JEREMIA 18
18
യിരെമ്യാ കുശവന്റെ വീട്ടിൽ
1സർവേശ്വരനിൽനിന്നു യിരെമ്യാക്കുണ്ടായ അരുളപ്പാട്: 2“കുശവന്റെ വീട്ടിലേക്കു പോകുക; എന്റെ വചനം ഞാൻ അവിടെവച്ച് നിന്നെ കേൾപ്പിക്കും.” 3അങ്ങനെ ഞാൻ കുശവന്റെ വീട്ടിലേക്കു ചെന്നു; അപ്പോൾ അയാൾ ചക്രത്തിന്മേൽ കളിമണ്ണുകൊണ്ട് പാത്രം നിർമിക്കുകയായിരുന്നു. 4ആ പാത്രം കുശവന്റെ കൈയിൽ വച്ചുതന്നെ വികലമായിപ്പോയി; അയാൾ കളിമണ്ണുകൊണ്ടുതന്നെ തനിക്ക് ഇഷ്ടമായ രൂപത്തിൽ മറ്റൊരു പാത്രമുണ്ടാക്കി.
5അപ്പോൾ സർവേശ്വരന്റെ അരുളപ്പാട് എനിക്കുണ്ടായി: 6“അല്ലയോ ഇസ്രായേൽഗൃഹമേ, കുശവൻ ചെയ്തതുപോലെ എനിക്കു നിന്നോടു ചെയ്യാൻ കഴികയില്ലേ എന്നു സർവേശ്വരൻ ചോദിക്കുന്നു; കുശവന്റെ കൈയിലെ കളിമണ്ണുപോലെയല്ലേ ഇസ്രായേൽഗൃഹമേ, നിങ്ങൾ എന്റെ കൈയിൽ?” 7ഏതെങ്കിലും ഒരു ജനതയെയോ രാജ്യത്തെയോ ഞാൻ ഉന്മൂലനം ചെയ്യുമെന്ന് ഒരിക്കൽ പ്രഖ്യാപിക്കുകയും 8ആ ജനത അവരുടെ ദുർമാർഗം വിട്ടുതിരിഞ്ഞാൽ ഞാൻ അവർക്കു വരുത്തുമെന്നു പറഞ്ഞ അനർഥത്തെക്കുറിച്ചുള്ള തീരുമാനം മാറ്റുകയില്ലേ? 9ഒരു ജനതയെയോ, രാജ്യത്തെയോ സംബന്ധിച്ച്, അതിനെ പണിയുമെന്നും നട്ടു പിടിപ്പിക്കുമെന്നും പ്രഖ്യാപിച്ചശേഷം, 10അവർ എന്റെ വാക്കു ശ്രദ്ധിക്കാതെ എന്റെ മുമ്പിൽ തിന്മ പ്രവർത്തിച്ചാൽ, അവർക്കു നല്കുമെന്നു പറഞ്ഞ നന്മയെക്കുറിച്ചുള്ള തീരുമാനവും ഞാൻ മാറ്റുകയില്ലേ? 11അതുകൊണ്ട് യെഹൂദ്യയിലെ ജനങ്ങളോടും യെരൂശലേംനിവാസികളോടും പറയുക, സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിങ്ങൾക്കെതിരെ അനർഥം ചിന്തിച്ച് ഒരു പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു; എല്ലാവരും തങ്ങളുടെ ദുർമാർഗങ്ങളിൽനിന്നു പിന്തിരിയുവിൻ; നിങ്ങളുടെ വഴികളും പ്രവൃത്തികളും തിരുത്തുവിൻ.” 12എന്നാൽ അവർ പറയുന്നു: അവയെല്ലാം വ്യർഥമാണ്; ഞങ്ങൾ ഞങ്ങളുടെ പദ്ധതികൾ തന്നെ തുടരും; ഓരോരുത്തനും അവനവന്റെ ദുഷ്ടഹൃദയത്തിന്റെ ദുശ്ശാഠ്യമനുസരിച്ചു പ്രവർത്തിക്കും.
