JEREMIA 41
41
1ആ വർഷം ഏഴാം മാസത്തിൽ, രാജവംശത്തിൽപ്പെട്ടവനും രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥനും നെഥന്യായുടെ പുത്രനും എലിശാമായുടെ പൗത്രനുമായ ഇശ്മായേൽ, പത്ത് ആളുകളുമായി മിസ്പായിൽ അഹീക്കാമിന്റെ പുത്രനായ ഗെദല്യായുടെ അടുക്കലെത്തി; മിസ്പായിൽ അവർ ഒന്നിച്ചു ഭക്ഷണം കഴിക്കുക ആയിരുന്നു. 2അപ്പോൾ നെഥന്യായുടെ പുത്രൻ ഇശ്മായേലും പത്ത് ആളുകളും എഴുന്നേറ്റ്, ബാബിലോൺരാജാവ് ദേശത്തിന്റെ അധിപതിയായി നിയമിച്ചിരുന്നവനും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായെ വാളുകൊണ്ട് വധിച്ചു. 3മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ഉണ്ടായിരുന്ന എല്ലാ യെഹൂദന്മാരെയും ബാബിലോൺ സൈനികരെയും ഇശ്മായേൽ വധിച്ചു.
4,5ഗെദല്യായെ കൊന്നതിന്റെ അടുത്ത ദിവസം, മറ്റാരും അത് അറിയുന്നതിനുമുമ്പ്, ശെഖേം, ശിലോ, ശമര്യ എന്നിവിടങ്ങളിൽനിന്ന് എൺപതു പുരുഷന്മാർ അവിടെയെത്തി; അവർ താടി വടിച്ചും വസ്ത്രം കീറിയും ശരീരത്തിൽ മുറിവേല്പിച്ചും സർവേശ്വരന്റെ ആലയത്തിൽ അർപ്പിക്കാനുള്ള ധാന്യവഴിപാടുകളും സുഗന്ധദ്രവ്യങ്ങളുമായി പോകുന്ന വഴിക്കാണ് അവിടെ എത്തിയത്. 6മിസ്പായിൽനിന്നു നെഥന്യായുടെ പുത്രൻ ഇശ്മായേൽ കരഞ്ഞുകൊണ്ട് അവരെ സ്വീകരിക്കാനെത്തി; അവരെ കണ്ടപ്പോൾ അഹീക്കാമിന്റെ പുത്രനായ ഗെദല്യായുടെ അടുക്കലേക്കു വരുവിൻ എന്നു ഇശ്മായേൽ അവരോടു പറഞ്ഞു. 7അവർ നഗരത്തിൽ വന്നപ്പോൾ ഇശ്മായേലും കൂടെയുള്ളവരും ചേർന്ന് അവരെ വധിച്ച് ഒരു കിണറ്റിലിട്ടു. 8അവരിൽ പത്തു പേർ ഇശ്മായേലിനോടു പറഞ്ഞു: “ഞങ്ങളെ വധിക്കരുതേ, കോതമ്പ്, ബാർലി, എണ്ണ, തേൻ എന്നിവ ശേഖരിച്ചു ഞങ്ങൾ വയലിൽ ഒളിച്ചുവച്ചിട്ടുണ്ട്.” അതുകൊണ്ടു മറ്റുള്ളവരോടൊപ്പം അവരെ അയാൾ വധിച്ചില്ല.
