YouVersion Logo
Search Icon

JOSUA 20

20
അഭയനഗരങ്ങൾ
(ആവ. 4:41-43; 19:1-13; സംഖ്യാ. 35:6-34)
1-2“മോശ മുഖേന ഞാൻ നിങ്ങളോടു കല്പിച്ചതുപോലെ അഭയനഗരങ്ങൾ വേർതിരിക്കാൻ ജനത്തോടു പറയുക” എന്നു സർവേശ്വരൻ യോശുവയോടു കല്പിച്ചു. 3അബദ്ധവശാൽ ഒരാൾ മറ്റൊരാളെ കൊല്ലാൻ ഇടയായാൽ കൊല്ലപ്പെട്ടവനുവേണ്ടി പ്രതികാരം ചെയ്യാൻ ബാധ്യസ്ഥനായ ബന്ധുവിൽ നിന്നു രക്ഷപെട്ട് അഭയം പ്രാപിക്കുന്നതിനുള്ള നഗരങ്ങളാണ് അവ. 4അവയിൽ ഏതെങ്കിലുമൊരു പട്ടണത്തിലേക്ക് ഓടിച്ചെല്ലുന്നവൻ നഗരവാതില്‌ക്കൽ നിന്നുകൊണ്ട് ആ നഗരത്തിലെ ജനനേതാക്കളോട് അവന്റെ പ്രശ്നം വിശദീകരിച്ചു പറയണം. അവർ അവനെ പട്ടണത്തിൽ പ്രവേശിക്കാൻ അനുവദിക്കണം. കൂടാതെ തങ്ങളുടെ ഇടയിൽ പാർക്കുന്നതിന് ഒരു സ്ഥലം അവനു നല്‌കുകയും വേണം. 5പ്രതികാരകൻ അവനെ പിന്തുടർന്നു ചെന്നാലും പൂർവവിദ്വേഷം കൂടാതെ അബദ്ധവശാൽ അങ്ങനെ ചെയ്തുപോയതാകയാൽ പ്രതികാരകന്റെ കൈയിൽ അവനെ ഏല്പിക്കരുത്. 6അവൻ ജനത്തിന്റെ മുമ്പാകെ വിസ്തരിക്കപ്പെടുന്നതുവരെയോ അന്നത്തെ മഹാപുരോഹിതൻ മരിക്കുന്നതുവരെയോ അവിടെത്തന്നെ പാർക്കണം. അതിനുശേഷം അവനു താൻ വിട്ടുപോന്ന പട്ടണത്തിൽ സ്വന്തഭവനത്തിലേക്കു മടങ്ങിപ്പോകാം. 7അവർ യോർദ്ദാനു പടിഞ്ഞാറു നഫ്താലി മലനാട്ടിലുള്ള ഗലീലയിലെ കേദെശും എഫ്രയീം മലനാട്ടിലുള്ള ശെഖേമും യെഹൂദാ മലനാട്ടിലുള്ള ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയും 8യോർദ്ദാനു കിഴക്ക് യെരീഹോവിനെതിരെയുള്ള മരുഭൂമിയിൽ, രൂബേൻഗോത്രത്തിന് അവകാശപ്പെട്ട സമഭൂമിയിലുള്ള ബേസെരും, ഗിലെയാദിൽ ഗാദ് ഗോത്രക്കാരുടെ രാമോത്തും, ബാശാനിൽ മനശ്ശെഗോത്രക്കാരുടെ ഗോലാനും അഭയനഗരങ്ങളായി വേർതിരിച്ചു. 9അബദ്ധവശാൽ ഒരാളെ കൊന്നവൻ ജനസമൂഹത്തിന്റെ മുമ്പാകെ വിസ്താരത്തിനു നില്‌ക്കുന്നതുവരെ പ്രതികാരം ചെയ്യേണ്ടവനിൽനിന്ന് രക്ഷപെടാൻ വേണ്ടി ഇസ്രായേൽജനത്തിനും അവരുടെ ഇടയിൽ വന്നുപാർക്കുന്ന പരദേശികൾക്കും വേണ്ടി വേർതിരിച്ചിട്ടുള്ള അഭയനഗരങ്ങൾ ഇവയാകുന്നു.

Currently Selected:

JOSUA 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in