JEREMIA 23
23
ഭാവിയെക്കുറിച്ചുള്ള പ്രത്യാശ
1സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ മേച്ചിൽപ്പുറത്തെ ആടുകളെ നശിപ്പിക്കയും ചിതറിക്കയും ചെയ്യുന്ന ഇടയന്മാർക്കു ഹാ ദുരിതം! 2അതുകൊണ്ട് തന്റെ ജനത്തെ പരിപാലിക്കേണ്ട ഇടയന്മാരെക്കുറിച്ച് ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: എന്റെ ആട്ടിൻപറ്റത്തെ നിങ്ങൾ ചിതറിച്ചോടിച്ചു; അവയെ നിങ്ങൾ പരിപാലിച്ചില്ല; അതുകൊണ്ട് നിങ്ങളുടെ ദുഷ്കൃത്യങ്ങൾക്കു ഞാൻ പകരം ചോദിക്കും. 3എന്റെ ആട്ടിൻപറ്റത്തിൽ ശേഷിച്ചവയെ ഞാൻ അവയെ ചിതറിച്ച എല്ലാ സ്ഥലങ്ങളിൽനിന്നും ഒന്നിച്ചുകൂട്ടി അവയുടെ ആലയിലേക്കു മടക്കിക്കൊണ്ടുവരും; അവ വർധിച്ചു പെരുകും. 4അവയെ മേയ്‍ക്കുവാൻ ഞാൻ ഇടയന്മാരെ നിയമിക്കും; അവ ഇനിമേൽ ഭയപ്പെടുകയില്ല, സംഭ്രമിക്കുകയില്ല; അവയിൽ ഒന്നും കാണാതെ പോകയുമില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു.
5ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുള്ള ഒരു ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. അവൻ രാജാവായി വിവേകപൂർവം ഭരിച്ച് ദേശത്തെല്ലാം നീതിയും ന്യായവും നടത്തും. 6അവന്റെ കാലത്ത് യെഹൂദാ വിമോചിക്കപ്പെടും. ഇസ്രായേൽ സുരക്ഷിതമായിരിക്കുകയും ചെയ്യും; “സർവേശ്വരൻ ഞങ്ങളുടെ നീതി” എന്ന പേരിൽ അവൻ അറിയപ്പെടും.
7“ഈജിപ്തിൽനിന്നു ഇസ്രായേൽജനത്തെ കൂട്ടിക്കൊണ്ടുവന്ന സർവേശ്വരനാണ എന്ന ശപഥം ചെയ്യാത്ത കാലം വരുന്നു” എന്ന് അവിടുന്നു അരുളിച്ചെയ്യുന്നു. 8“ഇസ്രായേൽജനത്തെ വടക്കു ദേശത്തുനിന്നും അവരെ ഓടിച്ചുവിട്ട സകല ദേശങ്ങളിൽനിന്നും കൂട്ടിക്കൊണ്ടുവന്ന സർവേശ്വരനാണ” എന്നായിരിക്കും ഇനിയും അവർ ശപഥം ചെയ്യുക; അവർ സ്വന്തം ദേശത്തു പാർക്കുകയും ചെയ്യും.
പ്രവാചകരെ സംബന്ധിച്ച്
9പ്രവാചകരെക്കുറിച്ചുള്ള അരുളപ്പാട്: “എന്റെ ഹൃദയം തകർന്നിരിക്കുന്നു; എന്റെ അസ്ഥികൾ എല്ലാം വിറയ്‍ക്കുന്നു; സർവേശ്വരൻ നിമിത്തവും അവിടുത്തെ വിശുദ്ധ വചനങ്ങൾ നിമിത്തവും ഞാൻ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവനെപ്പോലെ ആയിരിക്കുന്നു. 10ദേശം വ്യഭിചാരികളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; ശാപം നിമിത്തം ദേശം കേഴുന്നു; മരുഭൂമിയിലെ മേച്ചിൽപ്പുറങ്ങൾ കരിയുന്നു; അവരുടെ മാർഗം ദുഷ്ടവും അവരുടെ ബലം നീതിരഹിതവുമാണ്.
