YouVersion Logo
Search Icon

JEREMIA 20

20
പശ്ഹൂരുമായുള്ള വിവാദം
1ഇമ്മേരിന്റെ പുത്രനും സർവേശ്വരന്റെ ആലയത്തിലെ മുഖ്യകാര്യവിചാരകനുമായ പശ്ഹൂർ പുരോഹിതൻ യിരെമ്യാ ഇപ്രകാരം പ്രവചിക്കുന്നതു കേട്ടു. 2അദ്ദേഹം യിരെമ്യാ പ്രവാചകനെ അടിക്കുകയും ദേവാലയത്തിലേക്കുള്ള മുകളിലത്തെ ബെന്യാമീൻ കവാടത്തിൽ ആമത്തിലിടുകയും ചെയ്തു. 3അടുത്തദിവസം പശ്ഹൂർ യിരെമ്യായെ ആമത്തിൽനിന്നു മോചിപ്പിച്ചപ്പോൾ അദ്ദേഹത്തോടു യിരെമ്യാ പറഞ്ഞു: “സർവേശ്വരൻ ഇനിയും നിന്നെ വിളിക്കുന്നതു പശ്ഹൂർ എന്നല്ല സർവത്രഭീതി എന്നായിരിക്കും. 4അവിടുന്ന് അരുളിച്ചെയ്യുന്നു: “നിനക്കും നിന്റെ സ്നേഹിതർക്കും നിന്നെ ഞാൻ കൊടുംഭീതിയാക്കിത്തീർക്കും; നിന്റെ കൺമുമ്പിൽ വച്ചുതന്നെ അവർ ശത്രുക്കളുടെ വാളിന് ഇരയായിത്തീരും; യെഹൂദാ മുഴുവനെയും ഞാൻ ബാബിലോൺ രാജാവിന്റെ കൈയിൽ ഏല്പിക്കും; അയാൾ അവരെ തടവുകാരാക്കി ബാബിലോണിലേക്കു കൊണ്ടുപോയി സംഹരിക്കും. 5മാത്രമല്ല നഗരത്തിലെ സർവസമ്പത്തും സകല നേട്ടങ്ങളും വിലപിടിപ്പുള്ള സകല വസ്തുക്കളും യെഹൂദാരാജാക്കന്മാരുടെ സകല നിക്ഷേപങ്ങളും ഞാൻ അവരുടെ ശത്രുക്കൾക്കു കൊടുക്കും. അവർ അവ കൊള്ളയടിച്ചു ബാബിലോണിലേക്കു കൊണ്ടുപോകും. 6പശ്ഹൂരേ, നീയും നിന്റെ ഭവനത്തിലുള്ള എല്ലാവരും ബാബിലോണിലേക്കു പ്രവാസികളായി പോകും. അവിടെ നീയും നിന്റെ വ്യാജപ്രവചനം കേട്ട സ്നേഹിതരും മരിച്ചു സംസ്കരിക്കപ്പെടും.
യിരെമ്യായുടെ പരാതി
7സർവേശ്വരാ, അവിടുന്ന് എന്നെ വഞ്ചിച്ചു; ഞാൻ വഞ്ചിതനായിരിക്കുന്നു; അവിടുന്നു എന്നെക്കാൾ ശക്തനാണ്; അങ്ങ് വിജയിച്ചിരിക്കുന്നു; ദിവസം മുഴുവനും ഞാൻ പരിഹാസപാത്രമായിരിക്കുന്നു; എല്ലാവരും എന്നെ പരിഹസിക്കുന്നു. 8സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിക്കുന്നു; അക്രമം, നാശം എന്നു ഞാൻ അട്ടഹസിക്കുന്നു; അവിടുത്തെ വചനം എനിക്കു നിരന്തരം നിന്ദനത്തിനും പരിഹാസത്തിനും ഹേതുവായിരിക്കുന്നു. 