JEREMIA 40
40
യിരെമ്യാ ഗെദല്യായുടെ ഭവനത്തിൽ
1അകമ്പടി സേനാനായകനായ നെബൂസർ-അദാൻ രാമായിൽനിന്നു യിരെമ്യായെ വിട്ടയച്ചശേഷം യിരെമ്യാക്കു സർവേശ്വരന്റെ അരുളപ്പാടുണ്ടായി; യെഹൂദ്യയിൽനിന്നും യെരൂശലേമിൽനിന്നും ബാബിലോണിലേക്കു പ്രവാസികളായി കൊണ്ടുപോയ ബന്ദികളോടൊപ്പം യിരെമ്യായും ചങ്ങലയാൽ ബന്ധിതനായിരുന്നു. 2അകമ്പടിസേനാനായകൻ യിരെമ്യായെ വിളിച്ച് അയാളോടു പറഞ്ഞു: “നിന്റെ ദൈവമായ സർവേശ്വരൻ ഈ അനർഥങ്ങൾ ഈ സ്ഥലത്തിനെതിരെ പ്രഖ്യാപിച്ചിരുന്നു. 3അവിടുന്ന് അരുളിച്ചെയ്തതുപോലെ എല്ലാം നിവർത്തിച്ചു; സർവേശ്വരനെതിരെ നിങ്ങൾ പാപം ചെയ്യുകയും അവിടുത്തെ ശബ്ദം അവഗണിക്കുകയും ചെയ്തതിനാലാണ് ഇതെല്ലാം നിങ്ങൾക്കു സംഭവിച്ചത്. 4ഇന്നു ഞാൻ നിന്റെ കൈകളിലെ ചങ്ങലകൾ അഴിച്ചു നിന്നെ മോചിപ്പിക്കുന്നു; എന്നോടുകൂടെ ബാബിലോണിലേക്കു പോരുന്നതു നന്നെന്നു തോന്നുന്നു എങ്കിൽ എന്റെകൂടെ വരിക; ഞാൻ നിന്നെ സംരക്ഷിച്ചുകൊള്ളാം. അതിനിഷ്ടമില്ലെങ്കിൽ വരേണ്ടാ. ദേശം മുഴുവൻ നിന്റെ മുമ്പിലുണ്ട്. നല്ലതെന്നും ഉചിതമെന്നും നിനക്കു തോന്നുന്നിടത്തു പൊയ്‍ക്കൊള്ളുക. 5ഇവിടെത്തന്നെയാണു പാർക്കുന്നതെങ്കിൽ യെഹൂദാനഗരങ്ങളുടെ അധിപനായി ബാബിലോൺരാജാവ് നിയമിച്ചിട്ടുള്ള അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായുടെ അടുക്കലേക്കു പോയി അയാളോടുകൂടെ ജനത്തിന്റെ ഇടയിൽ പാർക്കുക; മറ്റെവിടെയെങ്കിലും പോകാനാണു നിനക്ക് ഇഷ്ടമെങ്കിൽ അങ്ങനെ ചെയ്യുക.” 6ഇങ്ങനെ പറഞ്ഞിട്ട് അകമ്പടിസേനാനായകൻ ഭക്ഷണച്ചെലവും സമ്മാനവും നല്‌കി അദ്ദേഹത്തെ യാത്ര അയച്ചു. യിരെമ്യാ മിസ്പായിൽ അഹീക്കാമിന്റെ പുത്രൻ ഗെദല്യായുടെ അടുക്കൽചെന്ന് അയാളുടെ കൂടെ ദേശത്തു ശേഷിച്ച ജനത്തിന്റെ ഇടയിൽ വസിച്ചു.
