LUKA 12
12
കപടഭക്തിയാകുന്ന പുളിപ്പുമാവ്
(മത്താ. 10:26-27)
1ഇതിനിടയ്‍ക്ക് അന്യോന്യം ചവിട്ടേല്‌ക്കത്തക്കവിധം ജനങ്ങൾ ആയിരക്കണക്കിനു തിങ്ങിക്കൂടി. ആദ്യം തന്റെ ശിഷ്യന്മാരോട് യേശു ഇപ്രകാരം പറഞ്ഞു: 2“പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിപ്പുമാവിൽനിന്ന് ഒഴിഞ്ഞുമാറിക്കൊള്ളണം; മറച്ചുവച്ചത് ഒന്നും വെളിച്ചത്തുവരാതെയും നിഗൂഢമായത് ഒന്നും അറിയപ്പെടാതെയും ഇരിക്കുകയില്ല. 3ഇരുട്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എന്തുതന്നെയായാലും അവ വെളിച്ചത്തു കേൾക്കും. സ്വകാര്യമുറികളിലിരുന്നു മന്ത്രിച്ചത് പുരമുകളിൽ ഉച്ചത്തിൽ ഘോഷിക്കപ്പെടും.
ആരെ ഭയപ്പെടണം?
(മത്താ. 10:28-31)
4“എന്റെ സ്നേഹിതന്മാരേ, ഞാൻ നിങ്ങളോടു പറയുന്നു: ശരീരത്തെ നശിപ്പിക്കുന്നവരെ ഭയപ്പെടേണ്ടാ; അതിൽ കൂടുതലൊന്നും അവർക്കു ചെയ്യുവാൻ കഴിയുകയില്ലല്ലോ. 5പിന്നെ ആരെയാണു ഭയപ്പെടേണ്ടത് എന്നല്ലേ? കൊന്നശേഷം നരകത്തിലേക്കു തള്ളിക്കളയുവാൻ അധികാരമുള്ളവനെ ഭയപ്പെടുക എന്നു ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു നല്‌കുന്നു. അതേ, ആ ദൈവത്തെത്തന്നെ ഭയപ്പെടുക.
6“രണ്ടു കാശിന് അഞ്ചു കുരുവികളെയല്ലേ വിൽക്കുന്നത്? എന്നാൽ അവയിൽ ഒന്നിനെപ്പോലും ദൈവം മറക്കുന്നില്ല. 7നിങ്ങളുടെ തലയിലെ ഓരോ മുടിയും എണ്ണപ്പെട്ടിരിക്കുന്നു. നിങ്ങൾ ഭയപ്പെടേണ്ടാ, അനേകം കുരുവികളെക്കാൾ നിങ്ങൾ വിലയേറിയവരാണല്ലോ.
ക്രിസ്തുവിനെ അംഗീകരിക്കുന്നതും നിഷേധിക്കുന്നതും
(മത്താ. 10:32-33; 12:32; 10:19-20)
8“മനുഷ്യരുടെ മുമ്പിൽ എന്നെ സ്വീകരിച്ച് ഏറ്റുപറയുന്നവനെ, ദൈവദൂതന്മാരുടെ മുമ്പിൽ മനുഷ്യപുത്രനും സ്വീകരിച്ച് ഏറ്റുപറയും എന്നു ഞാൻ നിങ്ങളോടു പറയുന്നു; 9എന്നാൽ മനുഷ്യരുടെ മുമ്പിൽ എന്നെ നിഷേധിക്കുന്നവനെ, ദൈവദൂതന്മാരുടെ മുമ്പിൽ ഞാനും നിഷേധിക്കും.
10“മനുഷ്യപുത്രനെതിരെ ഒരു വാക്കു പറയുന്ന ഏതൊരുവനോടും ക്ഷമിക്കും; പക്ഷേ, പരിശുദ്ധാത്മാവിനെതിരെ ദൂഷണം പറയുന്നവനോടു ക്ഷമിക്കുകയില്ല.
11“നിങ്ങളെ സുനഗോഗുകളിലേക്കോ ഭരണാധിപന്മാരുടെയോ അധികാരികളുടെയോ മുമ്പിലേക്കോ കൊണ്ടുപോകുമ്പോൾ എന്തു മറുപടി പറയണമെന്നോ അഥവാ എങ്ങനെ മൊഴി കൊടുക്കണമെന്നോ ഓർത്ത് ആകുലചിത്തരാകേണ്ടതില്ല. 12നിങ്ങൾ എന്തു പറയണമെന്നുള്ളത് തത്സമയം പരിശുദ്ധാത്മാവു നിങ്ങളെ പഠിപ്പിക്കും.”
