RORELTUTE 21
21
ബെന്യാമീന്യർക്കു ഭാര്യമാർ
1“ഞങ്ങളിൽ ആരും പെൺമക്കളെ ബെന്യാമീൻഗോത്രക്കാർക്കു വിവാഹംചെയ്തു കൊടുക്കുകയില്ല” എന്ന് ഇസ്രായേല്യർ മിസ്പായിൽ ഒന്നിച്ചുകൂടി പ്രതിജ്ഞ എടുത്തിരുന്നു. 2അവർ ബേഥേലിൽ ദൈവസന്നിധിയിൽ ചെന്നു സന്ധ്യവരെ ഉറക്കെ കരഞ്ഞു. 3അവർ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരാ, ഇസ്രായേലിൽ ഒരു ഗോത്രം ഇല്ലാതാകാൻ തക്കവിധം ഇങ്ങനെ സംഭവിച്ചതു എന്ത്?” 4ജനം അടുത്ത പ്രഭാതത്തിൽ ഒരു യാഗപീഠം പണിത് അതിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചു. 5“മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വരാത്ത ഏതെങ്കിലും ഗോത്രക്കാരുണ്ടോ” എന്നു ഇസ്രായേൽജനം ചോദിച്ചു. അവിടുത്തെ സന്നിധിയിൽ വരാത്തവനെ കൊന്നുകളയണമെന്നു മിസ്പായിൽ വച്ച് അവർ ശപഥം ചെയ്തിരുന്നു. 6തങ്ങളുടെ സഹോദരന്മാരായ ബെന്യാമീൻഗോത്രക്കാരെക്കുറിച്ച് ഇസ്രായേല്യർക്ക് അനുകമ്പ തോന്നി. “ഇസ്രായേലിൽ ഒരു ഗോത്രം അറ്റുപോയിരിക്കുന്നു എന്ന്” അവർ പറഞ്ഞു. 7“ശേഷിച്ചിരിക്കുന്ന ബെന്യാമീന്യർക്കു ഭാര്യമാരെ ലഭിക്കാൻ നാം എന്തു ചെയ്യണം? നമ്മുടെ പുത്രിമാരെ അവർക്കു ഭാര്യമാരായി കൊടുക്കുകയില്ല എന്നു നാം ശപഥം ചെയ്തിട്ടുണ്ടല്ലോ.” 8“ഇസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പായിൽ സർവേശ്വരന്റെ സന്നിധിയിൽ വരാത്ത ഏതെങ്കിലും വിഭാഗമുണ്ടോ എന്നവർ അന്വേഷിച്ചു. ‘ഗിലെയാദിലെ യാബേശിൽനിന്നു സമ്മേളനത്തിൽ പങ്കെടുക്കാൻ ആരും വന്നിട്ടില്ല എന്നു മനസ്സിലായി. 9ജനത്തെ എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ഗിലെയാദിലെ യാബേശ്നിവാസികളിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. 10അതുകൊണ്ട് ആ സമ്മേളനത്തിൽ വച്ച് യുദ്ധവീരന്മാരായ പന്തീരായിരം ആളുകളെ അവിടേക്കു നിയോഗിച്ചുകൊണ്ടു കല്പിച്ചു: “സ്‍ത്രീകളും കുട്ടികളുമടക്കം ഗിലെയാദിലെ യാബേശിലുള്ള എല്ലാവരെയും വാളുകൊണ്ടു സംഹരിക്കണം. 11നിങ്ങൾ ഇങ്ങനെയാണു ചെയ്യേണ്ടത്: സകല പുരുഷന്മാരെയും പുരുഷസംഗമം ഉണ്ടായിട്ടുള്ള എല്ലാ സ്‍ത്രീകളെയും നശിപ്പിക്കണം.” 12അവർ ഗിലെയാദിലെ യാബേശ്നിവാസികളിൽ പുരുഷനോടൊത്തു ശയിക്കാത്ത നാനൂറു കന്യകമാരെ കണ്ടെത്തി; അവരെ കനാൻദേശത്തു ശീലോവിലെ പാളയത്തിൽ കൊണ്ടുവന്നു.
13പിന്നീട് സമൂഹം മുഴുവൻ ചേർന്നു രിമ്മോൻ പാറയിൽ പാർത്തിരുന്ന ബെന്യാമീന്യരുടെ അടുക്കൽ ആളയച്ചു സമാധാനസന്ദേശം അറിയിച്ചു. 14ബെന്യാമീൻഗോത്രക്കാർ മടങ്ങിവന്നു; ഗിലെയാദിലെ യാബേശിൽനിന്നു കൂട്ടിക്കൊണ്ടുവന്ന കന്യകമാരെ അവർക്കു ഭാര്യമാരായി നല്‌കി. എങ്കിലും എല്ലാവർക്കും തികഞ്ഞില്ല; 15ബെന്യാമീന്യർക്കും മറ്റ് ഇസ്രായേൽഗോത്രങ്ങൾക്കും ഇടയിൽ സർവേശ്വരൻ ഒരു വിടവുണ്ടാക്കിയതുകൊണ്ട് ഇസ്രായേൽജനം ബെന്യാമീന്യരെ കുറിച്ച് സഹതപിച്ചു.
