YouVersion Logo
Search Icon

LUKA 3

3
യോഹന്നാൻ സ്നാപകന്റെ സന്ദേശം
(മത്താ. 3:1-12; മർക്കോ. 1:1-8; യോഹ. 1:19-28)
1സഖറിയായുടെ പുത്രനായ യോഹന്നാനു വിജനസ്ഥലത്തുവച്ച് ദൈവത്തിന്റെ അരുളപ്പാടുണ്ടായി. അത് തിബര്യോസ് കൈസറുടെ ഭരണത്തിന്റെ പതിനഞ്ചാം വർഷം ആയിരുന്നു; പൊന്തിയോസ് പീലാത്തോസ് ആയിരുന്നു യെഹൂദ്യയിലെ ഗവർണർ; 2ഹേരോദാ അന്തിപ്പാസ് ഗലീലയിലെയും അദ്ദേഹത്തിന്റെ സഹോദരൻ ഫീലിപ്പോസ് ഇതൂര്യ ത്രഖോനിത്തിയിലെയും ലൂസാന്യാസ് അബിലേനയിലെയും സാമന്തരാജാക്കന്മാരും ആയിരുന്നു. അന്നത്തെ മഹാപുരോഹിതന്മാർ ഹന്നാസും കയ്യഫാസുമായിരുന്നു. 3യോഹന്നാൻ യോർദ്ദാൻനദിയുടെ പരിസരപ്രദേശങ്ങളിലെല്ലാം സഞ്ചരിച്ച് “നിങ്ങളുടെ പാപങ്ങളിൽനിന്നു പിന്തിരിയുക, സ്നാപനം സ്വീകരിക്കുക; അപ്പോൾ ദൈവം നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കും” എന്നു പ്രഖ്യാപനം ചെയ്തു.
4വിജനപ്രദേശത്ത് ഒരാൾ വിളിച്ചുപറയുന്നു:
‘ദൈവത്തിനുവേണ്ടി വഴി ഒരുക്കുക; അവിടുത്തെ പാത നേരെയാക്കുക.
5എല്ലാ താഴ്‌വരകളും നികത്തപ്പെടണം;
എല്ലാ കുന്നുകളും മലകളും നിരത്തുകയും,
വളഞ്ഞ വഴികളെല്ലാം നേരെയാക്കുകയും, പരുക്കൻ പാതകളെല്ലാം
സുഗമമാക്കിത്തീർക്കുകയും വേണം.
6അങ്ങനെ ദൈവത്തിന്റെ രക്ഷ മനുഷ്യവർഗം മുഴുവനും ദർശിക്കും’
എന്ന് യെശയ്യാപ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ടല്ലോ.
7തന്നിൽനിന്നു സ്നാപനം സ്വീകരിക്കുവാൻ വന്ന ജനസഞ്ചയത്തോട് അദ്ദേഹം പറഞ്ഞു: “സർപ്പസന്തതികളേ, വരുവാനുള്ള ശിക്ഷാവിധിയിൽനിന്ന് ഓടി രക്ഷപെടുവാൻ നിങ്ങൾക്ക് ബുദ്ധി ഉപദേശിച്ചത് ആരാണ്? 8അബ്രഹാം ഞങ്ങളുടെ പൂർവപിതാവാണ് എന്നു സ്വയം അഭിമാനിക്കാതെ പാപത്തിൽനിന്നു പിന്തിരിഞ്ഞു എന്നു തെളിയിക്കുന്ന പ്രവൃത്തികൾ ചെയ്യുക. ഈ കല്ലുകളിൽനിന്നുപോലും അബ്രഹാമിനുവേണ്ടി സന്തതികളെ ഉത്പാദിപ്പിക്കുവാൻ ദൈവത്തിനു കഴിയും. 9ഇപ്പോൾത്തന്നെ വൃക്ഷങ്ങളുടെ ചുവട്ടിൽ കോടാലി വച്ചുകഴിഞ്ഞിരിക്കുന്നു. നല്ല ഫലം കായ്‍ക്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിലിട്ടു കളയും.” 10അപ്പോൾ ജനം അദ്ദേഹത്തോട്: “ഞങ്ങൾ എന്തു ചെയ്യണം?” എന്നു ചോദിച്ചു. യോഹന്നാൻ പ്രതിവചിച്ചു: 11“രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവനു പങ്കുവയ്‍ക്കുക. ആഹാരസാധനങ്ങളുള്ളവരും അങ്ങനെതന്നെ ചെയ്യണം.”
12ചുങ്കം പിരിക്കുന്നവരിൽ ചിലരും സ്നാപനം ഏല്‌ക്കുവാൻ വന്നു. അവർ ചോദിച്ചു: “ഞങ്ങൾ ചെയ്യേണ്ടത് എന്താണ്?”
13യോഹന്നാൻ പറഞ്ഞു: “നിങ്ങൾ നിശ്ചിത നിരക്കിൽ കൂടുതൽ നികുതി ഈടാക്കരുത്.”