ധനികനായ ഭോഷൻ
13ജനക്കൂട്ടത്തിൽ ഒരുവൻ യേശുവിനോട്: “ഗുരോ, ഞങ്ങളുടെ പിതൃസ്വത്തിൽ എനിക്കുള്ള ഓഹരി ഭാഗിച്ചുതരുവാൻ എന്റെ സഹോദരനോടു കല്പിച്ചാലും” എന്നു പറഞ്ഞു.
14അവിടുന്ന് അയാളോടു ചോദിച്ചു: “ഹേ! മനുഷ്യാ, എന്നെ ന്യായാധിപനായോ സ്വത്തുഭാഗം ചെയ്യുന്നവനായോ ആരെങ്കിലും നിയമിച്ചിട്ടുണ്ടോ?” 15പിന്നീട് എല്ലാവരോടുമായി അവിടുന്നു പറഞ്ഞു: “എല്ലാവിധ ദ്രവ്യാഗ്രഹങ്ങളിൽനിന്നും ഒഴിഞ്ഞിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുക; ഒരുവന്റെ സമ്പൽസമൃദ്ധിയിലല്ല അവന്റെ ജീവൻ അടങ്ങിയിരിക്കുന്നത്.”
16യേശു അവരോട് ഒരു ദൃഷ്ടാന്തകഥ പറഞ്ഞു: “ധനാഢ്യനായ ഒരാളിന്റെ കൃഷിഭൂമിയിൽ സമൃദ്ധമായ വിളവുണ്ടായി; 17അയാൾ ചിന്തിച്ചു തുടങ്ങി: ‘എന്റെ വിളവു സൂക്ഷിക്കുവാൻ സ്ഥലമില്ലല്ലോ; ഞാൻ എന്തു ചെയ്യും?’ 18അയാൾ ആത്മഗതം ചെയ്തു: ‘ഒരു കാര്യം ഞാൻ ചെയ്യും: എന്റെ അറപ്പുരകൾ പൊളിച്ചു വലുതാക്കിപ്പണിയും; അവിടെ എന്റെ മുഴുവൻ ധാന്യങ്ങളും മറ്റുവിഭവങ്ങളും സംഭരിക്കും. 19പിന്നീട് എന്നോടുതന്നെ ഞാൻ പറയും: ‘അനേകവർഷത്തേക്കു വേണ്ട വകകളെല്ലാം നിനക്കുണ്ട്; ഇനി വിശ്രമിച്ചുകൊള്ളുക; തിന്നുക, കുടിക്കുക, ആനന്ദിക്കുക.’ 20എന്നാൽ ദൈവം അവനോടു പറഞ്ഞു: ‘ഭോഷാ! ഇന്നു രാത്രി നിന്റെ ജീവൻ നിന്നോട് ആവശ്യപ്പെടുന്നെങ്കിൽ നിന്റെ സമ്പാദ്യമെല്ലാം ആർക്കുള്ളതായിരിക്കും?
21“ദൈവികകാര്യങ്ങളിൽ സമ്പന്നനാകാതെ തനിക്കുവേണ്ടിതന്നെ സമ്പത്തു സംഭരിച്ചു വയ്‍ക്കുന്നവന്റെ സ്ഥിതി ഇതാണ്.”
