YouVersion Logo
Search Icon

JOSUA 5

5
1ഇസ്രായേൽജനം കടന്നുപോകാൻ യോർദ്ദാൻനദിയിലെ വെള്ളം സർവേശ്വരൻ വറ്റിച്ചുകളഞ്ഞ വിവരം യോർദ്ദാനു പടിഞ്ഞാറുള്ള അമോര്യരാജാക്കന്മാരും സമുദ്രതീരത്തുള്ള കനാന്യരാജാക്കന്മാരും കേട്ടപ്പോൾ അവർ വല്ലാതെ പരിഭ്രമിച്ചു. ഇസ്രായേല്യർ നിമിത്തം അവരുടെ ധൈര്യം ക്ഷയിച്ചു.
ഗില്ഗാലിലെ പരിച്ഛേദനം
2“കല്‌ക്കത്തിയുണ്ടാക്കി ഇസ്രായേൽജനത്തെ വീണ്ടും പരിച്ഛേദനം ചെയ്യണം” എന്ന് സർവേശ്വരൻ യോശുവയോട് കല്പിച്ചു. 3അതനുസരിച്ചു യോശുവ കല്‌ക്കത്തിയുണ്ടാക്കി #5:3 ഗിബയാത്ത് ഹാർലോത്ത് = പരിച്ഛേദനാഗിരിഗിബയാത്ത് ഹാർലോത്തിൽ ഇസ്രായേൽജനത്തെ പരിച്ഛേദനം നടത്തി. 4യോശുവ അങ്ങനെ ചെയ്തതിനു കാരണം ഇതായിരുന്നു: ഈജിപ്തിൽനിന്നു പുറപ്പെട്ടശേഷം യോദ്ധാക്കൾ ഉൾപ്പെടെ പുരുഷന്മാരെല്ലാവരും മരിച്ചുപോയിരുന്നു. 5യാത്ര പുറപ്പെട്ടപ്പോൾ അവരുടെ കൂടെ ഉണ്ടായിരുന്ന പുരുഷസന്താനങ്ങളെല്ലാം പരിച്ഛേദനം ഏറ്റവരായിരുന്നു. എന്നാൽ ഈജിപ്തിൽനിന്നുള്ള യാത്രാമധ്യേ മരുഭൂമിയിൽവച്ചു ജനിച്ചവരാരും പരിച്ഛേദനം ഏറ്റിരുന്നില്ല. 6സർവേശ്വരന്റെ വാക്ക് അനുസരിക്കാതിരുന്നതുകൊണ്ട് ഈജിപ്തിൽനിന്നു പുറപ്പെട്ടവരിൽ യോദ്ധാക്കളായ പുരുഷന്മാരെല്ലാം മരിച്ചൊടുങ്ങുന്നതുവരെ ഇസ്രായേൽജനം നാല്പതു വർഷക്കാലം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു. അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതും പാലും തേനും ഒഴുകുന്നതുമായ ദേശം കാണാൻ അവർക്ക് ഇടയാകുകയില്ലെന്നു സർവേശ്വരൻ പ്രതിജ്ഞ ചെയ്തിരുന്നു. 7അവർക്കു പകരം അവരുടെ പുത്രന്മാരെ സർവേശ്വരൻ ഉയർത്തി; അവരെയായിരുന്നു യോശുവ പരിച്ഛേദനം ചെയ്തത്. യാത്രാമധ്യേ അവരുടെ പരിച്ഛേദനം നടന്നിരുന്നില്ല. 8പരിച്ഛേദനം കഴിഞ്ഞ് എല്ലാവരും സൗഖ്യം പ്രാപിക്കുന്നതുവരെ പാളയത്തിൽതന്നെ പാർത്തു. 9സർവേശ്വരൻ യോശുവയോട് അരുളിച്ചെയ്തു: “ഈജിപ്തിൽ അടിമകളായിരുന്നതിന്റെ അപമാനം ഇന്നു ഞാൻ നിങ്ങളിൽനിന്നു നീക്കിയിരിക്കുന്നു; അതുകൊണ്ട് ആ സ്ഥലം ‘ഗില്ഗാൽ’ എന്ന പേരിൽ ഇന്നും അറിയപ്പെടുന്നു.”
10ഇസ്രായേൽജനം യെരീഹോ സമതലത്തിലെ ഗില്ഗാലിൽ പാളയമടിച്ചു. ആ മാസം പതിനാലാം ദിവസം വൈകുന്നേരം അവിടെവച്ച് പെസഹ ആചരിച്ചു. 11ആ പ്രദേശത്തു വിളഞ്ഞ ധാന്യംകൊണ്ടുണ്ടാക്കിയ പുളിപ്പില്ലാത്ത അപ്പവും വറുത്ത കോതമ്പും അവർ പിറ്റേദിവസം ഭക്ഷിച്ചു. 12അന്നു മുതൽ മന്ന വർഷിക്കാതെയായി. അതിനുശേഷം ഇസ്രായേല്യർക്ക് മന്ന ലഭിച്ചില്ല; ആ വർഷംമുതൽ കനാൻദേശത്തെ ഫലം അവർ ഭക്ഷിച്ചു.
സർവേശ്വരന്റെ സൈന്യാധിപൻ
13യോശുവ യെരീഹോവിനു സമീപത്തു വച്ച് ഊരിയ വാളുമായി നില്‌ക്കുന്ന ഒരാളിനെ കണ്ടു; യോശുവ അയാളെ സമീപിച്ചു ചോദിച്ചു: “നീ ഞങ്ങളുടെ പക്ഷത്തുള്ളവനോ അതോ ശത്രുപക്ഷത്തുള്ളവനോ?” 14“രണ്ടുമല്ല; സർവേശ്വരന്റെ സേനാനായകനായി ഞാൻ ഇപ്പോൾ വന്നിരിക്കുന്നു” എന്നയാൾ മറുപടി നല്‌കി. യോശുവ സാഷ്ടാംഗപ്രണാമം ചെയ്തതിനുശേഷം ചോദിച്ചു: “ഈ ദാസനോട് അവിടുത്തേക്ക് എന്താണ് കല്പിക്കാനുള്ളത്?” 15സർവേശ്വരന്റെ സേനാനായകൻ യോശുവയോടു പറഞ്ഞു: “നിന്റെ കാലിലെ ചെരുപ്പ് അഴിച്ചുകളക; വിശുദ്ധസ്ഥലത്താണ് നീ നില്‌ക്കുന്നത്.” യോശുവ അങ്ങനെ ചെയ്തു.

Currently Selected:

JOSUA 5: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in