16“ശേഷിച്ചവർക്കുകൂടി ഭാര്യമാരെ ലഭിക്കുന്നതിനു നാം എന്താണു ചെയ്യേണ്ടത്? ബെന്യാമീൻഗോത്രത്തിൽ ഇനിയും സ്‍ത്രീകളില്ലല്ലോ” എന്നു ജനനേതാക്കന്മാർ പറഞ്ഞു. 17അവർ തുടർന്നു: “ഇസ്രായേലിൽനിന്ന് ഒരു ഗോത്രം തുടച്ചുനീക്കപ്പെടാതിരിക്കാൻ ബെന്യാമീൻഗോത്രത്തിന്റെ നിലനില്പിന് നാം എന്തെങ്കിലും മാർഗം കണ്ടുപിടിക്കണം. 18‘ബെന്യാമീൻഗോത്രക്കാർക്കു ഭാര്യമാരെ കൊടുക്കുന്നവൻ ശപിക്കപ്പെട്ടവൻ’ എന്ന് ഇസ്രായേൽജനം ശപഥം ചെയ്തിട്ടുള്ളതുകൊണ്ട് നമ്മുടെ പുത്രിമാരെ അവർക്കു നല്‌കുക സാധ്യമല്ല.” 19അതുകൊണ്ട് അവർ പറഞ്ഞു: “ശിലോവിൽവച്ച് വർഷംതോറും നടത്താറുള്ള സർവേശ്വരന്റെ ഉത്സവം അടുത്തുവരുന്നല്ലോ.” ബേഥേലിനു വടക്കും ബേഥേലിൽനിന്നു ശെഖേമിലേക്കു പോകുന്ന പെരുവഴിയുടെ കിഴക്കും ലെബോനയ്‍ക്കു തെക്കും ആയിക്കിടന്നിരുന്ന സ്ഥലമായിരുന്നു ശീലോവ്. 20അവർ ബെന്യാമീന്യരോടു നിർദ്ദേശിച്ചു: “നിങ്ങൾ മുന്തിരിത്തോട്ടങ്ങളിൽ പതിയിരിക്കണം; 21ശീലോവിലെ യുവതികൾ ഉത്സവസമയത്തു നൃത്തം ചെയ്യാൻ വരുമ്പോൾ നിങ്ങൾ പുറത്തുവന്ന് ഓരോരുത്തനും ഓരോ സ്‍ത്രീയെ ബലമായി പിടിച്ചു സ്വദേശത്തേക്കു കൊണ്ടുപൊയ്‍ക്കൊള്ളുക. 22അവരുടെ പിതാക്കന്മാരോ സഹോദരന്മാരോ ഞങ്ങളുടെ അടുക്കൽ വന്നു പരാതിപ്പെട്ടാൽ ഞങ്ങൾ പറയും: അവരോടു ക്ഷമിക്കുക; യുദ്ധത്തിൽ നാം അവർക്കോരോരുത്തനും വേണ്ടി സ്‍ത്രീകളെ കൈവശപ്പെടുത്തിയില്ലല്ലോ; നിങ്ങൾ അവർക്ക് ഭാര്യമാരെ കൊടുത്തതുമില്ല; കൊടുത്തിരുന്നെങ്കിൽ നിങ്ങൾ കുറ്റക്കാരാകുമായിരുന്നു.” 23ബെന്യാമീന്യർ അപ്രകാരംതന്നെ പ്രവർത്തിച്ചു; തങ്ങളുടെ എണ്ണത്തിനനുസരിച്ചു നൃത്തം ചെയ്യാൻ വന്ന യുവതികളിൽനിന്നു ഭാര്യമാരെ പിടിച്ചുകൊണ്ടുപോയി; തങ്ങളുടെ അവകാശദേശത്തു മടങ്ങിച്ചെന്നു പട്ടണങ്ങൾ പുതുക്കിപ്പണിത് അവിടെ പാർത്തു. 24ഇസ്രായേൽജനം അവിടെനിന്നു മടങ്ങി; ഓരോരുത്തനും അവനവന്റെ ഗോത്രത്തിലേക്കും കുടുംബത്തിലേക്കും മടങ്ങിപ്പോയി അവനവന്റെ അവകാശഭൂമിയിൽ പാർത്തു.
25അക്കാലത്ത് ഇസ്രായേലിൽ രാജാവില്ലായിരുന്നു; ഓരോരുത്തനും യഥേഷ്ടം ജീവിച്ചു.
Currently Selected:
RORELTUTE 21: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.