19ഭക്ഷിക്കുകയും കുടിക്കുകയും ചെയ്യുന്നവനായി മനുഷ്യപുത്രൻ വന്നു. ‘ഇതാ ഭോജനപ്രിയനും മദ്യപനും ചുങ്കക്കാരുടെയും അധർമികളുടെയും സ്നേഹിതനും ആയ ഒരു മനുഷ്യൻ! എന്ന് അവർ പറയുന്നു. ജ്ഞാനമാകട്ടെ പ്രവൃത്തികളാൽ സാധൂകരിക്കപ്പെടുന്നു.”
അനുതപിക്കാത്ത നഗരങ്ങളുടെ ന്യായവിധി
(ലൂക്കോ. 10:13-15)
20പിന്നീട്, തന്റെ മിക്ക അദ്ഭുതപ്രവൃത്തികൾക്കും സാക്ഷ്യം വഹിച്ച നഗരങ്ങൾ അനുതപിച്ചു ദൈവത്തിങ്കലേക്ക് തിരിയാഞ്ഞതിനാൽ യേശു അവയെ ശാസിച്ചു: 21“കോരസീനേ, നിനക്ക് ഹാ കഷ്ടം! ബെത്‍സെയ്ദയേ, നിനക്കു ഹാ കഷ്ടം! നിങ്ങളിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നു എങ്കിൽ അവ എത്രയോ മുമ്പ് അനുതാപസൂചകമായി ചാക്കുടുത്തും ചാരം പൂശിയും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയുമായിരുന്നു! 22എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ന്യായവിധി ദിവസത്തിൽ സോരിന്റെയും സീദോന്റെയും അവസ്ഥ നിങ്ങളുടേതിനെക്കാൾ സഹിക്കാവുന്നതായിരിക്കും. 23കഫർന്നഹൂമേ! നീ സ്വർഗത്തോളം ഉയർത്തപ്പെടുമെന്നോ? നീ അധോലോകത്തോളം താഴ്ത്തപ്പെടും. എന്തെന്നാൽ നിന്നിൽ നടന്ന അദ്ഭുതപ്രവൃത്തികൾ സോദോമിൽ നടന്നിരുന്നെങ്കിൽ അത് ഇന്നും നിലനില്‌ക്കുമായിരുന്നു. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: 24ന്യായവിധി ദിവസത്തിൽ സോദോമിന്റെ സ്ഥിതി നിൻറേതിലും സഹിക്കാവുന്നതായിരിക്കും!”
എന്റെ അടുക്കൽവന്നു സമാശ്വസിക്കുക
(ലൂക്കോ. 10:21-22)
25തുടർന്ന് യേശു ഇങ്ങനെ പ്രസ്താവിച്ചു. “സ്വർഗത്തിന്റെയും ഭൂമിയുടെയും അധിനാഥനായ പിതാവേ, ഈ സംഗതികൾ വിജ്ഞന്മാരിൽനിന്നും വിവേകമതികളിൽനിന്നും മറച്ചുവയ്‍ക്കുകയും ശിശുക്കൾക്കു വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരിക്കുന്നതുകൊണ്ടു ഞാൻ അങ്ങയെ വാഴ്ത്തുന്നു. 26അതേ പിതാവേ, അതുതന്നെയായിരുന്നല്ലോ തിരുവിഷ്ടം.
27“എന്റെ പിതാവു സമസ്തവും എന്നെ ഏല്പിച്ചിരിക്കുന്നു. പിതാവല്ലാതെ ആരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രൻ ആർക്കു വെളിപ്പെടുത്തിക്കൊടുക്കുവാൻ ഇച്ഛിക്കുന്നുവോ അവനുമല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.
28“അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായ എല്ലാവരും എന്റെ അടുക്കൽ വരിക; ഞാൻ നിങ്ങളെ സമാശ്വസിപ്പിക്കും. 29ഞാൻ സൗമ്യനും വിനീതഹൃദയനുമാകയാൽ നിങ്ങൾ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുക. എന്നാൽ നിങ്ങൾക്കു സ്വസ്ഥത ലഭിക്കും. 30ഞാൻ നല്‌കുന്ന നുകം ക്ലേശരഹിതവും ഞാൻ ഏല്പിക്കുന്ന ഭാരം ലഘുവും ആകുന്നു.”
Currently Selected:
MATHAIA 11: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.