ISAIA 41
41
വിമോചനം ആസന്നം
1തീരദേശങ്ങളേ, എന്റെ മുമ്പിൽ നിശ്ശബ്ദരായിരുന്ന് ശ്രദ്ധിക്കുവിൻ. ജനതകൾ ശക്തി വീണ്ടെടുക്കട്ടെ. അവർ അടുത്തു വന്നു സംസാരിക്കട്ടെ. ന്യായവാദം നടത്താനായി നമുക്ക് ഒത്തുചേരാം. 2ഓരോ കാൽവയ്പിലും വിജയിച്ചു മുന്നേറുന്ന ഒരുവനെ കിഴക്കുനിന്ന് ഇളക്കിവിട്ടതാരാണ്? അവിടുന്ന് ജനതകളെ അയാൾക്ക് ഏല്പിച്ചു കൊടുക്കുന്നു. അങ്ങനെ രാജാക്കന്മാർ ചവുട്ടി മെതിക്കപ്പെടുന്നു. അയാൾ വാൾകൊണ്ട് അവരെ വെട്ടിവീഴ്ത്തുന്നു. വില്ലുകൊണ്ട് അവരെ വയ്‍ക്കോൽപോലെ പറപ്പിക്കുന്നു. 3അയാൾ അവരെ പിന്തുടർന്നു നടന്നിട്ടില്ലാത്ത പാതകളിലൂടെ സുരക്ഷിതനായി കടന്നുപോകുന്നു. ലോകാരംഭംമുതൽ തലമുറകളെ വിളിച്ചുവരുത്തി ഇവയെല്ലാം പ്രവർത്തിച്ചത് ആരാണ്? 4സർവേശ്വരനായ ഞാൻതന്നെ, ആദിയിലുണ്ടായിരുന്നവനും അന്ത്യത്തിൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നവനുമായ ഞാൻ തന്നെ.
5എന്റെ പ്രവൃത്തിയിൽ വിദൂരദേശങ്ങൾ ഭയപ്പെടുന്നു. ഭൂമിയുടെ അറുതികൾ വിറയ്‍ക്കുന്നു. അവർ ഒരുമിച്ചുകൂടി അടുത്തുവരുന്നു. അവർ പരസ്പരം സഹായിക്കുന്നു. 6സഹോദരനോടു ധൈര്യമായിരിക്കുക എന്നു പറയുന്നു. 7ശില്പി തട്ടാനെയും കൊല്ലൻ കൂടം അടിക്കുന്നവനെയും അന്യോന്യം അഭിനന്ദിക്കുന്നു; കൂട്ടിവിളക്കിയതു നന്നായിരിക്കുന്നു എന്നു പറഞ്ഞ് അവർ അത് ഇളകാത്തവിധം ആണിയടിച്ചുറപ്പിക്കുന്നു.
8എന്നാൽ എന്റെ ദാസനായ ഇസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രഹാമിന്റെ സന്താനമേ, നീ എന്റെ ദാസൻ, 9ഞാൻ നിന്നെ ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞുകൊണ്ട് ഭൂമിയുടെ അറുതികളിൽനിന്നും നിന്നെ കൊണ്ടുവന്നു. അതിന്റെ വിദൂരമായ കോണുകളിൽനിന്നു നിന്നെ വിളിച്ചു. 10ഞാൻ നിന്നോടുകൂടെയുള്ളതുകൊണ്ട് നീ ഭയപ്പെടേണ്ടാ, ഞാൻ നിന്റെ ദൈവമാകയാൽ നീ പരിഭ്രമിക്കുകയും വേണ്ടാ. ഞാൻ നിന്നെ ബലപ്പെടുത്തും. ഞാൻ നിന്നെ സഹായിക്കും. വിജയം വരിച്ച എന്റെ വലങ്കൈകൊണ്ടു ഞാൻ നിന്നെ ഉയർത്തിപ്പിടിക്കും. 11നിന്നോടു കോപിക്കുന്നവർ ലജ്ജിച്ച് അമ്പരക്കും. നിന്നോടെതിർക്കുന്നവർ ഏതുമില്ലാതായി നശിക്കും. നിന്നോടു മത്സരിക്കുന്നവരെ നീ അന്വേഷിക്കും. പക്ഷേ കണ്ടുകിട്ടുകയില്ല. 12നിന്നോടു പോരാടുന്നവർ ഇല്ലാതെയാകും. 13ഞാൻ നിന്റെ ദൈവമായ സർവേശ്വരനാണല്ലോ. നിന്റെ വലതുകൈ ഞാൻ പിടിച്ചിരിക്കുന്നു; ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.
14“കൃമിയായ യാക്കോബേ, നിസ്സാരനായ ഇസ്രായേലേ, ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.” സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്. നിന്റെ വിമോചകൻ, ഇസ്രായേലിന്റെ പരിശുദ്ധൻ തന്നെ. 15ഇതാ, ഞാൻ നിന്നെ മൂർച്ചയേറിയ പൽചക്രങ്ങളോടു കൂടിയ പുതിയ മെതിവണ്ടിയാക്കിത്തീർക്കുന്നു; നീ പർവതങ്ങളെ മെതിച്ചു തകർക്കും. കുന്നുകളെ പൊടിയാക്കും. 16നീ അവയെ പാറ്റിക്കളയും. അവയെ കാറ്റു പറപ്പിക്കുകയും കൊടുങ്കാറ്റു ചിതറിച്ചുകളയുകയും ചെയ്യും. അപ്പോൾ സർവേശ്വരനിൽ നീ ആനന്ദിക്കും. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനെ പ്രകീർത്തിക്കും.
