ISAIA 49:8-16
ISAIA 49:8-16 MALCLBSI
സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്നിൽ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാൻ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിക്കുകയും ജനത്തിന് ഒരു ഉടമ്പടിയായി നല്‌കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാൻ പറഞ്ഞു. യാത്രയിൽ അവർ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചിൽപ്പുറങ്ങളായി മാറും. അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവർ അവരെ വഴി നടത്തുകയും നീരുറവകൾക്കരികിലൂടെ നയിക്കുകയും ചെയ്യും. പർവതങ്ങളെ ഞാൻ വഴിയാക്കി മാറ്റും. എന്റെ ജനത്തിനു പോകാനുള്ള രാജവീഥികൾ ഉയർന്നു വരും. കണ്ടുകൊൾക, എന്റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും. ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പർവതങ്ങളേ, ആർത്തു പാടുക! സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും. എന്നാൽ സീയോൻ പറഞ്ഞു: “സർവേശ്വരനെന്നെ ഉപേക്ഷിച്ചു; എന്റെ സർവേശ്വരനെന്നെ മറന്നു.” മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാൻ കഴിയുമോ? പെറ്റമ്മ തന്റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. നോക്കുക, നിന്നെ എന്റെ ഉള്ളങ്കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്.