YouVersion Logo
Search Icon

JONA 3

3
യോനാ ദൈവത്തെ അനുസരിക്കുന്നു
1സർവേശ്വരൻ വീണ്ടും യോനായോട് അരുളിച്ചെയ്തു: 2“നീ മഹാനഗരമായ നിനെവേയിലേക്കു ചെന്ന് ഞാൻ തരുന്ന സന്ദേശം വിളിച്ചറിയിക്കുക.” 3അങ്ങനെ ദൈവകല്പന അനുസരിച്ച് യോനാ നിനെവേയിലേക്കു പോയി. ഒരറ്റത്തു നിന്നു മറ്റേ അറ്റത്ത് എത്താൻ മൂന്നുദിവസം നടക്കേണ്ടത്ര വലിയ നഗരമാണ് നിനെവേ. 4യോനാ നഗരത്തിലെത്തി ഒരു ദിവസത്തെ വഴി നടന്നു, പിന്നീട് ഇങ്ങനെ വിളിച്ചുപറഞ്ഞു: “നാല്പതു ദിവസം കഴിയുമ്പോൾ നിനെവേയ്‍ക്ക് ഉന്മൂലനാശം സംഭവിക്കും.” 5നിനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു. അവർ ഒരു ഉപവാസം പ്രഖ്യാപിച്ചു. വലിയവർതൊട്ടു ചെറിയവർവരെ എല്ലാവരും അനുതാപസൂചകമായി ചാക്കുതുണി ഉടുത്തു.
6ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂർവം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു. 7തുടർന്ന് നിനെവേയിൽ ഈ വിളംബരം പ്രസിദ്ധപ്പെടുത്തി: “നിനെവേയിലെ രാജാവും പ്രഭുക്കന്മാരും കല്പിക്കുന്നു: മനുഷ്യനാകട്ടെ കന്നുകാലികളാകട്ടെ യാതൊന്നും ഭക്ഷിക്കരുത്. യാതൊരു ജീവിയും തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. 8മനുഷ്യരും മൃഗങ്ങളും എല്ലാം ചാക്കുടുത്ത് ഉച്ചത്തിൽ ദൈവത്തെ വിളിച്ചു പ്രാർഥിക്കണം; എല്ലാവരും ദുർമാർഗങ്ങളിൽനിന്നും അധർമങ്ങളിൽനിന്നും പിന്തിരിയട്ടെ.” 9ദൈവം തന്റെ മനസ്സുമാറ്റി ക്രോധമടക്കുകയും നാം നശിച്ചുപോകാതെ രക്ഷപെടുകയും ചെയ്യുകയില്ലെന്ന് ആരു കണ്ടു?
10ദൈവം അവരുടെ ഈ പ്രവൃത്തികളും ദുർവൃത്തികളിൽനിന്നുള്ള പിന്മാറ്റവും കണ്ടു. അതുകൊണ്ട് മനസ്സുമാറ്റി; അവരുടെമേൽ വരുത്താൻ നിശ്ചയിച്ച അനർഥങ്ങൾ അയച്ചില്ല.

Currently Selected:

JONA 3: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in