11“പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ അധർമികളാണ്. എന്റെ ആലയത്തിൽപോലും അവരുടെ ദുഷ്ടത ഞാൻ കണ്ടിരിക്കുന്നു എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 12അതുകൊണ്ട് അവരുടെ വഴികൾ ഇരുളടഞ്ഞതും വഴുവഴുപ്പുള്ളതുമായിരിക്കും; അതിലൂടെ അവരെ ഓടിക്കും. അവർ വീഴുകയും ചെയ്യും. അവരുടെ ശിക്ഷാകാലത്തു ഞാൻ അവർക്ക് അനർഥം വരുത്തുമെന്നു” സർവേശ്വരൻ അരുളിച്ചെയ്യുന്നു. 13ശമര്യയിലെ പ്രവാചകരിൽ അരോചകമായ ഒരു കാര്യം ഞാൻ കണ്ടു; അവർ ബാലിന്റെ നാമത്തിൽ പ്രവചിച്ച് എന്റെ ജനമായ ഇസ്രായേലിനെ വഴിതെറ്റിച്ചിരിക്കുന്നു. 14യെരൂശലേമിലെ പ്രവാചകരുടെ ഇടയിലും ഭയങ്കരമായ കാര്യം കണ്ടിരിക്കുന്നു: അവർ വ്യഭിചാരം ചെയ്യുന്നു; കാപട്യത്തിൽ നടക്കുന്നു; ദുഷ്കൃത്യം ചെയ്യുന്നവരുടെ കരങ്ങളെ ശക്തിപ്പെടുത്തുന്നു; അതുകൊണ്ട് ദുഷ്പ്രവൃത്തികളിൽനിന്ന് ആരും പിന്തിരിയുന്നില്ല; അവരെല്ലാവരും എനിക്കു സൊദോംപോലെയും അവിടത്തെ നിവാസികൾപോലെയും ഗൊമോറാപോലെയും ആയിരിക്കുന്നു. 15അതുകൊണ്ട് സർവശക്തനായ സർവേശ്വരൻ പ്രവാചകരെക്കുറിച്ച് അരുളിച്ചെയ്യുന്നു: ഞാൻ അവരെ കാഞ്ഞിരം തീറ്റുകയും വിഷം കുടിപ്പിക്കുകയും ചെയ്യും; കാരണം യെരൂശലേമിലെ പ്രവാചകരിൽനിന്നു ദേശം മുഴുവൻ അധർമം വ്യാപിച്ചിരിക്കുന്നു.”
16സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വ്യർഥമായ പ്രതീക്ഷകൾ തന്നു നിങ്ങളെ വ്യാമോഹിപ്പിക്കുന്ന പ്രവാചകന്മാരുടെ വാക്കുകൾ ശ്രദ്ധിക്കരുത്; അവ സർവേശ്വരനിൽനിന്നുള്ളതല്ല പ്രത്യുത സ്വന്തം മനസ്സിന്റെ ദർശനങ്ങളാണ്. 17സർവേശ്വരന്റെ വചനം നിരസിക്കുന്നവരോടു “നിങ്ങൾക്ക് എല്ലാം ശുഭമായിരിക്കും എന്നവൻ നിരന്തരം പറയുന്നു; ദുശ്ശാഠ്യത്തിൽ നടക്കുന്നവരോട് നിങ്ങൾക്ക് ഒരു ദോഷവും വരികയില്ല എന്നും പറയുന്നു. 18സർവേശ്വരന്റെ വചനംകേട്ടു ഗ്രഹിക്കുവാൻ അവരിൽ ആര് അവിടുത്തെ ആലോചനാസഭയിൽ നിന്നിട്ടുണ്ട്? ആര് അവിടുത്തെ വചനം ശ്രദ്ധിച്ചു കേട്ടിട്ടുണ്ട്? 19ഇതാ സർവേശ്വരന്റെ കൊടുങ്കാറ്റ്; അവിടുത്തെ ക്രോധം ഉഗ്രമായ ചുഴലിക്കാറ്റായി പുറപ്പെട്ടിരിക്കുന്നു; അതു ദുഷ്ടന്മാരുടെ ശിരസ്സിൽ ആഞ്ഞടിക്കും. 20തന്റെ ലക്ഷ്യങ്ങൾ പൂർണമായി നിറവേറ്റുന്നതുവരെ സർവേശ്വരന്റെ കോപം ശമിക്കുകയില്ല; ഭാവിയിൽ നിങ്ങൾ അതു പൂർണമായി മനസ്സിലാക്കും.
21ഈ പ്രവാചകന്മാരെ ഞാൻ അയച്ചതല്ല; എങ്കിലും അവർ ഓടി നടന്നു; ഞാൻ അവരോടു സംസാരിച്ചില്ല; എന്നിട്ടും അവർ പ്രവചിച്ചു. 22എന്റെ ആലോചനാസഭയിൽ അവർ നിന്നിരുന്നെങ്കിൽ എന്റെ വാക്കുകൾ എന്റെ ജനത്തോടു പറഞ്ഞ് അവരെ ദുർമാർഗത്തിൽനിന്നും തിന്മയിൽനിന്നും പിന്തിരിക്കുമായിരുന്നു.
23സമീപസ്ഥനായിരിക്കുമ്പോൾ മാത്രമാണോ ഞാൻ ദൈവം? വിദൂരസ്ഥനായിരിക്കുമ്പോഴും ഞാൻ ദൈവമല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു. 24എന്റെ ദൃഷ്‍ടിയിൽ പെടാതെ രഹസ്യസങ്കേതങ്ങളിൽ ആർക്കെങ്കിലും ഒളിച്ചിരിക്കാൻ കഴിയുമോ? ആകാശവും ഭൂമിയും നിറഞ്ഞുനില്‌ക്കുന്നവനല്ലേ ഞാൻ എന്ന് അവിടുന്നു ചോദിക്കുന്നു. 25‘ഞാൻ ഒരു സ്വപ്നം കണ്ടു, ഞാനൊരു സ്വപ്നം കണ്ടു’ എന്നു പറഞ്ഞ് എന്റെ നാമത്തിൽ വ്യാജമായി പ്രവചിക്കുന്ന പ്രവാചകർ പറയുന്നതു ഞാൻ കേട്ടിരിക്കുന്നു. 26വ്യാജപ്രവചനം നടത്തുകയും സ്വന്തമനസ്സിലെ വിചാരങ്ങൾ പ്രവചിക്കുകയും ചെയ്യുന്ന പ്രവാചകന്മാർ തങ്ങളുടെ ഹൃദയത്തിൽ എത്രകാലം വ്യാജം വച്ചുകൊണ്ടിരിക്കും? 27അവരുടെ പിതാക്കന്മാർ ബാൽ നിമിത്തം എന്റെ നാമം വിസ്മരിച്ചതുപോലെ അന്യോന്യം വിവരിക്കുന്ന തങ്ങളുടെ സ്വപ്നങ്ങൾ നിമിത്തം എന്റെ ജനം എന്റെ നാമം മറന്നുകളയാൻ അവർ ഇടയാക്കുന്നു. 28സ്വപ്നം കണ്ട പ്രവാചകൻ ആ സ്വപ്നം പറയട്ടെ; എന്നാൽ എന്റെ വചനം ലഭിച്ചിട്ടുള്ളവർ അതു വിശ്വസ്തതയോടെ പ്രസ്താവിക്കണം; വയ്‍ക്കോലും ഗോതമ്പും തമ്മിൽ എന്തു പൊരുത്തം? 29എന്റെ വചനം അഗ്നിപോലെയും പാറപൊട്ടിക്കുന്ന കൂടംപോലെയുമല്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു. 30അതുകൊണ്ട് അന്യോന്യം മോഷ്‍ടിച്ച വചനം എന്റെ വചനമായി അറിയിക്കുന്ന പ്രവാചകന്മാർക്ക് ഞാൻ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 31സ്വന്തം വാക്കുകൾ സർവേശ്വരന്റെ വാക്കുകളാണെന്ന് പറയുന്ന പ്രവാചകന്മാർക്കു ഞാൻ എതിരാണെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 32വ്യാജസ്വപ്നങ്ങൾ പ്രവചിക്കുന്നവർക്കു ഞാൻ എതിരാണ് എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു; വ്യാജംകൊണ്ടും ആത്മപ്രശംസകൊണ്ടും അവർ എന്റെ ജനത്തെ വഴി തെറ്റിക്കുന്നു; ഞാൻ അവരെ അയയ്‍ക്കുകയോ അധികാരപ്പെടുത്തുകയോ ചെയ്തിട്ടില്ല. അവർ ഈ ജനത്തിന് ഒരു ഗുണവും ചെയ്യുകയില്ല എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.
