YouVersion Logo
Search Icon

ISAIA 49

49
ഇസ്രായേൽജനത്തിന്റെ വെളിച്ചം
1“തീരദേശങ്ങളേ, ഞാൻ പറയുന്നതു കേൾക്കുവിൻ. വിദൂരസ്ഥരായ ജനതകളേ, ശ്രദ്ധിക്കുവിൻ. അമ്മയുടെ ഉദരത്തിൽ വച്ചു സർവേശ്വരൻ എന്നെ വിളിച്ചു. ഗർഭത്തിൽവച്ചു തന്നെ എനിക്കു പേരിട്ടു. 2അവിടുന്ന് എന്റെ നാവു മൂർച്ചയുള്ള വാളുപോലെ ആക്കി. തന്റെ കൈനിഴലിൽ അവിടുന്ന് എന്നെ മറച്ചു. അവിടുന്ന് എന്നെ മിനുക്കിയ അസ്ത്രമാക്കി തന്റെ ആവനാഴിയിൽ ഒളിപ്പിച്ചു. 3“ഇസ്രായേലേ, നീ എന്റെ ദാസൻ! നീ നിമിത്തം ഞാൻ പ്രകീർത്തിക്കപ്പെടും” എന്നു സർവേശ്വരൻ അരുളിച്ചെയ്തു. 4“ഞാൻ അധ്വാനിക്കുകയായിരുന്നു; എന്റെ ശക്തി വ്യർഥമായും നിഷ്ഫലമായും വിനിയോഗിച്ചു, എങ്കിലും നിശ്ചയമായും എന്റെ അവകാശവും എന്റെ പ്രയത്നത്തിനുള്ള പ്രതിഫലവും സർവേശ്വരന്റെ പക്കലുണ്ട്” എന്നു ഞാൻ പറഞ്ഞു.
5യാക്കോബിനെ തന്റെ അടുക്കലേക്കു തിരിച്ചുകൊണ്ടുവരാനും ഇസ്രായേലിനെ ഒരുമിച്ചു കൂട്ടാനും അമ്മയുടെ ഗർഭത്തിൽ എന്നെ തന്റെ ദാസനായി രൂപപ്പെടുത്തിയ സർവേശ്വരൻ അരുളിച്ചെയ്യുന്നു. എന്തെന്നാൽ അവിടുത്തെ ദൃഷ്‍ടിയിൽ ഞാൻ ബഹുമാനിതനായി. എന്റെ ദൈവം എന്റെ ബലം ആയിത്തീർന്നിരിക്കുന്നു. 6സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിന്റെ ഗോത്രങ്ങളെ ഉദ്ധരിക്കാനും ഇസ്രായേലിൽ അവശേഷിക്കുന്നവരെ മടക്കിക്കൊണ്ടുവരാനും നീ എന്റെ ദാസനായിരിക്കുക എന്നതു നിസ്സാരകാര്യമാണ്. എന്റെ രക്ഷ ഭൂമിയുടെ അതിരുകൾവരെ എത്താൻ ഞാൻ നിന്നെ ജനതകൾക്കു പ്രകാശമാക്കിത്തീർക്കും. 7സർവജനതകളാലും നിന്ദിതനും വെറുക്കപ്പെട്ടവനും ഭരണാധികാരികളുടെ ദാസനുമായവനോട് ഇസ്രായേലിന്റെ പരിശുദ്ധനും വീണ്ടെടുപ്പുകാരനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിന്നെ തിരഞ്ഞെടുത്തവനും ഇസ്രായേലിന്റെ പരിശുദ്ധനും വിശ്വസ്തനുമായ സർവേശ്വരൻ നിമിത്തം രാജാക്കന്മാർ നിന്നെ കാണുമ്പോൾ എഴുന്നേല്‌ക്കും. പ്രഭുക്കന്മാർ നിന്റെ മുമ്പിൽ സാഷ്ടാംഗം വീണു നമസ്കരിക്കും.”
