YouVersion Logo
Search Icon

RORELTUTE 7

7
മിദ്യാന്യരെ പരാജയപ്പെടുത്തുന്നു
1അതിരാവിലെ ഗിദെയോനും (യെരുബ്ബാൽ) കൂടെയുള്ള ജനവും ഹരോദിലെ നീരുറവിനടുത്തു പാളയമടിച്ചു; വടക്ക് മോരേ മലയ്‍ക്കടുത്തുള്ള താഴ്‌വരയിലായിരുന്നു മിദ്യാന്യർ പാളയമടിച്ചത്.
2സർവേശ്വരൻ ഗിദെയോനോട് അരുളിച്ചെയ്തു: “മിദ്യാന്യരുടെമേൽ ഞാൻ നിങ്ങൾക്കു വിജയം നല്‌കുന്നതിനു വേണ്ടതിലധികം ആളുകൾ നിന്റെ കൂടെയുണ്ട്. തങ്ങളുടെ കരബലംകൊണ്ടു തന്നെയാണ് വിജയം നേടിയത് എന്ന് എനിക്ക് എതിരായി അവർ വമ്പുപറയും. 3അതുകൊണ്ടു ഭയചകിതരെല്ലാം ഗിലെയാദിൽനിന്നു വീടുകളിലേക്കു മടങ്ങിപ്പോകാൻ പറയുക.” ഗിദെയോന്റെ പ്രസ്താവന കേട്ടപ്പോൾ ഇരുപത്തീരായിരം പേർ മടങ്ങിപ്പോയി; പതിനായിരം പേർ ശേഷിച്ചു.
4സർവേശ്വരൻ ഗിദെയോനോടു വീണ്ടും പറഞ്ഞു: “നിന്റെ കൂടെയുള്ളവർ ഇപ്പോഴും അധികമാണ്; അവരെ അടുത്തുള്ള ജലാശയത്തിലേക്കു നയിക്കുക. നിന്നോടൊത്ത് വരേണ്ടവരെ ഞാൻ വേർതിരിച്ചുതരാം; അവർ മാത്രം നിന്നെ അനുഗമിക്കട്ടെ. കൂടെ പോകേണ്ട എന്നു ഞാൻ കല്പിക്കുന്നവർ നിന്നോടൊപ്പം വരരുത്.” 5അതനുസരിച്ച് ഗിദെയോൻ ജനത്തെ ജലാശയത്തിന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി; “നായെപ്പോലെ വെള്ളം നക്കിക്കുടിക്കുന്നവരെയും മുട്ടുകുത്തിനിന്നു വെള്ളം കുടിക്കുന്നവരെയും തമ്മിൽ വേർതിരിക്കുക” എന്ന് അവിടുന്നു ഗിദെയോനോടു കല്പിച്ചു. 6കൈ വായ്‍ക്കൽ ചേർത്തുപിടിച്ച് മുന്നൂറു പേർ വെള്ളം നക്കിക്കുടിച്ചു; മറ്റുള്ളവരെല്ലാം മുട്ടുകുത്തിനിന്നു വെള്ളം കുടിച്ചു. 7“വെള്ളം നക്കിക്കുടിച്ച മുന്നൂറു പേരെക്കൊണ്ട് ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു ഞാൻ രക്ഷിക്കും. അവരുടെ കൈകളിൽ മിദ്യാന്യരെ ഞാൻ ഏല്പിക്കും; മറ്റുള്ളവർ തങ്ങളുടെ വീടുകളിലേക്കു മടങ്ങിപ്പോകട്ടെ” എന്നു സർവേശ്വരൻ കല്പിച്ചു. 8മുന്നൂറു പേരൊഴിച്ചു ബാക്കിയുള്ളവരെയെല്ലാം തങ്ങളുടെ കൂടാരങ്ങളിലേക്കു മടക്കി അയച്ചു; ആ മുന്നൂറു പേർ മറ്റുള്ളവരിൽനിന്നു #7:8 കുടങ്ങളും കാഹളങ്ങളും = ഭക്ഷണസാധനങ്ങൾ എന്നു മൂലഭാഷയിൽ.കുടങ്ങളും കാഹളങ്ങളും വാങ്ങി. അവരുടെ പാളയത്തിനു താഴെ സമഭൂമിയിലായിരുന്നു മിദ്യാന്യരുടെ പാളയം. 