JEREMIA 24
24
രണ്ടുകുട്ട അത്തിപ്പഴം
1ബാബിലോൺരാജാവായ നെബുഖദ്നേസർ യെഹോയാക്കീമിന്റെ പുത്രനും യെഹൂദാരാജാവുമായ യെഹോയാഖീനെയും അയാളോടൊപ്പം യെഹൂദായിലെ പ്രഭുക്കന്മാർ, കരകൗശലപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവരെയും യെരൂശലേമിൽനിന്ന് ബാബിലോണിലേക്കു പിടിച്ചുകൊണ്ടുവന്നശേഷം സർവേശ്വരൻ എനിക്കൊരു ദർശനം കാണിച്ചുതന്നു. ഇതാ, രണ്ടു കുട്ട അത്തിപ്പഴം ദേവാലയത്തിനു മുമ്പിൽ ഇരിക്കുന്നു. 2ഒരു കുട്ടയിൽ ആദ്യഫലങ്ങൾ പോലെയുള്ള നല്ല പഴങ്ങൾ; എന്നാൽ മറ്റേ കുട്ടയിൽ തിന്നാൻ പാടില്ലാത്തവിധം ചീത്തയായ അത്തിപ്പഴങ്ങളും. 3“യിരെമ്യായേ, നീ എന്തു കാണുന്നു” എന്നു സർവേശ്വരൻ എന്നോടു ചോദിച്ചു; “അത്തിപ്പഴങ്ങൾ” എന്നു ഞാൻ മറുപടി പറഞ്ഞു; നല്ല പഴങ്ങൾ വളരെ നല്ലവയും ചീഞ്ഞ പഴങ്ങളാകട്ടെ, തിന്നാൻ കൊള്ളാത്തവിധം അത്ര മോശവും ആകുന്നു.
4അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി. 5“ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: യെഹൂദാ ദേശത്തുനിന്നു ബാബിലോണിലേക്കു ഞാൻ അയച്ച പ്രവാസികളെ ഈ നല്ല അത്തിപ്പഴംപോലെ നന്നായി കരുതും. 6ഞാൻ അവരെ കടാക്ഷിച്ച് അവർക്കു നന്മ വരുത്തും. ഈ ദേശത്തേക്കു ഞാൻ അവരെ മടക്കികൊണ്ടുവരും; ഞാൻ അവരെ പണിതുയർത്തും; അവരെ നശിപ്പിക്കയില്ല; ഞാൻ അവരെ നട്ടുപിടിപ്പിക്കും; പിഴുതുകളകയില്ല. 7ഞാനാണു സർവേശ്വരൻ എന്നു ഗ്രഹിക്കുന്നതിനുള്ള ഹൃദയം ഞാനവർക്കു കൊടുക്കും; അവർ എന്റെ ജനവും ഞാൻ അവരുടെ ദൈവവുമായിരിക്കും; പൂർണഹൃദയത്തോടു കൂടിയാണല്ലോ അവർ എങ്കലേക്കു മടങ്ങിവരുന്നത്.
8എന്നാൽ സർവേശ്വരൻ അരുളിച്ചെയ്യുന്നു: തിന്നാൻ കൊള്ളാത്തവിധം ചീത്തയായ അത്തിപ്പഴംപോലെ, യെഹൂദാരാജാവായ സിദെക്കീയായെയും അവന്റെ പ്രഭുക്കന്മാരെയും ഈ ദേശത്ത് അവശേഷിച്ച് ഇവിടെ പാർക്കുന്ന യെരൂശലേംകാരെയും ഇവിടെനിന്ന് ഈജിപ്തിൽ പോയി പാർക്കുന്നവരെയും ഞാൻ കണക്കാക്കും. 9ഭൂമിയിലെ സകല രാജ്യങ്ങൾക്കും അവർ ഒരു ഭീതിദവിഷയമാകും; ഞാൻ അവരെ ചിതറിക്കുന്ന ദേശങ്ങളിലെല്ലാം അവർ പരിഹാസത്തിനും പഴമൊഴിക്കും അവഹേളനത്തിനും ശാപത്തിനും പാത്രമായിത്തീരും. 10അവർക്കും അവരുടെ പിതാക്കന്മാർക്കും ഞാൻ നല്കിയ ദേശത്തുനിന്ന് അവർ നശിപ്പിക്കപ്പെടുന്നതുവരെ വാളും ക്ഷാമവും മഹാമാരിയും ഞാൻ അയയ്ക്കും.
Currently Selected:
JEREMIA 24: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.