YouVersion Logo
Search Icon

JOSUA 21

21
ലേവ്യർക്കുള്ള പട്ടണങ്ങൾ
(1 ദിന. 6:54-81)
1ലേവ്യഗോത്രത്തിലെ കുടുംബത്തലവന്മാർ കനാൻദേശത്തുള്ള ശീലോവിൽ പുരോഹിതനായ എലെയാസാറിന്റെയും നൂനിന്റെ പുത്രനായ യോശുവയുടെയും ഇസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ ചെന്നു പറഞ്ഞു: 2“ഞങ്ങൾക്ക് പാർക്കാനുള്ള പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്കു വേണ്ട മേച്ചിൽസ്ഥലങ്ങളും തരാൻ സർവേശ്വരൻ മോശ മുഖേന കല്പിച്ചിട്ടുണ്ടല്ലോ.” 3സർവേശ്വരന്റെ കല്പനയനുസരിച്ച് ഇസ്രായേൽജനം തങ്ങളുടെ അവകാശഭൂമിയിൽനിന്ന് ലേവ്യർക്ക് താഴെപ്പറയുന്ന പട്ടണങ്ങളും മേച്ചിൽസ്ഥലങ്ങളും നല്‌കി.
4കെഹാത്യകുടുംബങ്ങൾക്ക് ആദ്യം നറുക്കു വീണു. അതനുസരിച്ച് അവരിൽ പുരോഹിതനായ അഹരോന്റെ പിൻഗാമികളായ ലേവ്യർക്ക് യെഹൂദാ, ശിമെയോൻ, ബെന്യാമീൻ എന്നീ ഗോത്രങ്ങളിൽനിന്ന് പതിമൂന്ന് പട്ടണങ്ങൾ ലഭിച്ചു.
5അവശേഷിച്ച കെഹാത്യർക്ക് നറുക്കു വീണതനുസരിച്ച് എഫ്രയീം, ദാൻ ഗോത്രങ്ങളിൽനിന്നും മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നും പത്തു പട്ടണങ്ങൾ ലഭിച്ചു.
6ഗേർശോന്യകുടുംബങ്ങൾക്കു നറുക്കു വീണതനുസരിച്ച് ഇസ്സാഖാർ, ആശേർ, നഫ്താലിഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്നും പതിമൂന്നു പട്ടണങ്ങൾ ലഭിച്ചു.
7മെരാരികുടുംബങ്ങൾക്കു രൂബേൻ, ഗാദ്, സെബൂലൂൻഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
8സർവേശ്വരൻ മോശ മുഖേന കല്പിച്ചതുപോലെ, നറുക്കു വീണതനുസരിച്ച് ഈ പട്ടണങ്ങളും അവയോടു ചേർന്നുള്ള പുല്പുറങ്ങളും ഇസ്രായേൽജനം ലേവ്യർക്കു കൊടുത്തു. 9-10യെഹൂദാ, ശിമെയോൻ ഗോത്രങ്ങളിൽനിന്നു ലേവിഗോത്രത്തിൽ കെഹാത്യനായ അഹരോന്റെ പിൻതലമുറക്കാർക്കു ലഭിച്ച പട്ടണങ്ങൾ താഴെ പറയുന്നവയാണ്. അവർക്കായിരുന്നു ആദ്യം നറുക്കു വീണത്. 11അങ്ങനെ യെഹൂദാ മലനാട്ടിൽ അനാക്കിന്റെ പിതാവായ അർബ്ബയുടെ പട്ടണമായ കിര്യത്ത്-അർബ എന്നു പേരുള്ള ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവർക്കു ലഭിച്ചു. 12എന്നാൽ പട്ടണത്തോടു ചേർന്നുള്ള വയലുകളും ഗ്രാമങ്ങളും യെഫൂന്നെയുടെ പുത്രനായ കാലേബിനാണ് അവകാശമായി ലഭിച്ചത്.
13പുരോഹിതനായ അഹരോന്റെ പിൻഗാമികൾക്ക് അഭയനഗരമായ ഹെബ്രോനും, ലിബ്നാ, യത്ഥീർ, 14-15എസ്തെമോവ, ഹോലോൻ, ദെബീർ, അയീൻ, യൂത്താ, 16ബേത്ത്- ശേമെശ് എന്നീ പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളും കൂടി കൊടുത്തു. അങ്ങനെ യെഹൂദാ ശിമെയോൻഗോത്രങ്ങളിൽനിന്ന് ഒമ്പതു പട്ടണങ്ങളാണ് അവർക്കു കൊടുത്തത്; 17ബെന്യാമീൻഗോത്രത്തിൽനിന്നു ഗിബെയോൻ, ഗേബ, അനാഥോത്ത്, 18അല്മോൻ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും അവർക്കു കൊടുത്തു. 19അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർക്കു ലഭിച്ചത് ആകെ പതിമൂന്നു പട്ടണങ്ങളും അവയുടെ മേച്ചിൽസ്ഥലങ്ങളുമായിരുന്നു.
