YouVersion Logo
Search Icon

JONA 4

4
യോനാ ദൈവത്തോടു കോപിക്കുന്നു
1ഇത് യോനായ്‍ക്കു തീരെ രസിച്ചില്ല. അദ്ദേഹം രോഷാകുലനായി. യോനാ സർവേശ്വരനോടു പ്രാർഥിച്ചു: 2“എന്റെ ദേശത്തുവച്ചു ഞാൻ പറഞ്ഞത് ഇതുതന്നെയല്ലേ? അതുകൊണ്ടാണു ഞാൻ തർശ്ശീശിലേക്കു ബദ്ധപ്പെട്ട് ഓടിപ്പോയത്. അവിടുന്ന് അനുകമ്പയുള്ളവനും കാരുണ്യവാനും ക്ഷമിക്കുന്നവനും ശാശ്വതസ്നേഹനിധിയും ശിക്ഷിക്കാതെ മനസ്സലിവു കാട്ടുന്ന ദൈവവുമാണെന്ന് എനിക്കറിയാമായിരുന്നു. 3അതുകൊണ്ട് സർവേശ്വരാ, ഇപ്പോൾ എന്റെ ജീവനെ അങ്ങ് എടുത്തുകൊണ്ടാലും; എനിക്ക് ജീവിക്കേണ്ടാ, മരിക്കുന്നതാണ് എനിക്കു നല്ലത്.” അവിടുന്നു യോനായോടു ചോദിച്ചു: 4“നിന്റെ ഈ കോപം ഉചിതമോ?” 5അനന്തരം യോനാ നിനെവേ വിട്ടുപോയി. നഗരത്തിന്റെ കിഴക്കുവശത്ത് ഒരു കുടിൽ കെട്ടി, നഗരത്തിന് എന്തു ഭവിക്കും എന്നു കാണാൻ അതിൽ പാർത്തു.
6സർവേശ്വരൻ അവിടെ ഒരു ചെടി മുളപ്പിച്ചു. അതു വളർന്ന് തണൽ നല്‌കിയപ്പോൾ യോനായ്‍ക്ക് ആശ്വാസമായി. യോനാ വളരെ സന്തോഷിച്ചു. 7എന്നാൽ പിറ്റേന്നു പുലർച്ചെ ദൈവം നിയോഗിച്ച ഒരു പുഴു ചെടിയെ നശിപ്പിച്ചു. അതു വാടിപ്പോയി. 8വെയിലായപ്പോൾ ദൈവം അത്യുഷ്ണമുള്ള ഒരു കിഴക്കൻ കാറ്റ് അടിപ്പിച്ചു. ഉച്ചവെയിൽ യോനായുടെ തലയിൽ തട്ടി; തന്നിമിത്തം അദ്ദേഹം വാടിത്തളർന്നു. മരിച്ചാൽമതിയെന്നു യോനാ ഇച്ഛിച്ചു. “എനിക്കു ജീവിക്കേണ്ടാ, മരിക്കുന്നത് എനിക്കു നന്ന്” എന്ന് അദ്ദേഹം പറഞ്ഞു. 9“ആ ചെടിയെച്ചൊല്ലി നീ കോപിക്കുന്നതു ശരിയോ?” ദൈവം യോനായോടു ചോദിച്ചു. “മരണംവരെ കോപിക്കുന്നതു ശരിതന്നെ” യോനാ മറുപടി പറഞ്ഞു. 10സർവേശ്വരൻ വീണ്ടും അരുളിച്ചെയ്തു: “നീ നടുകയോ നനയ്‍ക്കുകയോ വളർത്തുകയോ ചെയ്യാതെ ഒരു രാത്രികൊണ്ടു വളർന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ? 11വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തിൽപരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?”

Currently Selected:

JONA 4: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in