ആകുലചിന്തയെപ്പറ്റി
(മത്താ. 6:25-34)
22യേശു ശിഷ്യന്മാരോട് അരുൾചെയ്തു: “അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നു: എന്തു ഭക്ഷിക്കുമെന്നോർത്ത് നിന്റെ ജീവനെക്കുറിച്ചോ, എന്തു ധരിക്കുമെന്നോർത്ത് ശരീരത്തെക്കുറിച്ചോ ആകുലചിത്തരാകരുത്. 23ജീവൻ ആഹാരത്തെക്കാളും ശരീരം വസ്ത്രത്തെക്കാളും പ്രാധാന്യമുള്ളതാണല്ലോ. 24കാക്കളെ നോക്കുക; അവ വിതയ്‍ക്കുന്നില്ല, കൊയ്യുന്നുമില്ല; അവയ്‍ക്ക് അറപ്പുരയോ, കളപ്പുരയോ ഇല്ല. എങ്കിലും ദൈവം അവയെ പോറ്റുന്നു. അവയെക്കാൾ എത്രയോ വിലപ്പെട്ടവരാണ് നിങ്ങൾ! 25ഉൽക്കണ്ഠാകുലരാകുന്നതുകൊണ്ട് തന്റെ ആയുസ്സിന്റെ ദൈർഘ്യം അല്പമെങ്കിലും കൂട്ടുവാൻ നിങ്ങളിൽ ആർക്കു കഴിയും? 26അത്രയും ചെറിയ ഒരു കാര്യത്തിനുപോലും നിങ്ങൾക്കു കഴിവില്ലെങ്കിൽ മറ്റു കാര്യങ്ങളെച്ചൊല്ലി എന്തിന് ആകുലചിത്തരാകുന്നു? 27കാട്ടുപൂക്കൾ എങ്ങനെ വളരുന്നു എന്ന് ആലോചിച്ചുനോക്കുക. അവ അധ്വാനിക്കുന്നില്ല; നൂൽക്കുന്നതുമില്ല; എങ്കിലും സകല പ്രതാപത്തോടുംകൂടി വാണരുളിയ ശലോമോന്റെ വസ്ത്രങ്ങൾപോലും ഈ പൂക്കളിൽ ഒന്നിനെപ്പോലെ മനോഹരമായിരുന്നില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു. 28ഇന്നു വയലിൽ കാണുന്നെങ്കിലും നാളെ അടുപ്പിൽ വയ്‍ക്കുന്ന പുൽക്കൊടിയെ ദൈവം ഇപ്രകാരം അണിയിക്കുന്നെങ്കിൽ അല്പവിശ്വാസികളേ, അവിടുന്ന് അതിലും എത്ര അധികമായി നിങ്ങളെ അണിയിക്കും.
29“അതുകൊണ്ട് എന്തു തിന്നും എന്തു കുടിക്കും എന്നു ചിന്തിക്കുകയോ ആകുലചിത്തരാകുകയോ അരുത്. 30ഈവക കാര്യങ്ങളെല്ലാം ലൗകികമനുഷ്യർ അന്വേഷിക്കുന്നു; എന്നാൽ ഇവ നിങ്ങൾക്ക് ആവശ്യമുണ്ടെന്ന് നിങ്ങളുടെ പിതാവിനറിയാം. 31അവിടുത്തെ രാജ്യം സാക്ഷാത്കരിക്കുന്നതിനുള്ള കാര്യങ്ങളിൽ നിങ്ങൾ തത്പരരാകുക; അതോടുകൂടി ഇവയും നിങ്ങൾക്കു ലഭിക്കും.
സ്വർഗത്തിൽ നിക്ഷേപം
(മത്താ. 6:19-21)
32“ചെറിയ ആട്ടിൻപറ്റമേ, ഭയപ്പെടേണ്ടാ. തന്റെ രാജ്യം നിങ്ങൾക്കു നല്‌കുവാൻ നിങ്ങളുടെ പിതാവ് പ്രസാദിച്ചിരിക്കുന്നു. 33നിങ്ങളുടെ വസ്തുവകകൾ വിറ്റു ദരിദ്രർക്കു കൊടുക്കുക. അങ്ങനെ ഒരിക്കലും ജീർണിക്കാത്ത പണസഞ്ചിയും അക്ഷയമായ നിക്ഷേപവും സ്വർഗത്തിൽ സൂക്ഷിക്കുക. അവിടെ കള്ളൻ കടക്കുകയില്ല; പുഴു തിന്നു നശിപ്പിക്കുകയുമില്ല. 34നിങ്ങളുടെ നിക്ഷേപം എവിടെ ആയിരിക്കുന്നുവോ അവിടെ ആയിരിക്കും നിങ്ങളുടെ സർവ ശ്രദ്ധയും.
