JOBA 28
28
1വെള്ളി കുഴിച്ചെടുക്കുന്ന ഖനിയും
പൊന്നു ശുദ്ധി ചെയ്യാനുള്ള ഇടവും ഉണ്ട്
2ഇരുമ്പു മണ്ണിൽനിന്നെടുക്കുന്നു;
ചെമ്പ് അതിന്റെ അയിരിൽനിന്ന് ഉരുക്കിയെടുക്കുന്നു.
3മനുഷ്യൻ അന്ധകാരത്തെ ഭേദിച്ച്
തമോനിബിഡമായ ആഴങ്ങളിൽ അയിരു തേടിച്ചെല്ലുന്നു.
4നിർജനമായ താഴ്വരയിൽ അവർ ഖനി തുരക്കുന്നു.
വഴിപോക്കർപോലും വിസ്മരിച്ച ഏകാന്തതയിൽ,
ഖനനത്തിനു കയറിൽ തൂങ്ങി പണി എടുക്കുന്നു.
5ഭൂമിയിൽനിന്ന് ആഹാരം ലഭിക്കുന്നു;
എന്നാൽ അതിന്റെ അധോഭാഗം തിളച്ചുമറിയുന്നു;
6അതിലെ പാറകൾ ഇന്ദ്രനീലത്തിന്റെ ഇരിപ്പിടം;
സ്വർണത്തരിയും അതിലുണ്ട്.
7കഴുകന് ആ വഴി അജ്ഞാതം;
പരുന്തിന്റെ കണ്ണുകളും അതു കണ്ടിട്ടില്ല.
8ഘോരമൃഗങ്ങൾ അതിൽ ചവിട്ടിയിട്ടില്ല;
സിംഹം ആ വഴിയിലൂടെ കടന്നുപോയിട്ടില്ല.
9മനുഷ്യൻ തീക്കല്ലിൽ കൈ വയ്ക്കുന്നു;
പർവതങ്ങളെ അവൻ വേരോടെ മറിക്കുന്നു.
10പാറകളിൽ അവൻ ചാലുകൾ കീറുന്നു;
എല്ലാ അമൂല്യവസ്തുക്കളും അവന്റെ കണ്ണിൽപ്പെടുന്നു.
11അവൻ നീർച്ചാലുകളെ അണകെട്ടി തടുക്കുന്നു;
മറഞ്ഞിരിക്കുന്നവയെ അവൻ വെളിച്ചത്തു കൊണ്ടുവരുന്നു.
12എന്നാൽ ജ്ഞാനം എവിടെ കണ്ടെത്തും?
വിവേകത്തിന്റെ ആസ്ഥാനം എവിടെ?
13അങ്ങോട്ടുള്ള വഴി മനുഷ്യൻ അറിഞ്ഞിട്ടില്ല:
ജീവിക്കുന്നവരുടെ ദേശത്ത് അതു കണ്ടെത്തിയിട്ടില്ല;
14അത് എന്നിലില്ല എന്ന് അഗാധത പറയുന്നു;
അത് എന്റെ പക്കലില്ലെന്നു സമുദ്രവും പറയുന്നു.
15സ്വർണംകൊടുത്ത് അതു വാങ്ങാവുന്നതല്ല;
വെള്ളി തൂക്കിക്കൊടുത്താലും അതിന്റെ വിലയാവുകയില്ല.
16ഓഫീർതങ്കമോ, വിലയേറിയ ഗോമേദകമോ
ഇന്ദ്രനീലമോ അതിന്റെ വിലയാവുകയില്ല.
17സ്വർണവും സ്ഫടികവും അതിനു സമാനമല്ല;
സ്വർണപ്പണ്ടങ്ങൾ പകരം കൊടുത്ത് അതു നേടാവുന്നതല്ല.
18പവിഴത്തിന്റെയും പളുങ്കിന്റെയും കാര്യം പറയാനേയില്ല.
ജ്ഞാനം മുത്തുകളെക്കാൾ അമൂല്യമാണ്;
19എത്യോപ്യയിലെ പുഷ്യരാഗം അതിനോടു താരതമ്യപ്പെടുത്താനാവില്ല;
തനിത്തങ്കംകൊണ്ട് അതിന്റെ വിലമതിക്കാവുന്നതല്ല.
20അപ്പോൾ ജ്ഞാനം എവിടെനിന്നു വരുന്നു?
വിവേകത്തിന്റെ ഇരിപ്പിടം എവിടെ?
21അതു സകല ജീവികൾക്കും അഗോചരമാണ്;
പറവകളുടെ മിഴികൾക്കും അതു മറഞ്ഞിരിക്കുന്നു.
22ഞങ്ങൾ അതേപ്പറ്റി കേട്ടിട്ടേ ഉള്ളൂ എന്നു നരകവും മരണവും പറയുന്നു.
23അതിലേക്കുള്ള വഴി ദൈവം അറിയുന്നു;
അതിന്റെ ആസ്ഥാനം അവിടുത്തേക്കറിയാം.
24അവിടുന്നു ഭൂമിയുടെ അറുതികളിലേക്കു നോക്കുന്നു;
ആകാശത്തിൻ കീഴിലുള്ള സമസ്തവും കാണുകയും ചെയ്യുന്നു.
25അവിടുന്നു കാറ്റിനെ തൂക്കിനോക്കിയപ്പോൾ,
സമുദ്രജലം അളന്നു തിട്ടപ്പെടുത്തിയപ്പോൾ,
26മഴയ്ക്ക് ഒരു നിയമം ഏർപ്പെടുത്തിയപ്പോൾ,
ഇടിമിന്നലിനു വഴി നിർണയിച്ചപ്പോൾ,
27അവിടുന്ന് വിജ്ഞാനം കണ്ടു; അതു പ്രഖ്യാപിച്ചു.
അതു പരിശോധിച്ചു, അതിന്റെ മൂല്യം നിർണയിച്ചു.
28അവിടുന്നു മനുഷ്യനോട് അരുളിച്ചെയ്തു:
‘സർവേശ്വരനോടുള്ള ഭക്തിയാണ് ജ്ഞാനം തിന്മയിൽനിന്ന് അകലുന്നതാണ് വിവേകം.’
Currently Selected:
JOBA 28: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.