സർവേശ്വരന്റെ ഭാരം
33സർവേശ്വരന്റെ #23:33 ഭാരം = മൂലഭാഷയിൽ ഉപയോഗിച്ചിരുന്ന പദത്തിന് ‘ഭാരം’ എന്നും ‘അരുളപ്പാട്’ എന്നും അർഥമുണ്ട്. ദൈവത്തിന്റെ അരുളപ്പാട് എന്നർഥത്തിൽ ജനം ചോദിക്കുമ്പോൾ പ്രവാചകൻ ‘ഭാരം’ എന്നർഥത്തിലാണ് മറുപടി നല്‌കുന്നത്.ഭാരം എന്തെന്ന് ഈ ജനത്തിൽ ഒരാളോ പ്രവാചകനോ പുരോഹിതനോ ചോദിച്ചാൽ ‘നിങ്ങളാണ് ഭാരം’ എന്ന് അവരോടു പറയണം; നിങ്ങളെ ഞാൻ വലിച്ചെറിയും എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. 34സർവേശ്വരന്റെ ഭാരം എന്ന് പ്രവാചകനോ പുരോഹിതനോ ജനത്തിൽ ആരെങ്കിലുമോ പറഞ്ഞാൽ അവനെയും അവന്റെ കുടുംബത്തെയും ഞാൻ ശിക്ഷിക്കും. 35അവിടുന്ന് എന്തുത്തരം നല്‌കി? അവിടുന്ന് എന്തരുളിച്ചെയ്യുന്നു എന്നാണ് നിങ്ങളിൽ ഓരോരുത്തനും സ്വന്തസഹോദരനോടും അയൽക്കാരനോടും ചോദിക്കേണ്ടത്. 36സർവേശ്വരന്റെ ഭാരം എന്ന് ഇനി മേലാൽ ആരും പറയരുത്; ആരെങ്കിലും പറഞ്ഞാൽ അവന്റെ വാക്കുകൾ തന്നെ ആയിരിക്കും അവനു ഭാരമായിത്തീരുക; സർവശക്തനും ജീവിക്കുന്നവനുമായ നമ്മുടെ ദൈവത്തിന്റെ വാക്കുകളാണല്ലോ നിങ്ങൾ വികലമാക്കുന്നത്. 37സർവേശ്വരൻ എന്തുത്തരം നല്‌കി? അവിടുന്ന് എന്ത് അരുളിച്ചെയ്തു എന്നാണ് നിങ്ങൾ പ്രവാചകനോടു ചോദിക്കേണ്ടത്? 38സർവേശ്വരന്റെ ഭാരമെന്നു പറയരുതെന്നു വിലക്കിയിരിക്കെ സർവേശ്വരന്റെ ഭാരം എന്നു നിങ്ങൾ പറഞ്ഞതുകൊണ്ട് 39ഞാൻ നിശ്ചയമായും നിങ്ങളെയും പിതാക്കന്മാർക്കു നല്‌കിയിരുന്ന നഗരത്തെയും എന്റെ സന്നിധിയിൽനിന്നു ദൂരെ എറിഞ്ഞുകളയും. 40ഞാൻ നിങ്ങളുടെമേൽ ശാശ്വതമായ നിന്ദയും മറന്നു പോകാത്ത ലജ്ജയും വരുത്തിവയ്‍ക്കും.
Currently Selected:
JEREMIA 23: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.