ജാഗ്രതയുള്ള ഭൃത്യൻ
35“നിങ്ങൾ അരമുറുക്കിയും വിളക്കു കൊളുത്തിയും കാത്തിരിക്കുക. 36കല്യാണവിരുന്നു കഴിഞ്ഞ് തങ്ങളുടെ യജമാനൻ തിരിച്ചുവന്നു മുട്ടുന്നയുടൻ വാതിൽ തുറന്നു കൊടുക്കുവാൻ കാത്തിരിക്കുന്നവരെപ്പോലെ ആയിരിക്കണം നിങ്ങൾ. 37യജമാനൻ വരുമ്പോൾ ജാഗരൂകരായി കാണപ്പെടുന്ന ഭൃത്യന്മാർ അനുഗൃഹീതർ. അദ്ദേഹം അരകെട്ടിവന്ന് അവരെ ഭക്ഷണത്തിനിരുത്തി ഉപചരിക്കുമെന്നു ഞാൻ ഉറപ്പിച്ചു നിങ്ങളോടു പറയുന്നു. 38അദ്ദേഹം അർധരാത്രിക്കോ അതിനു ശേഷമോ വരികയും തന്റെ ദാസന്മാരെ ജാഗ്രതയുള്ളവരായി കാണുകയും ചെയ്താൽ അവർ അനുഗ്രഹിക്കപ്പെട്ടവരാകുന്നു. 39-40കള്ളൻ ഏതു സമയത്താണു വരുന്നതെന്ന് അറിഞ്ഞിരുന്നാൽ ഗൃഹനാഥൻ ഉണർന്നിരിക്കുകയും വീടു കുത്തിത്തുറക്കുവാൻ ഇടകൊടുക്കാതിരിക്കുകയും ചെയ്യും. അപ്രതീക്ഷിതമായ സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്. അതുകൊണ്ട് നിങ്ങളും ഒരുങ്ങിയിരിക്കുക.”
വിശ്വസ്ത ഭൃത്യൻ
(മത്താ. 24:45-51)
41അപ്പോൾ പത്രോസ് ചോദിച്ചു: “കർത്താവേ, ഈ ദൃഷ്ടാന്തകഥ ഞങ്ങളോടു മാത്രമാണോ അതോ എല്ലാവരോടുംകൂടിയാണോ അങ്ങു പറഞ്ഞത്?”
42യേശു പ്രതിവചിച്ചു: “ഭൃത്യന്മാർക്ക് യഥാവസരം ഭക്ഷണസാധനങ്ങൾ വീതിച്ചു കൊടുക്കുന്നതിനും വീട്ടുകാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനുമായി വിശ്വസ്തനും വിവേകിയുമായ ഒരു കാര്യസ്ഥനെ യജമാനൻ നിയമിക്കുന്നു എന്നു സങ്കല്പിക്കുക. 43യജമാനൻ വരുമ്പോൾ ആ കാര്യസ്ഥൻ അപ്രകാരമെല്ലാം ചെയ്യുന്നതായി കാണപ്പെടുന്നെങ്കിൽ അയാൾ അനുഗ്രഹിക്കപ്പെട്ടവനത്രേ. 44അയാളെ തന്റെ സകല വസ്തുവകകളുടെയും കാര്യസ്ഥനായി അദ്ദേഹം നിയമിക്കുമെന്നു ഞാൻ നിങ്ങളോട് ഉറപ്പിച്ചുപറയുന്നു. 45എന്നാൽ യജമാനൻ വരാൻ വൈകുമെന്നു സ്വയം പറഞ്ഞുകൊണ്ട് ആ ഭൃത്യൻ വേലക്കാരായ സ്‍ത്രീകളെയും പുരുഷന്മാരെയും പ്രഹരിക്കുകയും തിന്നും കുടിച്ചും മദ്യപിച്ചും ഉന്മത്തനായാൽ 46താൻ പ്രതീക്ഷിക്കാത്ത നാളിലും നാഴികയിലും അദ്ദേഹം വന്ന് അയാളെ ശിക്ഷിക്കുകയും അവിശ്വസ്തരുടെ ഗണത്തിൽ അയാളെ ഉൾപ്പെടുത്തുകയും ചെയ്യും.
47“യജമാനന്റെ ഹിതം എന്തെന്ന് അറിഞ്ഞിട്ടും ഒരുങ്ങാതെയും യജമാനന്റെ ഇച്ഛാനുസരണം പ്രവർത്തിക്കാതെയും ഇരിക്കുന്ന ദാസനു കഠിനമായ പ്രഹരം ലഭിക്കും. 48എന്നാൽ ചെയ്ത പ്രവൃത്തി ശിക്ഷാർഹമാണെങ്കിലും അറിയാതെയാണ് അപ്രകാരം ചെയ്തതെങ്കിൽ അയാൾക്കു ലഭിക്കുന്ന അടി ലഘുവായിരിക്കും. അധികം ലഭിച്ചവനിൽനിന്ന് അധികം ആവശ്യപ്പെടും. കൂടുതൽ ഏല്പിച്ചവനോടു കൂടുതൽ ചോദിക്കും.