യെരൂശലേമിന്റെ പുനരുദ്ധാരണം
8സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ഞാൻ നിന്നിൽ പ്രസാദിച്ച കാലത്തു നിനക്കുത്തരമരുളി. രക്ഷയുടെ ദിവസം ഞാൻ നിന്നെ സഹായിച്ചു. ദേശം പുനഃസ്ഥാപിക്കാനും ശൂന്യമായി കിടക്കുന്ന അവകാശഭൂമി വിഭജിച്ചു കൊടുക്കാനും ഞാൻ നിന്നെ സംരക്ഷിക്കുകയും 9ജനത്തിന് ഒരു ഉടമ്പടിയായി നല്‌കുകയും ചെയ്തിരിക്കുന്നു. ബന്ധിതരോടു പുറത്തു വരിക എന്നും അന്ധകാരത്തിലിരിക്കുന്നവരോടു വെളിച്ചത്തു വരിക എന്നും ഞാൻ പറഞ്ഞു. യാത്രയിൽ അവർ ആടുകളെപ്പോലെ മേയും; വിജനമായ കുന്നുകളെല്ലാം അവരുടെ മേച്ചിൽപ്പുറങ്ങളായി മാറും. 10അവർക്കു വിശക്കുകയോ ദാഹിക്കുകയോ ഇല്ല. ഉഷ്ണക്കാറ്റോ വെയിലോ അവരെ പീഡിപ്പിക്കുകയില്ല. കരുണയുള്ളവർ അവരെ വഴി നടത്തുകയും നീരുറവകൾക്കരികിലൂടെ നയിക്കുകയും ചെയ്യും. 11പർവതങ്ങളെ ഞാൻ വഴിയാക്കി മാറ്റും. എന്റെ ജനത്തിനു പോകാനുള്ള രാജവീഥികൾ ഉയർന്നു വരും. 12കണ്ടുകൊൾക, എന്റെ ജനം വിദൂരത്തുനിന്നു വരും. വടക്കുനിന്നും പടിഞ്ഞാറുനിന്നും സീനീംദേശത്തുനിന്നും വരും. 13ആകാശമേ, ആനന്ദഗാനം പാടുക! ഭൂതലമേ, ആഹ്ലാദിക്കുക! പർവതങ്ങളേ, ആർത്തു പാടുക! സർവേശ്വരൻ തന്റെ ജനത്തെ ആശ്വസിപ്പിച്ചിരിക്കുന്നു. തന്റെ പീഡിതരോട് അവിടുന്നു കരുണ കാണിക്കും.
14എന്നാൽ സീയോൻ പറഞ്ഞു: “സർവേശ്വരനെന്നെ ഉപേക്ഷിച്ചു; എന്റെ സർവേശ്വരനെന്നെ മറന്നു.” 15മുല കുടിക്കുന്ന കുഞ്ഞിനെ അമ്മയ്‍ക്കു മറക്കാൻ കഴിയുമോ? പെറ്റമ്മ തന്റെ കുഞ്ഞിനോടു കരുണ കാട്ടാതിരിക്കുമോ? അവർ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല. 16നോക്കുക, നിന്നെ എന്റെ ഉള്ളങ്കൈയിൽ രേഖപ്പെടുത്തിയിരിക്കുന്നു. നിന്റെ മതിലുകൾ എപ്പോഴും എന്റെ കൺമുമ്പിലുണ്ട്. 17നിന്നെ പുനഃസ്ഥാപിക്കുന്നവർ നിന്നെ നശിപ്പിച്ചവരെ മറികടക്കുന്നു. നിന്നെ ശൂന്യമാക്കിയവർ നിന്നെ വിട്ടകലുന്നു. 18ചുറ്റും നോക്കുവിൻ. അവർ ഒരുമിച്ചുകൂടി നിന്റെ അടുക്കലേക്കു വരുന്നു. സർവേശ്വരനായ ഞാൻ ശപഥം ചെയ്യുന്നു. മണവാട്ടി ആഭരണം അണിയുംപോലെ നീ അവരെ സ്വീകരിക്കും.
