MALAKIA 2
2
പുരോഹിതന്മാർക്കു മുന്നറിയിപ്പ്
1“പുരോഹിതന്മാരേ, ഇതാ! ഈ കല്പന നിങ്ങളോടാണ്. 2നിങ്ങൾ ശ്രദ്ധിക്കാതിരിക്കുകയും എന്റെ നാമത്തെ പ്രകീർത്തിക്കുന്നതിൽ മനസ്സുവയ്‍ക്കാതിരിക്കുകയും ചെയ്താൽ ഞാൻ നിങ്ങളുടെമേൽ ശാപം അയയ്‍ക്കും. നിങ്ങളുടെ അനുഗ്രഹങ്ങളെ ശാപമാക്കും.” സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അതേ, നിങ്ങൾ എന്റെ നാമത്തെ പ്രകീർത്തിക്കുന്നതിനു മനസ്സുവയ്‍ക്കാഞ്ഞതിനാൽ ഞാൻ അവയെ ശാപമാക്കിയിരിക്കുന്നു. 3ഞാൻ നിങ്ങളുടെ സന്തതിയെ ശകാരിക്കും. യാഗമൃഗങ്ങളുടെ ചാണകം നിങ്ങളുടെ മുഖത്തു തേയ്‍ക്കും. എന്റെ സന്നിധിയിൽ നിന്നു ഞാൻ നിങ്ങളെ പുറത്താക്കും. 4അങ്ങനെ ലേവിയോടുള്ള എന്റെ ഉടമ്പടി നിലനിർത്താനാണ് ഞാൻ ഈ കല്പന അയച്ചിരിക്കുന്നതെന്നു നിങ്ങൾ അറിയും.” 5ലേവിയോടുള്ള എന്റെ ഉടമ്പടി ജീവന്റെയും സമാധാനത്തിന്റെയും ഉടമ്പടിയായിരുന്നു. അവൻ ഭയഭക്തിയോടെ പെരുമാറാനാണ് ഞാനതു നല്‌കിയത്. അവൻ എന്നെ ഭയപ്പെടുകയും എന്റെ നാമത്തോടുള്ള ഭയഭക്തി അവനിൽ നിറയുകയും ചെയ്തു. 6യഥാർഥമായ പ്രബോധനം അവന്റെ നാവിൽ ഉണ്ടായിരുന്നു. ഒരു തെറ്റും അവന്റെ അധരങ്ങളിൽ കണ്ടില്ല. സത്യസന്ധമായും സമാധാനമായും അവൻ എന്റെകൂടെ നടന്നു. പലരെയും അകൃത്യത്തിൽനിന്നു പിന്തിരിപ്പിച്ചു. 7പുരോഹിതൻ സർവശക്തനായ സർവേശ്വരന്റെ ദൂതനാകയാൽ അധരത്തിൽ ജ്ഞാനം സൂക്ഷിക്കണം. ജനം അയാളിൽനിന്നു പ്രബോധനം തേടണം. 8നിങ്ങളാകട്ടെ നേർവഴി വിട്ടുമാറി; നിങ്ങളുടെ ഉപദേശത്താൽ പലരെയും ഇടറിവീഴുമാറാക്കി. നിങ്ങൾ ലേവിയുമായുള്ള എന്റെ ഉടമ്പടി ലംഘിച്ചിരിക്കുന്നു എന്നു സർവശക്തനായ ദൈവം അരുളിച്ചെയ്യുന്നു. 9അങ്ങനെ നിങ്ങൾ എന്റെ വഴികൾ അനുസരിക്കാതെ പ്രബോധനം നല്‌കിയതിൽ എത്രമാത്രം പക്ഷഭേദം കാണിച്ചുവോ അത്രമാത്രം ഞാൻ നിങ്ങളെ സർവമനുഷ്യരുടെയും മുമ്പിൽ നിന്ദിതരും നികൃഷ്ടരും ആക്കും.