14പടയാളികളും തങ്ങൾ എന്തു ചെയ്യണമെന്ന് അദ്ദേഹത്തോടു ചോദിച്ചു.
“ബലാൽക്കാരേണയോ, സത്യവിരുദ്ധമായി കുറ്റം ആരോപിച്ചോ, ആരുടെയും മുതൽ അപഹരിക്കരുത്. നിങ്ങളുടെ വേതനംകൊണ്ടു തൃപ്തിപ്പെടുക” എന്ന് അദ്ദേഹം മറുപടി നല്‌കി.
15വീണ്ടെടുപ്പിനുവേണ്ടി കാത്തിരുന്ന ജനങ്ങൾ യോഹന്നാനെക്കുറിച്ച് “ഒരുവേള ഇദ്ദേഹം ക്രിസ്തു ആയിരിക്കുമോ?” എന്നു സ്വയം ചോദിച്ചു. 16യോഹന്നാനാകട്ടെ ഇങ്ങനെ പറഞ്ഞു: “ഞാൻ വെള്ളംകൊണ്ടാണു നിങ്ങളെ സ്നാപനം ചെയ്യുന്നത്; എന്നാൽ എന്നെക്കാൾ ബലമേറിയ ഒരുവൻ വന്നു നിങ്ങളെ പരിശുദ്ധാത്മാവിലും അഗ്നിയിലും സ്നാപനം ചെയ്യും. അവിടുത്തെ ചെരുപ്പിന്റെ വാറ് അഴിക്കുന്ന അടിമയുടെ യോഗ്യതപോലും എനിക്കില്ല. 17അവിടുത്തെ കൈയിൽ വീശുമുറം ഉണ്ട്; കളം വെടിപ്പാക്കി, നല്ല കോതമ്പ് അറപ്പുരയിൽ സംഭരിക്കുകയും പതിര് കെടാത്ത തീയിലിട്ടു ചുട്ടുകളയുകയും ചെയ്യും.”
18ഇങ്ങനെയുള്ള ഒട്ടേറെ പ്രബോധനങ്ങൾ നല്‌കിക്കൊണ്ടു യോഹന്നാൻ സുവിശേഷം പ്രസംഗിച്ചു. സാമന്തരാജാവായ ഹേരോദാ 19സഹോദരഭാര്യയായ ഹേരോദ്യയുമായി അവിഹിതബന്ധം പുലർത്തുകയും മറ്റു പല അധർമങ്ങളിലും ഏർപ്പെടുകയും ചെയ്തിരുന്നതുകൊണ്ട് യോഹന്നാൻ അദ്ദേഹത്തെ കഠിനമായി ശാസിച്ചു. 20ഹേരോദാ എല്ലാ അധർമങ്ങളും ചെയ്തതിനു പുറമേ യോഹന്നാനെ കാരാഗൃഹത്തിലാക്കുകയും ചെയ്തു.
യേശുവിന്റെ സ്നാപനം
(മത്താ. 3:13-17; മർക്കോ. 1:9-11)
21ജനങ്ങളെല്ലാം സ്നാപനമേറ്റപ്പോൾ യേശുവും സ്നാപനം സ്വീകരിച്ചു. യേശു പ്രാർഥിച്ചുകൊണ്ടിരുന്നപ്പോൾ സ്വർഗം തുറന്നു. 22പരിശുദ്ധാത്മാവു പ്രാവിന്റെ രൂപത്തിൽ അവിടുത്തെമേൽ ഇറങ്ങിവന്നു. സ്വർഗത്തിൽനിന്ന് “നീ എന്റെ പ്രിയപുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നൊരു അശരീരിയും ഉണ്ടായി.