യേശു നിമിത്തം ഉണ്ടാകുന്ന ഭിന്നത
(മത്താ. 10:34-36)
49“ഭൂമിയിൽ അഗ്നി വർഷിക്കുവാനാണു ഞാൻ വന്നത്. ഉടൻ തന്നെ അതു കത്തി ജ്വലിച്ചിരുന്നെങ്കിൽ! 50എന്നാൽ എനിക്ക് ഒരു സ്നാപനം ഏല്‌ക്കേണ്ടതായിട്ടുണ്ട്. അതു കഴിയുന്നതുവരെ ഞാൻ എത്രമാത്രം ഞെരുങ്ങുന്നു! 51ഭൂമിയിൽ സമാധാനം നല്‌കുവാൻ ഞാൻ വന്നു എന്നാണോ നിങ്ങൾ വിചാരിക്കുന്നത്? സമാധാനം അല്ല, പ്രത്യുത, ഭിന്നത വരുത്തുവാനത്രേ ഞാൻ വന്നിരിക്കുന്നത് എന്നു നിങ്ങളോടു പറയുന്നു. 52ഇനിമേൽ അഞ്ചംഗങ്ങളുള്ള ഒരു ഭവനത്തിൽ മൂന്നുപേർ രണ്ടുപേർക്കെതിരെയും രണ്ടുപേർ മൂന്നുപേർക്കെതിരെയും ഭിന്നിക്കും. 53അപ്പൻ മകനും, മകൻ അപ്പനും, അമ്മ മകൾക്കും, മകൾ അമ്മയ്‍ക്കും, അമ്മായിയമ്മ മരുമകൾക്കും, മരുമകൾ അമ്മായിയമ്മയ്‍ക്കും എതിരെ ഭിന്നിക്കും.”
കാലവിവേചനം
(മത്താ. 16:2-3)
54യേശു ജനത്തോട് അരുൾചെയ്തു: “പടിഞ്ഞാറു മേഘം ഉയരുന്നതു കണ്ടാൽ ഉടനെ മഴപെയ്യാൻ പോകുന്നു എന്നു നിങ്ങൾ പറയും; അപ്രകാരം സംഭവിക്കുകയും ചെയ്യുന്നു. 55തെക്കൻകാറ്റ് അടിക്കുമ്പോൾ അത്യുഷ്ണം ഉണ്ടാകും എന്നു നിങ്ങൾ പറയുന്നു; അങ്ങനെതന്നെ സംഭവിക്കുകയും ചെയ്യുന്നു. 56കപടഭക്തന്മാരേ, ആകാശത്തിന്റെയും ഭൂമിയുടെയും ഭാവഭേദങ്ങൾ വിവേചിക്കുവാൻ നിങ്ങൾക്കറിയാം. പക്ഷേ, ഈ സമയത്തെ വിവേചിക്കുവാൻ അറിഞ്ഞുകൂടാത്തത് എന്തുകൊണ്ട്?
അനുരഞ്ജനത്തിന്റെ ആവശ്യകത
(മത്താ. 5:25-26)
57“ന്യായമായി ചെയ്യേണ്ടത് എന്തെന്നു നിങ്ങൾ സ്വയം വിധിക്കാത്തതും എന്തുകൊണ്ട്? 58നിന്റെ പേരിൽ അന്യായം കൊടുത്തിട്ടുള്ള വാദിയോടൊത്തു ഭരണാധിപന്റെ മുമ്പിലേക്കു പോകുമ്പോൾ വഴിയിൽവച്ചുതന്നെ അയാളുമായി രാജിയാകുവാൻ ശ്രമിക്കുക; അല്ലാത്തപക്ഷം അയാൾ നിന്നെ വലിച്ചിഴച്ചു ന്യായാധിപനെ ഏല്പിക്കുകയും ന്യായാധിപൻ നിന്നെ ജയിലധികാരിയെ ഏല്പിക്കുകയും ജയിലധികാരി നിന്നെ കാരാഗൃഹത്തിലടയ്‍ക്കുകയും ചെയ്യും. 59അവസാനത്തെ പൈസവരെ കൊടുത്തുകഴിഞ്ഞല്ലാതെ നീ ഒരിക്കലും അവിടെനിന്നു പുറത്തുവരികയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”
Currently Selected:
LUKA 12: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.