YouVersion Logo
Search Icon

JOBA 16

16
ഇയ്യോബിന്റെ മറുപടി
1ഇയ്യോബ് പറഞ്ഞു:
2“ഇങ്ങനെ പലതും ഞാൻ കേട്ടിട്ടുണ്ട്.
നിങ്ങളുടെ സാന്ത്വനവും എന്നെ വേദനിപ്പിക്കുന്നു.
3പൊള്ളവാക്കുകൾക്ക് അവസാനമില്ലേ?
അല്ലെങ്കിൽ ഇങ്ങനെ പറയാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്താണ്?
4എന്റെ സ്ഥാനത്ത് നിങ്ങൾ ആയിരുന്നെങ്കിൽ,
നിങ്ങൾ പറയുംപോലെ പറയാൻ എനിക്കും കഴിയുമായിരുന്നു.
നിങ്ങൾക്കെതിരെ സംസാരിക്കാനും
നിങ്ങളെ പരിഹസിക്കാനും എനിക്കു കഴിയുമായിരുന്നു.
5എന്റെ വാക്കുകൾകൊണ്ടു നിങ്ങളെ ധൈര്യപ്പെടുത്തുകയും
സാന്ത്വനവചസ്സുകൾകൊണ്ടു വേദനയാറ്റുകയും ചെയ്യുമായിരുന്നു.
6ഞാൻ സംസാരിച്ചാലും, എന്റെ വേദനയ്‍ക്കു ശമനം ഉണ്ടാകുന്നില്ല;
ഞാൻ മിണ്ടാതിരുന്നാലും, അത് എന്നെ വിട്ടുമാറുന്നില്ല.
7ദൈവമേ, അങ്ങ് ഇപ്പോൾ എന്നെ നിശ്ചയമായും പരിക്ഷീണനാക്കിയിരിക്കുന്നു.
എന്റെ ബന്ധുജനങ്ങളെയെല്ലാം അവിടുന്നു തകർത്തുകളഞ്ഞു.
8അവിടുന്ന് എന്നെ പിടികൂടിയിരിക്കുന്നു;
അത് എനിക്കെതിരെ സാക്ഷ്യമായിരിക്കുന്നു;
അവിടുന്നെന്നെ എല്ലും തോലും ആക്കിയിരിക്കുന്നു;
അത് എനിക്കെതിരെ സാക്ഷ്യം പറയുന്നു.
9അവിടുന്ന് എന്നെ വെറുക്കുകയും
ഉഗ്രരോഷത്തിൽ എന്നെ ചീന്തിക്കളയുകയും ചെയ്തിരിക്കുന്നു.
അവിടുന്ന് എന്റെ നേരെ പല്ലിറുമ്മുന്നു.
എന്റെ ശത്രുക്കൾ എന്റെ നേരേ തീക്ഷ്ണതയോടെ നോക്കുന്നു,
10അവർ എന്റെ നേരേ വായ് പിളർക്കുന്നു.
അവർ ഗർവത്തോടെ എന്റെ ചെകിട്ടത്ത് അടിക്കുന്നു;
എനിക്കെതിരെ സംഘടിക്കുന്നു.
11ദൈവം എന്നെ അധർമികൾക്ക് ഏല്പിച്ചു കൊടുക്കുന്നു;
ദുഷ്ടരുടെ കൈയിലേക്ക് എന്നെ എറിഞ്ഞു കൊടുക്കുന്നു.
12ഞാൻ സ്വസ്ഥമായി ജീവിച്ചുപോന്നു;
എന്നാൽ ദൈവം എന്നെ തകർത്തു;
അവിടുന്ന് എന്റെ കഴുത്തിനു പിടിച്ചു നിലത്തടിച്ചു തകർത്തുകളഞ്ഞു;
അവിടുന്ന് എന്നെ നോട്ടമിട്ടിരിക്കുന്നു.
13അവിടുത്തെ വില്ലാളികൾ എന്നെ വളഞ്ഞിരിക്കുന്നു.
അവിടുന്ന് എന്റെ ആന്തരാവയവങ്ങളെ കരുണകൂടാതെ കുത്തിപ്പിളർക്കുന്നു;
എന്റെ പിത്തരസം ഒഴുക്കിക്കളയുന്നു.
14അവിടുന്ന് വീണ്ടും വീണ്ടും എന്നെ ഇടിച്ചുതകർക്കുന്നു;
പോരാളിയെപ്പോലെ എന്റെ നേരേ ചാടി വീഴുന്നു.
15ഞാൻ ചാക്കു തുന്നി വസ്ത്രമാക്കിയിരിക്കുന്നു.
എന്റെ കരുത്ത് പൊടിയിൽ തൂകിക്കളഞ്ഞു.
16കരഞ്ഞു, കരഞ്ഞ് എന്റെ മുഖം ചുവന്നു;
എന്റെ കൺപോളകൾ കരുവാളിച്ചിരിക്കുന്നു.
17എങ്കിലും, എന്റെ കൈകൾ അതിക്രമം കാട്ടിയിട്ടില്ല.
എന്റെ പ്രാർഥന നിർമ്മലമാകുന്നു.
18ഭൂതലമേ, എന്റെ രക്തം മൂടിക്കളയരുതേ!
എന്റെ നിലവിളി നിർബാധം തുടരട്ടെ!
19ഇപ്പോഴും എന്റെ സാക്ഷി സ്വർഗത്തിലും
എന്റെ ജാമ്യക്കാരൻ ഉയരത്തിലും ഇരിക്കുന്നു.
20എന്റെ സുഹൃത്തുക്കൾ എന്നെ പരിഹസിക്കുന്നു.
ഞാൻ ദൈവസന്നിധിയിൽ കണ്ണുനീരൊഴുക്കുന്നു.
21അയൽക്കാരനോടു ന്യായവാദം നടത്തുന്നതുപോലെ
ദൈവത്തോട് എനിക്കുവേണ്ടി ന്യായവാദം നടത്താൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ!
22ഏതാനും വർഷങ്ങൾ കഴിയുമ്പോൾ മടങ്ങിവരാനാവാത്ത വഴിക്കു ഞാൻ പോകും.

Currently Selected:

JOBA 16: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

YouVersion uses cookies to personalize your experience. By using our website, you accept our use of cookies as described in our Privacy Policy