യേശുവിന്റെ വംശാവലി
(മത്താ. 1:1-17)
23ഏകദേശം മുപ്പതു വയസ്സായപ്പോഴാണ് യേശു പൊതുരംഗത്തു പ്രവർത്തനം ആരംഭിച്ചത്. യേശു യോസേഫിന്റെ പുത്രനെന്നത്രേ ജനങ്ങൾ കരുതിയിരുന്നത്. യോസേഫ് ഹേലിയുടെ പുത്രൻ; 24ഹേലി മത്ഥാത്തിന്റെ പുത്രൻ; മത്ഥാത്ത് ലേവിയുടെ പുത്രൻ; ലേവി മെല്‌ക്കിയുടെ പുത്രൻ; മെല്‌ക്കി യന്നായിയുടെ പുത്രൻ; യന്നായി യോസേഫിന്റെ പുത്രൻ; 25യോസേഫ് മത്തഥ്യൊസിന്റെ പുത്രൻ; മത്തഥ്യൊസ് ആമോസിന്റെ പുത്രൻ; ആമോസ് നാഹൂമിന്റെ പുത്രൻ; നാഹൂം എസ്‍ലിയുടെ പുത്രൻ; എസ്‍ലി നഗ്ഗായിയുടെ പുത്രൻ; 26നഗ്ഗായി മയാത്തിന്റെ പുത്രൻ; മയാത്ത് മത്തഥ്യൊസിന്റെ പുത്രൻ; മത്തഥ്യൊസ് ശെമയിയുടെ പുത്രൻ; ശെമയി യോസേഫിന്റെ പുത്രൻ; യോസേഫ് യോദയുടെ പുത്രൻ; 27യോദ യോഹന്നാന്റെ പുത്രൻ; യോഹന്നാൻ രേസയുടെ പുത്രൻ; രേസ സൊരൊബാബേലിന്റെ പുത്രൻ; സൊരൊബാബേൽ ശലഥിയേലിന്റെ പുത്രൻ; 28ശലഥിയേൽ നേരിയുടെ പുത്രൻ; നേരി മെല്‌ക്കിയുടെ പുത്രൻ; മെല്‌ക്കി അദ്ദിയുടെ പുത്രൻ; അദ്ദി കോസാമിന്റെ പുത്രൻ; കോസാം എല്മാദാമിന്റെ പുത്രൻ; 29എല്മാദാം ഏരിന്റെ പുത്രൻ; ഏർ യോശുവിന്റെ പുത്രൻ; യോശു എലീയേസരിന്റെ പുത്രൻ; എലീയേസർ യോരീമിന്റെ പുത്രൻ; യോരീം മത്ഥാത്തിന്റെ പുത്രൻ; മത്ഥാത്ത് ലേവിയുടെ പുത്രൻ; 30ലേവി ശിമ്യോന്റെ പുത്രൻ; ശിമ്യോൻ യെഹൂദായുടെ പുത്രൻ; യെഹൂദാ യോസേഫിന്റെ പുത്രൻ; യോസേഫ് യോനാമിന്റെ പുത്രൻ; 31യോനാം എല്യാക്കീമിന്റെ പുത്രൻ; എല്യാക്കീം മെല്യാവിന്റെ പുത്രൻ; മെല്യാവ് മെന്നയുടെ പുത്രൻ; മെന്ന മത്തഥയുടെ പുത്രൻ; മത്തഥ നാഥാന്റെ പുത്രൻ; 32നാഥാൻ ദാവീദിന്റെ പുത്രൻ; ദാവീദ് യിശ്ശായിയുടെ പുത്രൻ; യിശ്ശായി ഓബേദിന്റെ പുത്രൻ; ഓബേദ് ബോവസിന്റെ പുത്രൻ; ബോവസ് സല്മോന്റെ പുത്രൻ; സല്മോൻ നഹശോന്റെ പുത്രൻ; നഹശോൻ അമ്മീനാദാബിന്റെ പുത്രൻ; 33അമ്മീനാദാബ് ആരാമിന്റെ പുത്രൻ; ആരാം എസ്രോന്റെ പുത്രൻ; എസ്രോൻ പാരെസിന്റെ പുത്രൻ; പാരെസ് യെഹൂദായുടെ പുത്രൻ; 34യെഹൂദാ യാക്കോബിന്റെ പുത്രൻ; യാക്കോബ് ഇസ്ഹാക്കിന്റെ പുത്രൻ; ഇസ്ഹാക്ക് അബ്രഹാമിന്റെ പുത്രൻ; അബ്രഹാം തേരഹിന്റെ പുത്രൻ; 35തേരഹ് നാഹോരിന്റെ പുത്രൻ; നാഹോർ സെരൂഗിന്റെ പുത്രൻ; സെരൂഗ് രെഗുവിന്റെ പുത്രൻ; രെഗു ഫാലെഗിന്റെ പുത്രൻ; ഫാലെഗ് ഏബെരിന്റെ പുത്രൻ; ഏബെർ ശലാമിന്റെ പുത്രൻ; ശലാം കയിനാന്റെ പുത്രൻ; 36കയിനാൻ അർഫക്സാദിന്റെ പുത്രൻ; അർഫക്സാദ് ശേമിന്റെ പുത്രൻ; ശേം നോഹയുടെ പുത്രൻ; 37നോഹ ലാമേക്കിന്റെ പുത്രൻ; ലാമേക്ക് മെഥൂശലയുടെ പുത്രൻ; മെഥൂശല ഹാനോക്കിന്റെ പുത്രൻ; ഹാനോക്ക് യാരെദിന്റെ പുത്രൻ; യാരെദ് മെലെല്യേലിന്റെ പുത്രൻ; മെലെല്യേൽ കയിനാന്റെ പുത്രൻ; 38കയിനാൻ ഏനോശിന്റെ പുത്രൻ; ഏനോശ് ശേത്തിന്റെ പുത്രൻ; ശേത്ത് ആദാമിന്റെ പുത്രൻ; ആദാം ദൈവത്തിന്റെ പുത്രൻ.

Currently Selected:

LUKA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy