ISAIA 41:1-10
ISAIA 41:1-10 MALCLBSI
തീരദേശങ്ങളേ, എന്റെ മുമ്പിൽ നിശ്ശബ്ദരായിരുന്ന് ശ്രദ്ധിക്കുവിൻ. ജനതകൾ ശക്തി വീണ്ടെടുക്കട്ടെ. അവർ അടുത്തു വന്നു സംസാരിക്കട്ടെ. ന്യായവാദം നടത്താനായി നമുക്ക് ഒത്തുചേരാം. ഓരോ കാൽവയ്പിലും വിജയിച്ചു മുന്നേറുന്ന ഒരുവനെ കിഴക്കുനിന്ന് ഇളക്കിവിട്ടതാരാണ്? അവിടുന്ന് ജനതകളെ അയാൾക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ രാജാക്കന്മാർ ചവുട്ടി മെതിക്കപ്പെടുന്നു. അയാൾ വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുന്നു. വില്ലുകൊണ്ട് അവരെ വയ്‍ക്കോൽപോലെ പറപ്പിക്കുന്നു. അയാൾ അവരെ പിന്തുടർന്നു നടന്നിട്ടില്ലാത്ത പാതകളിലൂടെ സുരക്ഷിതനായി കടന്നുപോകുന്നു. ലോകാരംഭംമുതൽ തലമുറകളെ വിളിച്ചുവരുത്തി ഇവയെല്ലാം പ്രവർത്തിച്ചത് ആരാണ്? സർവേശ്വരനായ ഞാൻതന്നെ, ആദിയിലുണ്ടായിരുന്നവനും അന്ത്യത്തിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നവനുമായ ഞാൻ തന്നെ. എന്റെ പ്രവൃത്തിയിൽ വിദൂരദേശങ്ങൾ ഭയപ്പെടുന്നു. ഭൂമിയുടെ അറുതികൾ വിറയ്‍ക്കുന്നു. അവർ ഒരുമിച്ചുകൂടി അടുത്തുവരുന്നു. അവർ പരസ്പരം സഹായിക്കുന്നു. സഹോദരനോടു ധൈര്യമായിരിക്കുക എന്നു പറയുന്നു. ശില്പി തട്ടാനെയും കൊല്ലൻ കൂടം അടിക്കുന്നവനെയും അന്യോന്യം അഭിനന്ദിക്കുന്നു; കൂട്ടിവിളക്കിയതു നന്നായിരിക്കുന്നു എന്നു പറഞ്ഞ് അവർ അത് ഇളകാത്തവിധം ആണിയടിച്ചുറപ്പിക്കുന്നു. എന്നാൽ എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്താനമേ, നീ എന്റെ ദാസൻ, ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അറുതികളിൽനിന്നും നിന്നെ കൊണ്ടുവന്നു. അതിന്റെ വിദൂരമായ കോണുകളിൽനിന്നു നിന്നെ വിളിച്ചു. ഞാൻ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാൻ നിന്റെ ദൈവമാകയാൽ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ നിന്നെ ബലപ്പെടുത്തും. ഞാൻ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാൻ നിന്നെ ഉയർത്തിപ്പിടിക്കും.