JEREMIA 7
7
യിരെമ്യാ ദേവാലയത്തിൽ
1യിരെമ്യാക്കു സർവേശ്വരനിൽ നിന്നുണ്ടായ അരുളപ്പാട്: 2“ദേവാലയവാതില്‌ക്കൽ നിന്നുകൊണ്ട് നീ ഇപ്രകാരം വിളംബരം ചെയ്യണം. സർവേശ്വരനെ ആരാധിക്കാൻ ഈ കവാടത്തിലൂടെ പ്രവേശിക്കുന്ന സകല യെഹൂദ്യരുമേ, അവിടുത്തെ വചനം കേൾക്കുവിൻ.” 3ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും നേരെയാക്കുവിൻ; എന്നാൽ ഈ ദേശത്തു പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.” 4ഇതു സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം, സർവേശ്വരന്റെ ആലയം എന്നുള്ള കപടവാക്കുകളിൽ ആശ്രയിക്കരുത്.
5നിങ്ങളുടെ ജീവിതരീതികളും പ്രവൃത്തികളും വാസ്തവമായി തിരുത്തുകയും അയൽക്കാരോടു നീതി പുലർത്തുകയും 6പരദേശിയെയും അനാഥരെയും വിധവയെയും ചൂഷണം ചെയ്യാതിരിക്കുകയും ഈ സ്ഥലത്തു കുറ്റമില്ലാത്തവന്റെ രക്തം ചിന്താതെയും സ്വന്തം നാശത്തിനായി അന്യദേവന്മാരുടെ പിന്നാലെ പോകാതെയും ഇരുന്നാൽ, 7നിങ്ങളുടെ പിതാക്കന്മാർക്കു ഞാൻ നല്‌കിയ ഈ ദേശത്ത് എന്നേക്കും പാർക്കാൻ ഞാൻ നിങ്ങളെ അനുവദിക്കും.
8നിങ്ങൾ വ്യർഥമായി കപടവാക്കുകളിൽ ആശ്രയിക്കുന്നു. 9നിങ്ങൾ മോഷ്‍ടിക്കുകയും കൊല്ലുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപമർപ്പിക്കുകയും നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാരുടെ പിന്നാലെ പോകുകയും ചെയ്യുന്നു. 10പിന്നീട് എന്റെ നാമത്തിലുള്ള ഈ ആലയത്തിൽ വന്ന് എന്റെ സന്നിധിയിൽ നിന്നുകൊണ്ടു ഞങ്ങൾ സുരക്ഷിതരാണെന്നു പറയുന്നു; ഈ മ്ലേച്ഛതകളെല്ലാം തുടരുന്നതിനു വേണ്ടിയുള്ള സുരക്ഷിതത്വമാണോ ഇത്? 11എന്റെ നാമത്തിലുള്ള ഈ ആലയം കള്ളന്മാരുടെ ഗുഹയായിട്ടാണോ നിങ്ങൾ കാണുന്നത്? അതേ, അങ്ങനെ തന്നെ ഞാൻ കാണുന്നു എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു”. 12“എന്റെ നാമത്തിൽ ഞാൻ ആദ്യം സ്ഥാപിച്ച ശീലോവിൽ ചെന്നു നോക്കുവിൻ. എന്റെ ജനമായ ഇസ്രായേലിന്റെ ദുഷ്ടത നിമിത്തം ഞാൻ അതിനോടു ചെയ്തത് എന്തെന്നു കാണുവിൻ.” 13അവിടുന്ന് അരുളിച്ചെയ്യുന്നു: “ഞാൻ നിരന്തരം നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ ശ്രദ്ധിച്ചില്ല; ഞാൻ വിളിച്ചിട്ടും നിങ്ങൾ ഉത്തരം പറഞ്ഞില്ല. ഇവയെല്ലാം നിങ്ങൾ ചെയ്തു. 14അതുകൊണ്ട് എന്റെ നാമത്തിൽ സ്ഥാപിതവും നിങ്ങൾ ആശ്രയിക്കുന്നതുമായ ഈ ആലയത്തോടും നിങ്ങളുടെ പിതാക്കന്മാർക്കും നിങ്ങൾക്കുമായി തന്നിരിക്കുന്ന ഈ സ്ഥലത്തോടും ശീലോവിനോടു ചെയ്തതുപോലെ ഞാൻ ചെയ്യും. 15നിങ്ങളുടെ ചാർച്ചക്കാരായ എഫ്രയീം സന്തതികളെയെല്ലാം പുറത്താക്കിയതുപോലെ നിങ്ങളെയും എന്റെ മുമ്പിൽനിന്നു ഞാൻ പുറന്തള്ളും.
ഇസ്രായേൽജനത്തിന്റെ അനുസരണക്കേട്
16ഈ ജനത്തിനുവേണ്ടി യിരെമ്യായേ, നീ പ്രാർഥിക്കരുത്; അവർക്കുവേണ്ടി നിലവിളിക്കുകയോ അപേക്ഷിക്കുകയോ അരുത്; അവർക്കുവേണ്ടി മധ്യസ്ഥത വഹിക്കരുത്; ഞാൻ അതു കേൾക്കുകയില്ല. 17യെഹൂദ്യനഗരങ്ങളിലും യെരൂശലേമിലെ വീഥികളിലും അവർ ചെയ്യുന്നതു നീ കാണുന്നില്ലേ? 18ആകാശരാജ്ഞിക്കു നല്‌കാൻ അപ്പം ചുടാൻ കുട്ടികൾ വിറകു ശേഖരിക്കുന്നു; പിതാക്കന്മാർ തീ കത്തിക്കുന്നു; സ്‍ത്രീകൾ മാവു കുഴയ്‍ക്കുന്നു; എന്നെ പ്രകോപിപ്പിക്കാൻ അന്യദേവന്മാർക്ക് അവർ പാനീയബലി അർപ്പിക്കുന്നു. 19അവർ പ്രകോപിപ്പിക്കുന്നത് എന്നെയാണോ? തങ്ങളെത്തന്നെയല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു. അവർ സ്വയം നാണം കെടുത്തുന്നു. 20അതുകൊണ്ട് ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും ഈ സ്ഥലത്തുള്ള മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും വയലിലെ വൃക്ഷങ്ങളുടെയും നിലത്തിലെ വിളകളുടെയും മേലും ചൊരിയപ്പെടും; അതു കെടാതെ കത്തിയെരിയും.”
21ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ മറ്റു യാഗങ്ങളോടുകൂടി ഹോമയാഗങ്ങളും ചേർത്ത് അവയുടെ മാംസം ഭക്ഷിക്കുവിൻ. 22നിങ്ങളുടെ പിതാക്കന്മാരെ ഈജിപ്തിൽ നിന്നു കൊണ്ടുവന്നപ്പോൾ ഹോമയാഗങ്ങളെക്കുറിച്ചോ മറ്റു യാഗങ്ങളെക്കുറിച്ചോ ഞാൻ പറഞ്ഞിരുന്നില്ല; യാതൊരു കല്പനയും കൊടുത്തിരുന്നതുമില്ല. 23എങ്കിലും ഞാൻ അവരോടു കല്പിച്ചിരുന്നു: ‘നിങ്ങൾ എന്റെ വാക്കുകൾ അനുസരിക്കുവിൻ, എന്നാൽ ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എന്റെ ജനവും ആയിരിക്കും; ഞാൻ നിങ്ങളോടു കല്പിച്ചിരുന്നതെല്ലാം അനുസരിച്ചാൽ നിങ്ങൾക്കു ശുഭമായിരിക്കും.’ 24പക്ഷേ, അവർ എന്നെ അനുസരിക്കുകയോ, ശ്രദ്ധിക്കുകയോ ചെയ്തില്ല; പിന്നെയോ, തങ്ങളുടെ ദുഷ്ടഹൃദയത്തിന്റെ പ്രേരണയനുസരിച്ചു തന്നിഷ്ടംപോലെ ജീവിച്ചു; മുന്നോട്ടല്ല, പിന്നോട്ടാണ് അവർ പോയത്. 25നിങ്ങളുടെ പിതാക്കന്മാർ ഈജിപ്തിൽനിന്നു പുറപ്പെട്ടുപോന്ന നാൾമുതൽ ഇന്നുവരെ, ദിനംപ്രതി എന്നവിധം എന്റെ ദാസരായ പ്രവാചകരെ അവരുടെ അടുക്കലേക്കു തുടർച്ചയായി ഞാൻ അയച്ചു. 