9“ശത്രുപാളയത്തിന്റെ നേരെ ഇറങ്ങിച്ചെല്ലുക; ഞാൻ അവരുടെമേൽ നിങ്ങൾക്കു വിജയം നല്‌കിയിരിക്കുന്നു” എന്നു സർവേശ്വരൻ ഗിദെയോനോട് അന്നു രാത്രിയിൽ കല്പിച്ചു: 10“അവിടെ പോകാൻ നിനക്കു ഭയമാണെങ്കിൽ നിന്റെ ഭൃത്യൻ പൂരയെക്കൂടി അവരുടെ പാളയത്തിലേക്കു കൊണ്ടുപോകുക; 11അവരുടെ സംഭാഷണം കേൾക്കുമ്പോൾ അവരെ ആക്രമിക്കാനുള്ള ധൈര്യം നിനക്കു ലഭിക്കും.” ഗിദെയോനും ഭൃത്യനായ പൂരയുംകൂടി ശത്രുപാളയത്തിന്റെ കാവൽമാടംവരെ പോയി. 12മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി താഴ്‌വര മുഴുവൻ നിറഞ്ഞിരുന്നു; അവരുടെ ഒട്ടകങ്ങളും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു. 13ഗിദെയോൻ അവരുടെ പാളയത്തിൽ ചെന്നപ്പോൾ ഒരാൾ താൻ കണ്ട സ്വപ്നം അയാളുടെ സുഹൃത്തിനോട് വിവരിക്കുന്നതു കേട്ടു; അയാൾ പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; ഒരു ബാർലി അപ്പം പാളയത്തിലേക്ക് ഉരുണ്ടുവന്നു. അതു കൂടാരത്തെ ഇടിച്ചു മറിച്ചിട്ടു; കൂടാരം വീണുകിടക്കുന്നു.” 14അപ്പോൾ കൂട്ടുകാരൻ പറഞ്ഞു: “ഇത് ഇസ്രായേല്യനായ യോവാശിന്റെ പുത്രൻ ഗിദെയോന്റെ വാൾ തന്നെയാണ്; മറ്റൊന്നുമായിരിക്കാൻ ഇടയില്ല. ദൈവം മിദ്യാന്യരെയും നമ്മുടെ സർവസൈന്യത്തെയും ഗിദെയോന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു.”
15ഗിദെയോൻ സ്വപ്നവും അതിന്റെ വ്യാഖ്യാനവും കേട്ടപ്പോൾ ദൈവത്തെ നമസ്കരിച്ചു. അയാൾ ഇസ്രായേൽപാളയത്തിൽ മടങ്ങിച്ചെന്നു പറഞ്ഞു: “എഴുന്നേല്‌ക്കുക, മിദ്യാൻ സൈന്യത്തിന്റെമേൽ സർവേശ്വരൻ നിങ്ങൾക്കു വിജയം നല്‌കാൻ പോകുകയാണ്.” 16പിന്നീട് ഗിദെയോൻ കൂടെയുണ്ടായിരുന്ന മുന്നൂറു പേരെ മൂന്നു ഗണമായി തിരിച്ചു; ഓരോ കാഹളവും അകത്തു പന്തമുള്ള ഓരോ കുടവും അവർക്കോരോരുത്തർക്കും കൊടുത്തു അവരോടു പറഞ്ഞു: 17“ഞാൻ ചെയ്യുന്നതു നിങ്ങൾ ശ്രദ്ധിച്ച് അതുപോലെ നിങ്ങളും ചെയ്യണം. പാളയത്തിന്റെ സമീപത്തു ചെല്ലുമ്പോൾ ഞാൻ ചെയ്യുന്നതുപോലെ നിങ്ങളും ചെയ്യുക. 18ഞാനും എന്റെ കൂടെയുള്ളവരും കാഹളമൂതുമ്പോൾ നിങ്ങളും പാളയത്തിന്റെ ചുറ്റുംനിന്നു കാഹളമൂതുകയും ‘സർവേശ്വരനും ഗിദെയോനും വേണ്ടി’ എന്നു ഉച്ചത്തിൽ വിളിച്ചുപറയുകയും വേണം.”