9അങ്ങയെപ്പറ്റി ഞാൻ ചിന്തിക്കുകയോ അവിടുത്തെ നാമത്തിൽ സംസാരിക്കുകയോ ഇല്ല എന്നു ഞാൻ പറഞ്ഞാൽ കത്തുന്ന അഗ്നി അസ്ഥികൾക്കുള്ളിൽ അടയ്‍ക്കപ്പെട്ടിരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്; അതിനെ ഉള്ളിൽ അടക്കാൻ ശ്രമിച്ച് ഞാൻ തളർന്നിരിക്കുന്നു. എനിക്കിത് അസഹ്യമാണ്. അനേകം പേർ അടക്കം പറയുന്നതു ഞാൻ കേൾക്കുന്നു; 10എല്ലായിടത്തും ഭീതി; കുറ്റം ആരോപിക്കാം; നമുക്കയാളുടെമേൽ കുറ്റം ആരോപിക്കാം എന്ന് എന്റെ വീഴ്ചയ്‍ക്കു കാത്തിരിക്കുന്ന ഉറ്റസ്നേഹിതന്മാരായിരുന്നവർ പോലും പറയുന്നു; ഒരുവേള അയാളെ വഞ്ചിക്കാൻ കഴിഞ്ഞേക്കാം. അപ്പോൾ നമുക്കയാളെ തോല്പിച്ചു പകരം വീട്ടാം. 11വീരയോദ്ധാവിനെപ്പോലെ സർവേശ്വരൻ എന്റെ കൂടെയുണ്ട്; അതുകൊണ്ട് എന്നെ പീഡിപ്പിക്കുന്നവർ ഇടറിവീഴും; അവർ വിജയിക്കുകയില്ല. അങ്ങനെ അവർ ലജ്ജിതരാകും; അവരുടെ അപമാനം ഒരിക്കലും വിസ്മരിക്കപ്പെടുകയില്ല. 12സർവശക്തനായ സർവേശ്വരാ, അവിടുന്നു മനുഷ്യനെ നീതിപൂർവം പരിശോധിച്ച് അവന്റെ ഹൃദയവും മനസ്സും കാണുന്നു; അവിടുന്ന് അവരോടു പ്രതികാരം ചെയ്യുന്നതു കാണാൻ എനിക്ക് ഇടവരുത്തണമേ; എന്റെ സങ്കടം തിരുസന്നിധിയിലാണല്ലോ ഞാൻ സമർപ്പിച്ചിരിക്കുന്നത്. 13സർവേശ്വരനു പാട്ടു പാടുവിൻ; സർവേശ്വരനെ സ്തുതിക്കുവിൻ; ദുഷ്ടരുടെ കൈയിൽനിന്ന് ദരിദ്രരുടെ ജീവൻ അവിടുന്നു രക്ഷിച്ചിരിക്കുന്നു.
14ഞാൻ ജനിച്ച ദിവസം ശപിക്കപ്പെടട്ടെ; എന്റെ അമ്മ എനിക്കു ജന്മം നല്‌കിയ ദിവസം അനുഗ്രഹിക്കപ്പെടാതിരിക്കട്ടെ. 15നിനക്ക് ഒരു പുത്രൻ ജനിച്ചിരിക്കുന്നു എന്ന വാർത്ത അറിയിച്ച് എന്റെ പിതാവിനെ ഏറ്റവും സന്തോഷിപ്പിച്ചവനും ശപിക്കപ്പെടട്ടെ. 16-17സർവേശ്വരൻ നിർദാക്ഷിണ്യം നശിപ്പിച്ച പട്ടണങ്ങൾപോലെ അവൻ ആയിത്തീരട്ടെ; പ്രഭാതത്തിൽ നിലവിളിയും മധ്യാഹ്നത്തിൽ പോർവിളിയും അവൻ കേൾക്കട്ടെ. കാരണം, ഗർഭപാത്രത്തിൽ വച്ചുതന്നെ അവൻ എന്നെ കൊന്നുകളഞ്ഞില്ല; അങ്ങനെ ചെയ്തിരുന്നെങ്കിൽ എന്റെ അമ്മ എന്റെ ശവക്കുഴിയും അവരുടെ ഗർഭപാത്രം എന്നേക്കും നിറഞ്ഞതും ആകുമായിരുന്നല്ലോ. 18കഷ്ടതയും സങ്കടവും കാണാനും ലജ്ജിതനായി ആയുസ്സു കഴിക്കാനുമായി മാത്രം ഗർഭപാത്രത്തിൽനിന്നു ഞാൻ എന്തിനു പുറത്തുവന്നു?

Currently Selected:

JEREMIA 20: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for JEREMIA 20