ജനത്തിന്റെ അവിശ്വസ്തത
10നമുക്കെല്ലാവർക്കും ഒരേ പിതാവല്ലേ ഉള്ളത്? ഒരേ ദൈവമല്ലേ നമ്മെയെല്ലാം സൃഷ്‍ടിച്ചത്? പിന്നെയെന്തിനു നാം അന്യോന്യം അവിശ്വസ്തത കാട്ടി നമ്മുടെ പിതാക്കന്മാരോടുള്ള ഉടമ്പടിയുടെ പവിത്രത നശിപ്പിക്കുന്നു? 11യെഹൂദാ അവിശ്വസ്തത കാട്ടിയിരിക്കുന്നു. മ്ലേച്ഛമായ പ്രവൃത്തികൾ ഇസ്രായേലിലും യെരൂശലേമിലും നടന്നിരിക്കുന്നു. സർവേശ്വരനു പ്രിയപ്പെട്ട അവിടുത്തെ മന്ദിരത്തെ യെഹൂദാ അശുദ്ധമാക്കി; അന്യദേവന്റെ പുത്രിയെ അവൻ വിവാഹം ചെയ്തിരിക്കുന്നു. 12ഇങ്ങനെ ചെയ്യുന്ന മനുഷ്യൻ ആരായാലും, അവൻ സർവശക്തനായ സർവേശ്വരന്റെ മുമ്പിൽ സാക്ഷ്യം പറയുന്നവനോ ഉത്തരം പറയുന്നവനോ വഴിപാടർപ്പിക്കുന്നവനോ ആയാൽപോലും അവനെ യാക്കോബിന്റെ കൂടാരത്തിൽനിന്ന് അവിടുന്നു ഛേദിച്ചുകളയട്ടെ.
13നിങ്ങൾ ചെയ്യുന്ന മറ്റൊരു കാര്യം ഇതാണ്. സർവേശ്വരൻ നിങ്ങളുടെ വഴിപാടിലേക്കു തിരിഞ്ഞുനോക്കുകയോ, അവ സംപ്രീതിയോടെ കൈക്കൊള്ളുകയോ ചെയ്യാത്തതിനാൽ നിങ്ങൾ തേങ്ങിക്കരഞ്ഞു കണ്ണുനീരുകൊണ്ട് സർവേശ്വരന്റെ യാഗപീഠം മൂടുന്നു. 14എന്തുകൊണ്ട് അവിടുന്ന് ഇതു കൈക്കൊള്ളുന്നില്ല എന്നു നിങ്ങൾ ചോദിക്കുന്നു. നീയും നിന്റെ യൗവനത്തിലെ ഭാര്യയും തമ്മിലുള്ള ഉടമ്പടിക്കു സർവേശ്വരൻ സാക്ഷി ആയിരിക്കുന്നതുകൊണ്ടു തന്നെ; ഉടമ്പടിപ്രകാരം അവൾ നിന്റെ ജീവിതപങ്കാളിയും ധർമപത്നിയുമാണല്ലോ. 15എന്നിട്ടും നീയവളോട് അവിശ്വസ്തത കാണിച്ചു. ഏകദൈവമല്ലേ ജീവചൈതന്യം സൃഷ്‍ടിച്ചു നമ്മെ നിലനിർത്തുന്നത്? അവിടുന്ന് എന്താണ് ആഗ്രഹിക്കുന്നത്? ദൈവഭക്തരായ സന്തതികളെത്തന്നെ. അതുകൊണ്ടു നിങ്ങൾ സ്വയം സൂക്ഷിക്കുക; നിങ്ങളുടെ യൗവനത്തിലെ ഭാര്യയോട് അവിശ്വസ്തത കാട്ടരുത്. 16വിവാഹമോചനം ഞാൻ വെറുക്കുന്നു; ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളോട് അക്രമം കാട്ടുന്നു എന്ന് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അതുകൊണ്ട് നിങ്ങൾ സ്വയം സൂക്ഷിക്കുക; അവിശ്വസ്തത കാട്ടാതിരിക്കുക.
ന്യായവിധി
17നിങ്ങളുടെ വാക്കുകളാൽ സർവേശ്വരനെ നിങ്ങൾ അസഹ്യപ്പെടുത്തിയിരിക്കുന്നു; എന്നിട്ടും എങ്ങനെയാണു ഞങ്ങൾ അവിടുത്തെ അസഹ്യപ്പെടുത്തിയത് എന്നു നിങ്ങൾ ചോദിക്കുന്നു. തിന്മ ചെയ്യുന്നവനാണ് അവിടുത്തെ ദൃഷ്‍ടിയിൽ നല്ലവൻ; അവിടുന്ന് അവനിൽ പ്രസാദിക്കുന്നു എന്നു നിങ്ങൾ പറയുന്നു. അല്ലെങ്കിൽ നീതിമാനായ ദൈവം എവിടെ എന്നു നിങ്ങൾ ചോദിക്കുന്നു.
Currently Selected:
MALAKIA 2: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.