സർവേശ്വരനെ പരിത്യജിക്കുന്നു
13അതുകൊണ്ടു സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഇതുപോലൊന്ന് ആരെങ്കിലും കേട്ടിട്ടുണ്ടോ എന്നു ജനതകളുടെ ഇടയിൽ അന്വേഷിക്കുവിൻ. ഇസ്രായേൽകന്യക അത്യന്തം ഹീനമായ കൃത്യം ചെയ്തിരിക്കുന്നു. 14ലെബാനോനിലെ പാറയിടുക്കുകളിൽനിന്നു മഞ്ഞ് മാറിപ്പോകുമോ? പർവതത്തിൽനിന്നുള്ള ശീതജല അരുവികൾ വറ്റിപ്പോകുമോ? 15എങ്കിലും എന്റെ ജനം എന്നെ മറന്നു വ്യാജദേവന്മാർക്കു ധൂപം അർപ്പിക്കുന്നു; അവർ അവരുടെ വഴികളിൽ, പുരാതനമായ പാതകളിൽത്തന്നെ ഇടറിവീഴുന്നു; രാജവീഥി വിട്ട് ഇടവഴികളിലൂടെ അവർ നടക്കുന്നു. 16അവർ തങ്ങളുടെ ദേശത്തെ ഭീതിവിഷയവും എന്നേക്കും പരിഹാസപാത്രവും ആക്കിയിരിക്കുന്നു; അതിലെ കടന്നു പോകുന്നവരെല്ലാം ഭയപ്പെട്ടു തലകുലുക്കുന്നു. 17കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിക്കും; അവരുടെ അനർഥദിവസത്തിൽ അവരുടെ നേരേ എന്റെ മുഖമല്ല, പുറമാണു തിരിക്കുക.
യിരെമ്യാക്കെതിരെ ഗൂഢാലോചന
18അപ്പോൾ അവർ പറഞ്ഞു: “വരിക, യിരെമ്യാക്കെതിരായി നമുക്ക് ആലോചന നടത്താം; പുരോഹിതനിൽനിന്നു നിയമമോ, ജ്ഞാനിയിൽനിന്ന് ഉപദേശമോ, പ്രവാചകനിൽനിന്നു ദൈവത്തിന്റെ സന്ദേശമോ ഇല്ലാതെ പോകയില്ല; വരിക, വാക്കുകൾകൊണ്ടുതന്നെ നമുക്കയാളെ സംഹരിക്കാം; അയാൾ പറയുന്നതൊന്നും നാം ശ്രദ്ധിക്കേണ്ടാ.
19സർവേശ്വരാ, ഞാൻ പറയുന്നതു കേൾക്കണമേ; എന്റെ അപേക്ഷ ചെവിക്കൊള്ളണമേ. നന്മയ്ക്കു പ്രതിഫലം തിന്മയോ? 20എങ്കിലും എന്റെ ജീവനുവേണ്ടി അവർ കുഴി കുഴിച്ചിരിക്കുന്നു; അവരെപ്പറ്റി നല്ലതു പറയാനും അവിടുത്തെ കോപം അവരിൽനിന്നും നീക്കാനുമായി അങ്ങയുടെ മുമ്പിൽ ഞാൻ എങ്ങനെ നിന്നു എന്നത് ഓർക്കണമേ. 21അതുകൊണ്ട് അവരുടെ മക്കളെ പട്ടിണിക്ക് ഏല്പിച്ചുകൊടുക്കണമേ; വാളിന് അവരെ ഇരയാക്കണമേ; അവരുടെ ഭാര്യമാർ മക്കളില്ലാത്തവരും വിധവകളുമായിത്തീരട്ടെ; അവരുടെ പുരുഷന്മാർ മരണത്തിന് ഇരയാകട്ടെ; യുവാക്കൾ യുദ്ധത്തിൽ വാളുകൊണ്ടു സംഹരിക്കപ്പെടട്ടെ. 22മുന്നറിയിപ്പുകൂടാതെ, കവർച്ചക്കാരെ അവരുടെ നേരേ അയയ്ക്കുമ്പോൾ അവരുടെ ഭവനങ്ങളിൽനിന്നു നിലവിളിയുടെ ശബ്ദം ഉയരട്ടെ; എന്നെ പിടിക്കാൻ അവർ കുഴി കുഴിച്ചല്ലോ; എന്റെ കാലുകൾക്കു കെണി വച്ചല്ലോ. 23സർവേശ്വരാ, എന്നെ കൊല്ലാനുള്ള ഗൂഢാലോചന അവിടുന്ന് അറിയുന്നു; അവരുടെ അകൃത്യം അവരോടു ക്ഷമിക്കരുതേ; അവരുടെ പാപം അങ്ങയുടെ മുമ്പിൽനിന്നു മായിച്ചു കളയരുതേ; അങ്ങയുടെ മുമ്പിൽ അവർ മറിഞ്ഞു വീഴട്ടെ; അവിടുത്തെ കോപത്തിൽ അവരോട് ഇടപെടണമേ.”
Currently Selected:
JEREMIA 18: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.