YouVersion Logo
Search Icon

MALAKIA 1

1
1 # 1:1 മലാഖി = എന്റെ ദൂതൻ. മലാഖിയിലൂടെ സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്‌കിയ അരുളപ്പാട്:
ഇസ്രായേലിനോടുള്ള സ്നേഹം
2“ഞാൻ നിങ്ങളെ സ്നേഹിച്ചു” എന്നാൽ നിങ്ങൾ ചോദിക്കുന്നു: “എങ്ങനെയാണ് അവിടുന്നു ഞങ്ങളെ സ്നേഹിച്ചത്?” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഏശാവ് യാക്കോബിന്റെ സഹോദരനല്ലേ? എന്നിട്ടും യാക്കോബിനെ ഞാൻ സ്നേഹിച്ചു; 3ഏശാവിനെ വെറുത്തു. അവന്റെ മലമ്പ്രദേശങ്ങൾ ഞാൻ ശൂന്യമാക്കി. അവന്റെ അവകാശം മരുഭൂമിയിലെ കുറുനരികൾക്കു കൊടുക്കുകയും ചെയ്തു.” 4ഞങ്ങളെ തകർത്തുകളഞ്ഞെങ്കിലും അവശിഷ്ടങ്ങൾ ഞങ്ങൾ പുനരുദ്ധരിക്കുമെന്ന് എദോം പറയുന്നുവെങ്കിൽ സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അവർ പണിയട്ടെ, ഞാൻ ഇടിച്ചുനിരത്തും. അവർ ദുഷ്ടജനമെന്നും സർവേശ്വരന്റെ കോപത്തിന് എന്നും പാത്രമായ ജനമെന്നും വിളിക്കപ്പെടും. 5നിങ്ങൾ സ്വന്തം കണ്ണുകൊണ്ട് അതു കാണും. ഇസ്രായേലിന്റെ അതിർത്തിക്കപ്പുറത്തും സർവേശ്വരൻ ഉന്നതനെന്നു നിങ്ങൾ പറയും.”
പുരോഹിതന്മാരെ ശാസിക്കുന്നു
6പുത്രൻ പിതാവിനെയും ദാസൻ യജമാനനെയും ബഹുമാനിക്കുന്നു. എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, ഞാൻ നിങ്ങളോടു ചോദിക്കുന്നു: “ഞാൻ പിതാവെങ്കിൽ എന്നോടുള്ള ബഹുമാനം എവിടെ? ഞാൻ യജമാനനെങ്കിൽ എന്നോടുള്ള ഭക്തി എവിടെ? അങ്ങയുടെ നാമത്തെ എങ്ങനെയാണു ഞങ്ങൾ നിന്ദിക്കുന്നത്? എന്നു നിങ്ങൾ ചോദിക്കുന്നു. 7എന്റെ യാഗപീഠത്തിന്മേൽ മലിനഭോജനം അർപ്പിക്കുന്നതുകൊണ്ടുതന്നെ. അതെങ്ങനെയാണു ഞങ്ങൾ മലിനമാക്കുന്നത്? എന്നു നിങ്ങൾ ചോദിക്കുന്നു. സർവേശ്വരന്റെ യാഗപീഠം നിന്ദ്യമെന്നു നിങ്ങൾ കരുതുന്നതിനാൽ തന്നെ. 8കാഴ്ചയില്ലാത്ത മൃഗങ്ങളെ യാഗം അർപ്പിക്കുന്നതു തെറ്റല്ലേ? മുടന്തും രോഗവും ഉള്ളവയെ അർപ്പിക്കുന്നതും ശരിയാണോ? നിങ്ങളുടെ ദേശാധിപതിക്ക് അവയെ കാഴ്ചവച്ചാൽ അയാൾ നിങ്ങളിൽ പ്രസാദിക്കുമോ? അയാളുടെ പ്രീതി നിങ്ങൾക്കു കിട്ടുമോ? 9ഇത്തരം കാഴ്ചയർപ്പിച്ചാൽ നിങ്ങളിൽ ഞാൻ പ്രസാദിക്കുമോ? എന്നു സർവശക്തനായ സർവേശ്വരൻ ചോദിക്കുന്നു. ദൈവം നമ്മോടു കൃപാലുവായിത്തീരാൻ അവിടുത്തെ പ്രസാദത്തിനായി അപേക്ഷിക്കുക. 10നിങ്ങൾ എന്റെ യാഗപീഠത്തിൽ വെറുതെ യാഗാഗ്നി കത്തിക്കാതിരിക്കാൻ നിങ്ങളിൽ ആരെങ്കിലും ദേവാലയവാതിലുകൾ അടച്ചിരുന്നെങ്കിൽ കൊള്ളാമായിരുന്നു. എനിക്കു നിങ്ങളിൽ പ്രീതി ഇല്ല. നിങ്ങൾ അർപ്പിക്കുന്ന വഴിപാട് ഞാൻ സ്വീകരിക്കയുമില്ല. 11കിഴക്കുമുതൽ പടിഞ്ഞാറുവരെയുള്ള ജനതകൾക്കിടയിൽ എന്റെ നാമം ഉന്നതമായിരിക്കുന്നു. എല്ലായിടത്തും എന്റെ നാമത്തിൽ സുഗന്ധധൂപവും നിർമ്മലവഴിപാടും അർപ്പിച്ചുവരുന്നു. കാരണം, എന്റെ നാമം ജനതകൾക്കിടയിൽ ഉന്നതമാണ്. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം. 12നിങ്ങളാകട്ടെ സർവേശ്വരന്റെ യാഗപീഠം മലിനമാക്കാമെന്നും അതിൽ നിന്ദ്യമായ ഭോജനം അർപ്പിക്കാമെന്നും കരുതുമ്പോൾ നിങ്ങൾ അതിനെ അശുദ്ധമാക്കുന്നു. 13‘ഇത് എത്ര അസഹ്യം! ’ എന്നു പറഞ്ഞ് അതൃപ്തിയും വെറുപ്പും നിങ്ങൾ പ്രദർശിപ്പിക്കുന്നു എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അപഹരിക്കപ്പെട്ടതും രോഗംപിടിച്ചതും മുടന്തുള്ളതുമായ മൃഗങ്ങളെ യാഗാർപ്പണത്തിനു നിങ്ങൾ കൊണ്ടുവന്നാൽ ഞാൻ അവയെ സ്വീകരിക്കണമോ?” 14ആട്ടിൻകൂട്ടത്തിലുള്ള ഒരാണാടിനെ നേർന്നശേഷം കുറ്റമുള്ള മറ്റൊന്നിനെ സർവേശ്വരനർപ്പിക്കുന്ന വഞ്ചകൻ ശപിക്കപ്പെട്ടവൻ; കാരണം, ഞാൻ ഉന്നതനായ രാജാവാണ്. എന്റെ നാമത്തെ ജനതകൾ ഭയപ്പെടുന്നു. ഇതു സർവശക്തനായ സർവേശ്വരന്റെ വചനം.

Currently Selected:

MALAKIA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for MALAKIA 1