19നിന്റെ പാഴ്നിലങ്ങളും വിജനപ്രദേശങ്ങളും നിന്നിൽ നിവസിക്കാൻ വരുന്നവർക്കു മതിയാവുകയില്ല. നിന്നെ നശിപ്പിച്ചവർ നിന്നിൽനിന്നു വളരെ അകലെയായിരിക്കും. 20“ഞങ്ങൾക്കു നിവസിക്കാൻ കൂടുതൽ സ്ഥലം വേണം. ഇതു മതിയാവുകയില്ല” എന്നു പ്രവാസകാലത്തു ജാതരായ നിന്റെ ജനം പറയും. 21അപ്പോൾ നീ പറയും: ഞാൻ പുത്രദുഃഖമനുഭവിക്കുന്നവളും വന്ധ്യയും പരിത്യക്തയും പ്രവാസിനിയും ആയിരുന്നല്ലോ. പിന്നെ എനിക്കുവേണ്ടി ആരിവരെ പ്രസവിച്ചു വളർത്തി? ഞാൻ ഏകാകിനിയായിരിക്കെ ഇവർ എവിടെ നിന്നു വന്നു?
22ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “ജനതകളുടെ നേരെ എന്റെ കൈ ഉയർത്തും. ജനപദങ്ങൾക്കു ഞാൻ കൊടി കാട്ടും. അവർ നിന്റെ പുത്രന്മാരെ മാറോടണച്ചും പുത്രിമാരെ തോളിലേറ്റിയും കൊണ്ടുവരും. 23രാജാക്കന്മാർ നിങ്ങളുടെ വളർത്തച്ഛന്മാരും രാജ്ഞിമാർ നിങ്ങളുടെ വളർത്തമ്മമാരും ആയിത്തീരും. അവർ നിലംപറ്റെ തല കുനിച്ചു നിന്നെ വണങ്ങും, നിന്റെ കാലിലെ പൊടിനക്കും. അപ്പോൾ ഞാൻ സർവേശ്വരനാകുന്നു എന്നു നീ അറിയും. എനിക്കുവേണ്ടി കാത്തിരിക്കുന്നവർ ലജ്ജിതരാകയില്ല.
24കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കാമോ? നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ ബന്ധനത്തിൽനിന്നു തടവുകാരെ മോചിപ്പിക്കാമോ? തീർച്ചയായും കഴിയും. 25സർവേശ്വരൻ അരുളിച്ചെയ്യുന്നു: കരുത്തന്റെ കൈയിൽനിന്നു കൊള്ളമുതൽ പിടിച്ചെടുക്കുകയും നിഷ്ഠുരനായ സ്വേച്ഛാധിപതിയുടെ പിടിയിൽനിന്നു തടവുകാരെ മോചിപ്പിക്കുകയും ചെയ്യും. എന്തെന്നാൽ നിന്നോടു പോരാടുന്നവരോടു ഞാൻ പോരാടും. നിന്റെ മക്കളെ ഞാൻ രക്ഷിക്കയും ചെയ്യും. 26നിന്നെ മർദിക്കുന്നവർ അന്യോന്യം കടിച്ചുതിന്നാൻ ഞാനിടയാക്കും. വീഞ്ഞു കുടിച്ചെന്നപോലെ അവർ രക്തം കുടിച്ചു മത്തരാകും. അപ്പോൾ ഞാനാകുന്നു നിന്റെ രക്ഷകനും വിമോചകനും യാക്കോബിന്റെ ബലവാനായ ദൈവവും എന്നു സർവമനുഷ്യരും അറിയും.

Currently Selected:

ISAIA 49: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in