19പാതിരാത്രി ആകുന്നതിനു തൊട്ടുമുമ്പ്, കാവൽക്കാരെ മാറ്റിയ ഉടൻ, ഗിദെയോനും കൂടെയുള്ള നൂറു പേരും പാളയത്തിനു സമീപത്തെത്തി കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. 20അതുപോലെ മറ്റു രണ്ടു സംഘവും കാഹളം ഊതുകയും കുടങ്ങൾ ഉടയ്‍ക്കുകയും ചെയ്തു. അവരെല്ലാം ഇടതു കൈയിൽ പന്തവും വലതു കൈയിൽ കാഹളവും പിടിച്ചുകൊണ്ട് ‘സർവേശ്വരനും ഗിദെയോനും വേണ്ടി ഒരു വാൾ’ എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 21അവരിൽ ഓരോരുത്തനും പാളയത്തിനു ചുറ്റുമുള്ള അവരവരുടെ സ്ഥാനത്തു നിന്നപ്പോൾതന്നെ മിദ്യാന്യർ നിലവിളിച്ചുകൊണ്ടു പാളയത്തിൽനിന്ന് ഓടിപ്പോയി. 22മുന്നൂറു പേർ കാഹളം ഊതിയപ്പോൾ പാളയത്തിലുള്ളവർ അന്യോന്യം ആക്രമിക്കുന്നതിനു സർവേശ്വരൻ ഇടയാക്കി. അവർ സെരേരായ്‍ക്കുള്ള വഴിയിൽ കൂടി ബേത്ത്-ശിത്താവരെയും തബ്ബത്തിനടുത്തുള്ള ആബേൽ-മെഹോലായുടെ അതിർത്തിവരെയും ഓടി. 23നഫ്താലി, ആശേർ, മനശ്ശെ എന്നീ ഗോത്രങ്ങളിലുള്ളവരെ വിളിച്ചുകൂട്ടി; ഇസ്രായേല്യർ മിദ്യാന്യരെ പിന്തുടർന്നു. 24എഫ്രയീംമലനാട്ടിലെല്ലാം ഗിദെയോൻ ദൂതന്മാരെ അയച്ചു; “ഇറങ്ങി വന്നു മിദ്യാന്യരോടു യുദ്ധം ചെയ്യുക; അവർ കടന്നുപോകുന്നതിനു മുമ്പ് ബേത്ത്- ബാരാ വരെയുള്ള നീരുറവുകളും യോർദ്ദാൻനദിയും കൈവശമാക്കുക” എന്ന് ആ ദൂതന്മാർ പറഞ്ഞു. എഫ്രയീമ്യർ ഒരുമിച്ചുകൂടി ബേത്ത്-ബാരാവരെയുള്ള നീരുറവുകളും യോർദ്ദാൻനദിയും കൈവശപ്പെടുത്തി. 25ഓരേബ്, സേബ് എന്നീ മിദ്യാന്യപ്രഭുക്കന്മാരെ അവർ പിടിച്ചു; ഓരേബിനെ ഓരേബ്പാറയിൽവച്ചും സേബിനെ സേബ്മുന്തിരിച്ചക്കിനടുത്തുവച്ചും കൊന്നു; പിന്നീട് അവർ മിദ്യാന്യരെ പിന്തുടർന്നു; ഓരേബിന്റെയും സേബിന്റെയും തല യോർദ്ദാനക്കരെ ഗിദെയോന്റെ അടുക്കൽ കൊണ്ടുവന്നു.

Currently Selected:

RORELTUTE 7: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for RORELTUTE 7