ഗെദല്യാ യെഹൂദ്യയിലെ അധിപതി
(2 രാജാ. 25:22-24)
7അഹീക്കാമിന്റെ പുത്രനായ ഗെദല്യായെ ബാബിലോൺരാജാവ് ദേശത്തിന്റെ ഭരണാധികാരിയായി നിയമിച്ചു എന്നും ബാബിലോണിലേക്കു പിടിച്ചുകൊണ്ടുപോകാത്ത ദേശത്തിലെ ഏറ്റവും ദരിദ്രരായ പുരുഷന്മാരെയും സ്‍ത്രീകളെയും കുട്ടികളെയും അയാളുടെ ചുമതലയിലാക്കി എന്നും നാട്ടിൻപുറത്തുണ്ടായിരുന്ന സൈന്യാധിപന്മാർ കേട്ടു. 8അപ്പോൾ നെഥന്യായുടെ പുത്രൻ ഇശ്മായേൽ, കാരേഹിന്റെ പുത്രന്മാരായ യോഹാനാൻ, യോനാഥാൻ, തൻഹൂമെത്തിന്റെ പുത്രൻ സെരായാ, നെതോഫാത്യനായ എഫായിയുടെ പുത്രന്മാർ, മയഖാത്യന്റെ മകനായ യെസന്യ എന്നിവർ തങ്ങളുടെ ആളുകളുമായി മിസ്പായിൽ ഗെദല്യായുടെ അടുക്കൽ ചെന്നു. 9അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യാ പ്രതിജ്ഞചെയ്ത് അവരോടു പറഞ്ഞു: “ബാബിലോണ്യരെ സേവിക്കാൻ നിങ്ങൾ ഭയപ്പെടേണ്ടാ; ദേശത്തു പാർത്തു ബാബിലോൺരാജാവിനെ സേവിക്കുവിൻ; എന്നാൽ നിങ്ങൾക്കു ശുഭമായിരിക്കും. 10നമ്മുടെ അടുത്തേക്കു വരുന്ന ബാബിലോണ്യരുടെ മുമ്പിൽ നിങ്ങളുടെ പ്രതിനിധിയായി ഞാൻ മിസ്പായിൽ പാർക്കും; എന്നാൽ നിങ്ങൾ വീഞ്ഞും വേനൽക്കാലഫലങ്ങളും എണ്ണയും പാത്രങ്ങളിൽ ശേഖരിച്ചു നിങ്ങൾ കൈവശമാക്കിയ നഗരങ്ങളിൽതന്നെ പാർക്കുവിൻ.” 11മോവാബിലും അമ്മോനിലും എദോമിലും മറ്റു സ്ഥലങ്ങളിലും പാർത്തിരുന്ന യെഹൂദന്മാർ ബാബിലോണിലെ രാജാവ് കുറെപ്പേരെ യെഹൂദ്യയിൽ അവശേഷിപ്പിച്ചിട്ടുണ്ടെന്നും അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായെ അവിടുത്തെ അധിപതിയായി നിയമിച്ചിട്ടുണ്ടെന്നും കേട്ടു. 12ചിതറിക്കപ്പെട്ടിരുന്ന സ്ഥലങ്ങളിൽ നിന്നെല്ലാം യെഹൂദന്മാർ യെഹൂദ്യദേശത്തെ മിസ്പായിൽ ഗെദല്യായുടെ അടുക്കൽ മടങ്ങി എത്തി; അവർ ധാരാളം വീഞ്ഞും വേനൽക്കാലഫലങ്ങളും ശേഖരിച്ചു.
ഗെദല്യാ വധിക്കപ്പെടുന്നു
13കാരേഹിന്റെ പുത്രനായ യോഹാനാനും നാട്ടിൻപുറത്ത് പാർത്തിരുന്ന സൈന്യാധിപന്മാരും മിസ്പായിൽ ഗെദല്യായുടെ അടുക്കൽ വന്നു. 14അമ്മോന്യരുടെ രാജാവായ ബാലീസ് അങ്ങയെ വധിക്കാൻ നെഥന്യായുടെ പുത്രൻ ഇശ്മായേലിനെ നിയോഗിച്ചിരിക്കുന്ന വിവരം അറിഞ്ഞിട്ടുണ്ടോ എന്നു ചോദിച്ചു; എന്നാൽ ഗെദല്യാ അവർ പറഞ്ഞതു വിശ്വസിച്ചില്ല. 15കാരേഹിന്റെ പുത്രനായ യോഹാനാൻ മിസ്പായിൽ വച്ചു രഹസ്യമായി ഗെദല്യായോടു സംസാരിച്ചു: “ഞാൻ പോയി നെഥന്യായുടെ പുത്രൻ ഇശ്മായേലിനെ കൊന്നുകളയാം; അവൻ എന്തിന് അങ്ങയുടെ ജീവൻ അപഹരിക്കണം; അങ്ങനെ സംഭവിച്ചാൽ അങ്ങയുടെ ചുറ്റും കൂടിയിരിക്കുന്ന യെഹൂദന്മാരെല്ലാം ചിതറപ്പെടും; യെഹൂദ്യയിൽ അവശേഷിക്കുന്നവർ നശിക്കുകയും ചെയ്യും.” 16എന്നാൽ ഗെദല്യാ പറഞ്ഞു: “ഇതു നീ ചെയ്യരുത്; നീ ഇശ്മായേലിനെക്കുറിച്ചു പറയുന്നതു സത്യമല്ല.”
Currently Selected:
JEREMIA 40: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.