YouVersion Logo
Search Icon

JEREMIA 39

39
യെരൂശലേമിന്റെ പതനം
1യെഹൂദാരാജാവായ സിദെക്കീയായുടെ ഭരണത്തിന്റെ ഒമ്പതാം വർഷം പത്താം മാസം ബാബിലോൺരാജാവായ നെബുഖദ്നേസർ സർവസൈന്യങ്ങളുമായി വന്നു യെരൂശലേം വളഞ്ഞു. 2സിദെക്കീയായുടെ ഭരണത്തിന്റെ പതിനൊന്നാം വർഷം, നാലാം മാസം, ഒമ്പതാം ദിവസം നഗരത്തിന്റെ മതിൽ ഭേദിക്കപ്പെട്ടു. 3യെരൂശലേം പിടിച്ചടക്കിയപ്പോൾ ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരായ നേർഗൽ-ശരേസ്സർ, ശംഗർ-നെബോസർ-സെഖീം, രബ്-സാരീസ്, നേർഗൽ-ശരേസർ എന്ന രബ്-മാഗ് എന്നിവരും ബാബിലോൺ രാജാവിന്റെ മറ്റ് ഉദ്യോഗസ്ഥന്മാരും വന്നു മധ്യവാതില്‌ക്കൽ സമ്മേളിച്ചു. 4യെഹൂദാരാജാവായ സിദെക്കീയായും സൈനികരും അവരെ കണ്ടപ്പോൾ ഓടിപ്പോയി; രാത്രിയിൽ രാജാവിന്റെ ഉദ്യാനത്തിലൂടെ രണ്ടു മതിലുകൾക്ക് ഇടയിലുള്ള വാതിലിൽ കൂടി അരാബായിലേക്കുള്ള വഴിയിലൂടെയാണ് അവർ ഓടിപ്പോയത്. 5എന്നാൽ ബാബിലോണ്യ സൈന്യം അവരെ പിന്തുടർന്ന് യെരീഹോസമതലത്തിൽ വച്ചു സിദെക്കീയായെ പിടികൂടി; അവർ അയാളെ ഹാമാത്ത് ദേശത്ത് രിബ്ലയിൽ ബാബിലോൺരാജാവായ നെബുഖദ്നേസരിന്റെ അടുക്കൽ കൊണ്ടുവന്നു; നെബുഖദ്നേസർ സിദെക്കിയായ്‍ക്കു ശിക്ഷവിധിച്ചു. 6രിബ്ലയിൽ ബാബിലോൺരാജാവ് സിദെക്കീയായുടെ പുത്രന്മാരെ അയാൾ കാൺകെ വധിച്ചു; യെഹൂദായിലെ എല്ലാ ശ്രേഷ്ഠന്മാരെയും ബാബിലോൺരാജാവ് കൊന്നു. 7സിദെക്കീയായുടെ കണ്ണുകൾ ചൂഴ്ന്നെടുത്തശേഷം ബാബിലോണിലേക്കു കൊണ്ടുപോകാൻ അയാളെ ചങ്ങലകൊണ്ടു ബന്ധിച്ചു. 8ബാബിലോണ്യർ രാജകൊട്ടാരവും ജനങ്ങളുടെ വീടുകളും അഗ്നിക്കിരയാക്കി; യെരൂശലേമിന്റെ മതിലുകൾ ഇടിച്ചുനിരത്തി. 9നഗരത്തിൽ ശേഷിച്ചവരെയും തന്റെ പക്ഷത്തേക്കു കൂറുമാറിയവരെയും മറ്റെല്ലാവരെയും അകമ്പടി സേനാനായകനായ നെബൂസർ-അദാൻ, പ്രവാസികളായി ബാബിലോണിലേക്കു പിടിച്ചു കൊണ്ടുപോയി. 10നെബൂസർ-അദാൻ ഏറ്റവും ദരിദ്രരായ ജനങ്ങളിൽ ചിലരെ യെഹൂദ്യയിൽ പാർപ്പിച്ചു; അവർക്കു മുന്തിരിത്തോട്ടങ്ങളും നിലങ്ങളും നല്‌കി.
യിരെമ്യായുടെ മോചനം
11ബാബിലോൺരാജാവായ നെബുഖദ്നേസർ, അകമ്പടിസേനാനായകനായ നെബൂസർ-അദാനോട് യിരെമ്യായെക്കുറിച്ച് ഇപ്രകാരം കല്പിച്ചു: 12“നീ യിരെമ്യായെ കൊണ്ടുവന്നു സംരക്ഷിക്കുക. ഒരു ഉപദ്രവവും ചെയ്യരുത്. അയാളുടെ ഇഷ്ടാനുസരണം അയാളോടു പെരുമാറുക.” 13അതനുസരിച്ച് അകമ്പടിനായകനായ നെബൂസർ-അദാനും നെബൂശസ്ബാൻ എന്ന രബ്-സാരീസ്സും നേർഗൽ-ശരേസർ എന്ന രബ്-മാഗും ബാബിലോൺ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും കൂടി ആളയച്ചു 14കാവല്‌ക്കാരുടെ അങ്കണത്തിൽ നിന്നു യിരെമ്യായെ കൂട്ടിക്കൊണ്ടുവന്നു; അഹീക്കാമിന്റെ പുത്രനും ശാഫാന്റെ പൗത്രനുമായ ഗെദല്യായുടെകൂടെ അവർ യിരെമ്യായെ പറഞ്ഞയച്ചു; അങ്ങനെ യിരെമ്യാ ജനത്തിന്റെ ഇടയിൽ പാർത്തു.
ഏബെദ്-മേലെക്കിനു പ്രതീക്ഷ
15കാവല്‌ക്കാരുടെ അങ്കണത്തിൽ യിരെമ്യാ തടവുകാരനായിരുന്നപ്പോൾ അദ്ദേഹത്തിനു സർവേശ്വരന്റെ അരുളപ്പാടുണ്ടായി: 16“എത്യോപ്യനായ ഏബെദ്-മേലെക്കിനോടു നീ പോയി പറയണം; ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ഈ നഗരത്തിനെതിരെ ഞാൻ പറഞ്ഞിരുന്ന വാക്കുകളെല്ലാം സംഭവിക്കും; നന്മയ്‍ക്കല്ല തിന്മയ്‍ക്കുതന്നെ; നിന്റെ കൺമുമ്പിൽ വച്ച് അവയെല്ലാം ആ ദിവസം സംഭവിക്കും. 17എന്നാൽ അന്നു ഞാൻ നിന്നെ രക്ഷിക്കും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നീ ഭയപ്പെടുന്നവരുടെ കൈയിൽ നിന്നെ ഏല്പിക്കുകയില്ല. 18ഞാൻ നിന്നെ നിശ്ചയമായും രക്ഷിക്കും; നീ വാളിന് ഇരയാകയില്ല; യുദ്ധത്തിലെ കൊള്ളമുതൽ പോലെ നിന്റെ ജീവൻ നിനക്കു ലഭിക്കും; നീ എന്നിൽ ആശ്രയിച്ചുവല്ലോ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.

Currently Selected:

JEREMIA 39: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for JEREMIA 39