9ഇശ്മായേൽ മൃതശരീരങ്ങൾ വലിച്ചെറിഞ്ഞത് ഇസ്രായേൽരാജാവായ ബെയശായെ ഭയന്ന് ആസാരാജാവു നിർമിച്ച വലിയ കിണറ്റിലായിരുന്നു; നെഥന്യായുടെ പുത്രനായ ഇശ്മായേൽ അതു ശവശരീരങ്ങൾ കൊണ്ടു നിറച്ചു. 10മിസ്പായിൽ ശേഷിച്ച സകല ജനങ്ങളെയും ഇശ്മായേൽ തടവുകാരാക്കി; അകമ്പടി സേനാനായകനായ നെബൂസർ- അദാൻ അഹീക്കാമിന്റെ പുത്രനായ ഗെദല്യായെ ഏല്പിച്ച ജനങ്ങൾ, രാജപുത്രിമാർ എന്നിവരും അവരിൽ ഉൾപ്പെട്ടിരുന്നു. അവരെ തടവുകാരാക്കിക്കൊണ്ട് ഇശ്മായേൽ അമ്മോന്യരുടെ അടുക്കലേക്കു പുറപ്പെട്ടു.
11നെഥന്യായുടെ പുത്രൻ ഇശ്മായേൽ ചെയ്ത അതിക്രമങ്ങളെപ്പറ്റി കാരേഹിന്റെ പുത്രനായ യോഹാനാനും കൂടെ ഉണ്ടായിരുന്ന സൈന്യാധിപന്മാരും കേട്ടപ്പോൾ, 12തങ്ങളുടെ കൂടെയുള്ള ആളുകളെ കൂട്ടിക്കൊണ്ട് നെഥന്യായുടെ പുത്രനായ ഇശ്മായേലിനോടു യുദ്ധം ചെയ്യാൻ പുറപ്പെട്ടു; ഗിബെയോനിലെ വലിയ കുളത്തിനടുത്തുവച്ച് അവർ അയാളോടേറ്റുമുട്ടി. 13ഇശ്മായേലിന്റെകൂടെ ഉണ്ടായിരുന്ന ബന്ദികൾ കാരേഹിന്റെ പുത്രനായ യോഹാനാനെയും അദ്ദേഹത്തോടൊപ്പമുള്ള സൈന്യാധിപന്മാരെയും കണ്ടപ്പോൾ സന്തോഷിച്ചു. 14ഇശ്മായേൽ മിസ്പായിൽനിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ ജനങ്ങൾ തിരിഞ്ഞു കാരേഹിന്റെ പുത്രനായ യോഹാനാന്റെ പക്ഷം ചേർന്നു. 15ഇശ്മായേലും മറ്റു എട്ടുപേരും യോഹാനാനിൽനിന്നു രക്ഷപെട്ട് അമ്മോന്യരുടെ അടുക്കലേക്ക് ഓടിപ്പോയി. 16ഇശ്മായേൽ, ഗെദല്യായെ വധിച്ചശേഷം മിസ്പായിൽനിന്നു ബന്ദികളായി പിടിച്ചുകൊണ്ടുപോയ പടയാളികൾ, സ്‍ത്രീകൾ, കുട്ടികൾ, ഷണ്ഡന്മാർ എന്നിവരടങ്ങുന്ന ജനങ്ങളെയെല്ലാം കാരേഹിന്റെ പുത്രനായ യോഹാനാനും കൂടെയുള്ള സൈന്യാധിപന്മാരും കൂടി മോചിപ്പിച്ചു ഗിബെയോനിൽനിന്നു മടക്കിക്കൊണ്ടുവന്നു. 17ഈജിപ്തിലേക്കു പോകാനുള്ള ഉദ്ദേശ്യത്തോടെ അവർ ബേത്‍ലഹേമിനടുത്തുള്ള ഗേരൂത്ത്-കിംഹാമിൽ ചെന്നു താമസിച്ചു. 18ബാബിലോൺരാജാവ് ദേശത്തിന്റെ അധിപതിയായി നിയമിച്ചിരുന്ന അഹീക്കാമിന്റെ പുത്രൻ ഗെദല്യായെ നെഥന്യായുടെ പുത്രൻ ഇശ്മായേൽ വധിച്ചതുകൊണ്ട് അവർ ബാബിലോണ്യരെ ഭയപ്പെട്ടിരുന്നു.
Currently Selected:
JEREMIA 41: malclBSI
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.