YouVersion Logo
Search Icon

ISAIA 34

34
എദോമിനു നാശം
1ജനതകളേ, അടുത്തുവന്നു കേൾക്കുവിൻ; ജനപദങ്ങളേ, ശ്രദ്ധിക്കുവിൻ. ഭൂമിയും അതിൽ നിറഞ്ഞിരിക്കുന്ന സകലവുമേ, ചെവി തരുവിൻ! ലോകവും അതിൽനിന്ന് ഉദ്ഭവിക്കുന്ന സമസ്തവുമേ, കേൾക്കുവിൻ. 2സർവേശ്വരൻ സകലജനതകളോടും രോഷം പൂണ്ടിരിക്കുന്നുവല്ലോ. അവരുടെ സർവസൈന്യങ്ങളോടും അവിടുന്നു കോപാകുലനായിരിക്കുന്നു. അവിടുന്ന് അവരെ വിധിച്ചു കൊലയ്‍ക്ക് ഏല്പിച്ചു കൊടുത്തിരിക്കുന്നു. വധിക്കപ്പെട്ടവരെ വലിച്ചെറിയും; 3അവരുടെ മൃതശരീരങ്ങളിൽനിന്നു ദുർഗന്ധം വമിക്കും; പർവതങ്ങൾ അവരുടെ രക്തത്തിൽ കുതിരും. 4സൂര്യചന്ദ്രന്മാരും നക്ഷത്രസമൂഹവും കെട്ടടങ്ങും. ആകാശം ഗ്രന്ഥച്ചുരുൾപോലെ ചുരുണ്ടുപോകും. മുന്തിരിയിൽനിന്നും അത്തിയിൽനിന്നും ഇല പൊഴിയുംപോലെ ആകാശസേനകൾ നിലംപതിക്കും.
5സർവേശ്വരന്റെ വാൾ സ്വർഗത്തിൽ സുസജ്ജമായിരിക്കുന്നു. ഇതാ, എദോമിന്മേൽ വിധി നടത്താൻ, ജനത്തിനു ന്യായം വിധിക്കാൻ അത് ആകാശത്തുനിന്ന് ഇറങ്ങിവരുന്നു. സർവേശ്വരന് ഒരു വാൾ ഉണ്ട്. 6അതു മതിയാവോളം രക്തം കുടിച്ചിരിക്കുന്നു. മേദസ്സു ഭക്ഷിച്ചു ചെടിച്ചിരിക്കുന്നു. ചെമ്മരിയാടിന്റെയും കോലാടിന്റെയും രക്തവും ആണാടുകളുടെ വൃക്കകളും മേദസ്സുംകൊണ്ടു തന്നെ. സർവേശ്വരനു ബൊസ്രായിൽ ഒരു യാഗം ഉണ്ട്. എദോമിൽ ഒരു മഹാസംഹാരം ഉണ്ട്. 7അന്നു കാട്ടുകാളകളെയും കാളക്കുട്ടികളെയും കൂറ്റന്മാരെയുംപോലെ ജനപദങ്ങൾ വീഴും. ദേശം രക്തത്തിൽ കുതിരും. അവരുടെ മണ്ണ് കൊഴുപ്പുകൊണ്ട് വളക്കൂറുള്ളതാകും. 8കാരണം സർവേശ്വരന് ഒരു പ്രതികാരസമയമുണ്ട്. സീയോനെ വീണ്ടെടുക്കാൻ ശത്രുക്കളോടു പകരം വീട്ടുന്ന വർഷംതന്നെ. 9എദോമിലെ തോടുകൾ കീലായും അവിടുത്തെ മണ്ണ് ഗന്ധകമായും ദേശം കത്തുന്ന കീലായും മാറും. 10രാവും പകലും അതു കെടാതെ കത്തിക്കൊണ്ടിരിക്കും. അതിൽനിന്ന് എന്നേക്കും പുക ഉയർന്നുകൊണ്ടിരിക്കും. തലമുറകളോളം അതു ശൂന്യമായി കിടക്കും. ഒരിക്കലും ആരും അതുവഴി കടന്നുപോകയില്ല. 11കഴുകനും മുള്ളൻപന്നിയും ദേശം അധീനമാക്കും. മൂങ്ങയും മലങ്കാക്കയും അവിടെ കുടിപാർക്കും. സർവേശ്വരൻ സംഭ്രാന്തിയുടെ അളവുനൂൽ അതിന്റെമേൽ വലിച്ചുപിടിക്കും. 12ശൂന്യതയുടെ തൂക്കുകട്ട അവിടത്തെ പ്രമുഖന്മാരുടെമേൽ പിടിക്കും. അത് ഒരു രാജ്യം അല്ലാതാകും. പ്രഭുക്കന്മാർ അപ്രത്യക്ഷമാകും.
13അതിന്റെ കോട്ടകളിൽ മുൾച്ചെടികളും സുരക്ഷിതസങ്കേതങ്ങളിൽ തൂവ, ഞെരിഞ്ഞിൽ എന്നിവയും വളരും. അതു കുറുനരികളുടെ വിഹാരരംഗമാകും; ഒട്ടകപ്പക്ഷികൾ അവിടെ താവളമാക്കും. അവിടെ കാട്ടുമൃഗങ്ങൾ കഴുതപ്പുലിയെ കണ്ടുമുട്ടും. 14മരുഭൂതങ്ങൾ അന്യോന്യം കരഞ്ഞുവിളിക്കും; വേതാളം വിശ്രമസങ്കേതം തേടി അവിടെയെത്തും. 15അവിടെ മൂങ്ങാ കൂടുകെട്ടി മുട്ടയിട്ടു വിരിയിച്ചു കുഞ്ഞുങ്ങളെ സ്വന്തം ചിറകിൻകീഴിൽ വളർത്തും. അവിടെ പരുന്തുകൾ കൂട്ടം കൂടും; അവ ഇണയോടൊത്തു വിഹരിക്കും. 16സർവേശ്വരന്റെ ഗ്രന്ഥം പരിശോധിച്ചു നോക്കൂ! ഇവയിൽ ഒന്നും അതിൽ കാണാതിരിക്കയില്ല. ഒന്നിനും ഇണയില്ലാതെ വരികയുമില്ല. സർവേശ്വരനാണിതു കല്പിച്ചിരിക്കുന്നത്. അവിടുത്തെ ആത്മാവ് ഇവയെ ഒരുമിച്ചുകൂട്ടുന്നു. 17അവിടുന്നു ചീട്ടിടുകയും ചരടുപിടിച്ചളന്ന് ദേശം അവയ്‍ക്കു ഭാഗിച്ചു കൊടുക്കുകയും ചെയ്തു. അവ അതു കൈവശമാക്കും; തലമുറതലമുറകളായി അവിടെ പാർക്കും.

Currently Selected:

ISAIA 34: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in