26എന്നിട്ടും അവർ എന്നെ അനുസരിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാതെ ദുശ്ശാഠ്യത്തോടെ ജീവിച്ചു; തങ്ങളുടെ പിതാക്കന്മാരെക്കാൾ അധികം തിന്മ ചെയ്തു.” 27യിരെമ്യായേ, ഇവയെല്ലാം അവരോടു പറയുക; അവർ നിന്നെ ശ്രദ്ധിക്കുകയില്ല; നീ അവരെ വിളിക്കണം; പക്ഷേ അവർ വിളികേൾക്കുകയില്ല. 28നീ അവരോടു പറയണം: “തങ്ങളുടെ ദൈവമായ സർവേശ്വരന്റെ വാക്കു കേട്ടനുസരിക്കുകയോ ശിക്ഷണം സ്വീകരിക്കുകയോ ചെയ്യാത്ത ജനതയാണ് ഇത്. വിശ്വസ്തത നശിച്ചിരിക്കുന്നു; അത് അവരുടെ അധരങ്ങളെ വിട്ടുപോയിരിക്കുന്നു.”
ഹിന്നോം താഴ്‌വരയിലെ പാപങ്ങൾ
29“നിന്റെ തലമുടി കത്രിച്ചു ദൂരെ എറിയുക; മൊട്ടക്കുന്നുകളിൽ കയറി വിലപിക്കുക; തന്റെ ക്രോധത്തിനു പാത്രമായ ഈ തലമുറയെ സർവേശ്വരൻ ഉപേക്ഷിച്ചു തള്ളിക്കളഞ്ഞിരിക്കുന്നു. 30യെഹൂദ്യയിലെ ജനം എന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എന്റെ നാമത്തിൽ സ്ഥാപിച്ചിരിക്കുന്ന ഈ ആലയത്തിൽ അവർ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. അങ്ങനെ അവർ അതിനെ അശുദ്ധമാക്കി. 31തങ്ങളുടെ പുത്രീപുത്രന്മാരെ ഹോമിക്കാൻ തോഫെത്ത് പൂജാപീഠം ബെൻ-ഹിന്നോം താഴ്‌വരയിൽ അവർ സ്ഥാപിച്ചിരിക്കുന്നു; അതു ഞാൻ കല്പിച്ചതല്ല; അങ്ങനെ എന്റെ മനസ്സിൽ തോന്നിയിട്ടുമില്ല. 32അതുകൊണ്ട് സർവേശ്വരൻ അരുളിച്ചെയ്യുന്നു: “തോഫെത്ത് എന്നോ ബെൻ-ഹിന്നോം താഴ്‌വര എന്നോ വിളിക്കാതെ ‘കശാപ്പു താഴ്‌വര’ എന്നു വിളിക്കപ്പെടുന്ന കാലം വരുന്നു; വേറെ സ്ഥലമില്ലാത്തതിനാൽ തോഫെത്ത് അവരുടെ ശ്മശാനമായിത്തീരും. 33ഈ ജനത്തിന്റെ ശവശരീരങ്ങൾ ആകാശത്തിലെ പറവകൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായിത്തീരും; ആരും അവയെ ഓടിച്ചുകളയുകയില്ല. 34യെഹൂദ്യയിലെ പട്ടണങ്ങളിൽനിന്നും യെരൂശലേമിലെ തെരുവീഥികളിൽനിന്നും ആനന്ദഘോഷവും സന്തോഷധ്വനിയും ഞാൻ നീക്കിക്കളയും; മണവാളന്റെയും മണവാട്ടിയുടെയും ആഹ്ലാദസ്വരവും പിന്നീടു കേൾക്കുകയില്ല; ദേശം ശൂന്യമായിത്തീരും.
Currently Selected:
JEREMIA 7: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.