20ലേവിഗോത്രത്തിലെ കെഹാത്യകുടുംബങ്ങളിൽ ശേഷിച്ചവർക്ക് എഫ്രയീംഗോത്രത്തിൽ നിന്നായിരുന്നു ഭൂമി ലഭിച്ചത്. 21എഫ്രയീം മലനാട്ടിലെ അഭയനഗരമായി ശെഖേമും, ഗേസെർ, കിബ്സയീം, 22ബേത്ത്-ഹോരോൻ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും, 23ദാൻഗോത്രത്തിൽനിന്നു ഏൽ-തെക്കേ, ഗിബ്ബെഥോൻ, 24അയ്യാലോൻ, ഗത്ത്-രിമ്മോൻ എന്നീ നാലു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും 25മനശ്ശെയുടെ പകുതി ഗോത്രത്തിൽനിന്ന് താനാക്ക്, ഗത്ത്-രിമ്മോൻ എന്നീ രണ്ടു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നല്‌കപ്പെട്ടു; 26അങ്ങനെ കെഹാത്യരിൽ ശേഷിച്ചവർക്ക് ആകെ പത്തു പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലഭിച്ചു.
27ലേവ്യകുടുംബത്തിൽപ്പെട്ട ഗേർശോന്യർക്ക് മനശ്ശെയുടെ പകുതി ഗോത്രക്കാരുടെ മലനാട്ടിൽനിന്ന് അഭയനഗരമായ ബാശാനിലെ ഗോലാനും, ബെയെസ്തെര എന്നീ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും 28ഇസ്സാഖാർ ഗോത്രത്തിൽനിന്നു കിശ്യോൻ, ദാബെരത്ത്, 29യർമൂത്ത്, ഏൻ-ഗന്നീം എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും 30ആശേർ ഗോത്രത്തിൽനിന്ന് മിശാൽ, അബ്‍ദോൻ, 31ഹെല്‌കത്ത്, രെഹോബ് എന്നീ നാലു പട്ടണങ്ങളും അവയോടു ചേർന്നുള്ള മേച്ചിൽപ്പുറങ്ങളും 32നഫ്താലിഗോത്രത്തിൽനിന്ന് അഭയനഗരമായ ഗലീലയിലെ കേദെശ്, ഹമ്മോത്ത്-ദോർ, കർത്ഥാൻ എന്നീ മൂന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള മേച്ചിൽപ്പുറങ്ങളും ലഭിച്ചു. 33ഇങ്ങനെ പതിമൂന്നു പട്ടണങ്ങളും അവയോടു ചേർന്നുള്ള പുല്പുറങ്ങളും ആയിരുന്നു ഗേർശോൻകുലത്തിലെ വിവിധ കുടുംബങ്ങൾക്കു ലഭിച്ചത്.
34ലേവിഗോത്രത്തിൽ ശേഷിച്ച മെരാരി കുടുംബങ്ങൾക്ക് സെബൂലൂൻഗോത്രത്തിൽനിന്നു യൊക്നെയാം, 35കർത്ഥാ, ദിമ്നാ, നഹലാൽ എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും 36രൂബേൻഗോത്രത്തിൽനിന്നു ബേസെർ, 37യെഹ്സ്, കെദേമോത്ത്, മേഫാത്ത് എന്നീ നാലു പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും 38ഗാദ്ഗോത്രത്തിൽനിന്നു ഗിലെയാദിലെ അഭയനഗരമായ രാമോത്ത്, മഹനയീം, 39ഹെശ്ബോൻ, യസേർ എന്നീ പട്ടണങ്ങളും അവയുടെ മേച്ചിൽപ്പുറങ്ങളും ലഭിച്ചു. 40ലേവ്യകുടുംബത്തിൽ ശേഷിച്ച മെരാരികുടുംബക്കാർക്ക് നറുക്കനുസരിച്ച് ആകെ പന്ത്രണ്ടു പട്ടണങ്ങൾ ലഭിച്ചു.
41-42ഇങ്ങനെ ഇസ്രായേൽജനത്തിന് അവകാശമായി ലഭിച്ച ദേശത്തുനിന്ന് ലേവ്യർക്ക് ആകെ നാല്പത്തെട്ടു പട്ടണങ്ങളും അവയോടു ചേർന്നുള്ള മേച്ചിൽപ്പുറങ്ങളും ലഭിച്ചു.
ദേശം കൈവശപ്പെടുത്തുന്നു
43സർവേശ്വരൻ ഇസ്രായേൽജനത്തിനു നല്‌കുമെന്ന് അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്ന ദേശമെല്ലാം അവർക്കു നല്‌കി. അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു. 44അവരുടെ പിതാക്കന്മാരോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ സർവേശ്വരൻ ദേശത്തെല്ലാം സ്വസ്ഥത കൈവരുത്തി. അവിടുന്ന് ഇസ്രായേൽജനത്തിന് അവരുടെ ശത്രുക്കളുടെമേൽ വിജയം നല്‌കിയതുകൊണ്ട് ആർക്കും അവരെ ചെറുത്തുനില്‌ക്കാൻ കഴിഞ്ഞില്ല. 45ഇസ്രായേൽജനത്തോട് ചെയ്ത സകല വാഗ്ദാനങ്ങളും സർവേശ്വരൻ നിറവേറ്റി.

Currently Selected:

JOSUA 21: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in