LUKA 12:32-59
LUKA 12:32-59 MALCLBSI
“ചെറിയ ആട്ടിൻപറ്റമേ, ഭയപ്പെടേണ്ടാ. തന്റെ രാജ്യം നിങ്ങൾക്കു നല്‌കുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീർണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വർഗത്തിൽ സൂക്ഷിക്കുക. അവിടെ കള്ളൻ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല. നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും. “നിങ്ങൾ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക. കല്യാണവിരുന്നു കഴിഞ്ഞ് തങ്ങളുടെ യജമാനൻ തിരിച്ചുവന്നു മുട്ടുന്നയുടൻ വാതിൽ തുറന്നു കൊടുക്കുവാൻ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങൾ. യജമാനൻ വരുമ്പോൾ ജാഗരൂകരായി കാണപ്പെടുന്ന ഭൃത്യന്മാർ അനുഗൃഹീതർ. അദ്ദേഹം അരകെട്ടിവന്ന് അവരെ ഭക്ഷണത്തിനിരുത്തി ഉപചരിക്കുമെന്നു ഞാൻ ഉറപ്പിച്ചു നിങ്ങളോടു പറയുന്നു. അദ്ദേഹം അർധരാത്രിക്കോ അതിനു ശേഷമോ വരികയും തന്റെ ദാസന്മാരെ ജാഗ്രതയുള്ളവരായി കാണുകയും ചെയ്താൽ അവർ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. കള്ളൻ ഏതു സമയത്താണു വരുന്നതെന്ന് അറിഞ്ഞിരുന്നാൽ ഗൃഹനാഥൻ ഉണർന്നിരിക്കുകയും വീടു കുത്തിത്തുറക്കുവാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.” അപ്പോൾ പത്രോസ് ചോദിച്ചു: “കർത്താവേ, ഈ ദൃഷ്ടാന്തകഥ ഞങ്ങളോടു മാത്രമാണോ അതോ എല്ലാവരോടുംകൂടിയാണോ അങ്ങു പറഞ്ഞത്?” യേശു പ്രതിവചിച്ചു: “ഭൃത്യന്മാർക്ക് യഥാവസരം ഭക്ഷണസാധനങ്ങൾ വീതിച്ചു കൊടുക്കുന്നതിനും വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനുമായി വിശ്വസ്തനും വിവേകിയുമായ ഒരു കാര്യസ്ഥനെ യജമാനൻ നിയമിക്കുന്നു എന്നു സങ്കല്പിക്കുക. യജമാനൻ വരുമ്പോൾ ആ കാര്യസ്ഥൻ അപ്രകാരമെല്ലാം ചെയ്യുന്നതായി കാണപ്പെടുന്നെങ്കിൽ അയാൾ അനുഗ്രഹിക്കപ്പെട്ടവനത്രേ. അയാളെ തന്റെ സകല വസ്തുവകകളുടെയും കാര്യസ്ഥനായി അദ്ദേഹം നിയമിക്കുമെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. എന്നാൽ യജമാനൻ വരാൻ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യൻ വേലക്കാരായ സ്‍ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാൽ താൻ പ്രതീക്ഷിക്കാത്ത നാളിലും നാഴികയിലും അദ്ദേഹം വന്ന് അയാളെ ശിക്ഷിക്കുകയും അവിശ്വസ്തരുടെ ഗണത്തിൽ അയാളെ ഉൾപ്പെടുത്തുകയും ചെയ്യും. “യജമാനന്റെ ഹിതം എന്തെന്ന് അറിഞ്ഞിട്ടും ഒരുങ്ങാതെയും യജമാനന്റെ ഇച്ഛാനുസരണം പ്രവർത്തിക്കാതെയും ഇരിക്കുന്ന ദാസനു കഠിനമായ പ്രഹരം ലഭിക്കും. എന്നാൽ ചെയ്ത പ്രവൃത്തി ശിക്ഷാർഹമാണെങ്കിലും അറിയാതെയാണ് അപ്രകാരം ചെയ്തതെങ്കിൽ അയാൾക്കു ലഭിക്കുന്ന അടി ലഘുവായിരിക്കും. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും. കൂടുതൽ ഏല്പിച്ചവനോടു കൂടുതൽ ചോദിക്കും. “ഭൂമിയിൽ അഗ്നി വർഷിക്കുവാനാണു ഞാൻ വന്നത്. ഉടൻ തന്നെ അതു കത്തി ജ്വലിച്ചിരുന്നെങ്കിൽ! എന്നാൽ എനിക്ക് ഒരു സ്നാപനം ഏല്‌ക്കേണ്ടതായിട്ടുണ്ട്. അതു കഴിയുന്നതുവരെ ഞാൻ എത്രമാത്രം ഞെരുങ്ങുന്നു! ഭൂമിയിൽ സമാധാനം നല്‌കുവാൻ ഞാൻ വന്നു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാൻ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു. ഇനിമേൽ അഞ്ചംഗങ്ങളുള്ള ഒരു ഭവനത്തിൽ മൂന്നുപേർ രണ്ടുപേർക്കെതിരെയും രണ്ടുപേർ മൂന്നുപേർക്കെതിരെയും ഭിന്നിക്കും. അപ്പൻ മകനും, മകൻ അപ്പനും, അമ്മ മകൾക്കും, മകൾ അമ്മയ്‍ക്കും, അമ്മായിയമ്മ മരുമകൾക്കും, മരുമകൾ അമ്മായിയമ്മയ്‍ക്കും എതിരെ ഭിന്നിക്കും.” യേശു ജനത്തോട് അരുൾചെയ്തു: “പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാൽ ഉടനെ മഴപെയ്യാൻ പോകുന്നു എന്നു നിങ്ങൾ പറയും; അപ്രകാരം സംഭവിക്കുകയും ചെയ്യുന്നു. തെക്കൻകാറ്റ് അടിക്കുമ്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. കപടഭക്തന്മാരേ, ആകാശത്തിന്റെയും ഭൂമിയുടെയും ഭാവഭേദങ്ങൾ വിവേചിക്കുവാൻ നിങ്ങൾക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാൻ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്? “ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങൾ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്? നിന്റെ പേരിൽ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്റെ മുമ്പിലേക്കു പോകുമ്പോൾ വഴിയിൽവച്ചുതന്നെ അയാളുമായി രാജിയാകുവാൻ ശ്രമിക്കുക; അല്ലാത്തപക്ഷം അയാൾ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപൻ നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്‍ക്കുകയും ചെയ്യും. അവസാനത്തെ പൈസവരെ കൊടുത്തുകഴിഞ്ഞല്ലാതെ നീ ഒരിക്കലും അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”