17ദരിദ്രരും എളിയവരും വെള്ളം തേടിയലഞ്ഞ്, കണ്ടുകിട്ടാതെ ദാഹിച്ചു നാവു വരളുമ്പോൾ സർവേശ്വരനായ ഞാൻ അവർക്കുത്തരമരുളും; ഇസ്രായേലിന്റെ സർവേശ്വരനായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. 18ഞാൻ മൊട്ടക്കുന്നുകളിൽനിന്നു നദികളും താഴ്‌വരകളുടെ നടുവിൽനിന്നു നീരുറവുകളും പുറപ്പെടുവിക്കും. ഞാൻ മരുഭൂമിയെ ജലാശയമാക്കും. വരണ്ടനിലത്തെ നീരുറവയാക്കും. 19ഞാൻ മരുഭൂമിയിൽ ദേവദാരുവും ഖദിരവും കൊഴുന്തും ഒലിവും നട്ടുവളർത്തും. ഞാൻ വിജനഭൂമിയിൽ സരളവും പയിനും പുന്നയും വച്ചു പിടിപ്പിക്കും. 20സർവേശ്വരന്റെ കരങ്ങളാണ് ഇതു ചെയ്തത്. ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനാണ് ഇവയെല്ലാം സൃഷ്‍ടിച്ചത് എന്ന് എല്ലാവരും അറിയാനും ഗ്രഹിക്കാനും ഇടയാകും.
വ്യാജദേവന്മാർക്കെതിരെ
21“നിങ്ങളുടെ പരാതി കൊണ്ടുവരുവിൻ” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. “നിങ്ങളുടെ തെളിവുകൾ ഹാജരാക്കുവിൻ” എന്നു യാക്കോബിന്റെ രാജാവ് കല്പിക്കുന്നു. 22അവർ അവ കൊണ്ടുവന്ന് എന്തു സംഭവിക്കാൻ പോകുന്നു എന്നു പറയട്ടെ. പഴയ കാര്യങ്ങളും അറിയിക്കട്ടെ. അവയെക്കുറിച്ച് ചിന്തിച്ച് അതിന്റെ പരിണതഫലമെന്തെന്ന് അറിയാമല്ലോ. അല്ലെങ്കിൽ വരാനിരിക്കുന്ന കാര്യങ്ങൾ നമ്മോടു പ്രസ്താവിക്കുക. അഥവാ വരുംകാലത്ത് എന്തു സംഭവിക്കുമെന്നു ഞങ്ങളോടു പറയുക. 23അങ്ങനെ നിങ്ങൾ ദേവന്മാരാണെന്നു ഞങ്ങൾ അറിയട്ടെ. നന്മയോ തിന്മയോ ചെയ്യുക. ഞങ്ങൾ വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്യട്ടെ. 24നിങ്ങൾ ഏതുമില്ല. നിങ്ങളുടെ പ്രവൃത്തികളും ശൂന്യം, നിങ്ങളെ തിരഞ്ഞെടുക്കുന്നവൻ മ്ലേച്ഛൻ!
25വടക്കുനിന്ന് ഒരുവനെ ഞാൻ ഇളക്കിവിട്ടിരിക്കുന്നു. അവൻ വന്നു കിഴക്കുനിന്ന് അവനെ പേരുചൊല്ലി വിളിച്ചു. കുമ്മായകൂട്ടിന്മേൽ എന്നപോലെയും കുശവൻ കളിമണ്ണു ചവുട്ടിക്കുഴയ്‍ക്കുന്നതുപോലെയും അവൻ വന്നു രാജാക്കന്മാരെ ചവുട്ടി മെതിക്കും. 26സംഭവിക്കാൻ പോകുന്നത് ഞങ്ങൾ അറിയാനായി നിങ്ങളിൽ ആരാണ് ആദ്യമേ അതു പറഞ്ഞിട്ടുള്ളത്? അവൻ പറഞ്ഞതു ശരിയെന്നു ഞങ്ങൾ പറയത്തക്കവിധം നിങ്ങളിൽ ആരാണ് അതു മുൻകൂട്ടി പ്രസ്താവിച്ചിട്ടുള്ളത്? ആരും അതു പ്രസ്താവിച്ചില്ല. ആരെങ്കിലും അത് ഉദ്ഘോഷിക്കുകയോ ആരെങ്കിലും നിങ്ങളുടെ വാക്കുകൾ കേൾക്കുകയോ ചെയ്തിട്ടില്ല. 27ഞാനാണു സീയോനോട് ഈ വാർത്ത ആദ്യമായി പ്രഖ്യാപിച്ചത്. ഈ സദ്‍വാർത്ത അറിയിക്കാൻ ഞാൻ ഒരു ദൂതനെ യെരൂശലേമിലേക്കയച്ചു. 28ഞാൻ നോക്കിയപ്പോൾ ആരും അവിടെ ഇല്ലായിരുന്നു. ഞാൻ ചോദിച്ചതിനു മറുപടി പറയാൻ ഒരു ഉപദേഷ്ടാവും അവരുടെ ഇടയിൽ ഉണ്ടായിരുന്നില്ല. 29അവരെല്ലാം കേവലം മിഥ്യയാണ്. അവരുടെ പ്രവൃത്തികൾ ഏതുമില്ല. അവർ വാർത്തുണ്ടാക്കിയ വിഗ്രഹങ്ങൾ കാറ്റുപോലെ ശൂന്യം.
Currently Selected:
ISAIA 41: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.