ISAIA 31
31
യെരൂശലേമിനു സംരക്ഷണം
1ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരനിലേക്കു ദൃഷ്‍ടി ഉയർത്തുകയോ അവിടുത്തെ ഹിതം ആരായുകയോ ചെയ്യാതെ സഹായം തേടി ഈജിപ്തിലേക്കു പോവുകയും അവരുടെ കുതിരകളിലും രഥങ്ങളുടെ സംഖ്യാബലത്തിലും ബലിഷ്ഠരായ കുതിരപ്പടയാളികളിലും വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! 2എന്നാൽ സർവജ്ഞനായ അവിടുന്ന് അവർക്ക് അനർഥം വരുത്തും. അവിടുത്തെ വാക്ക് ഒരിക്കലും മാറുകയില്ല. തിന്മ പ്രവർത്തിക്കുന്നവരുടെ ഭവനത്തിനും അനീതിക്കു കൂട്ടു നില്‌ക്കുന്നവർക്കും എതിരായി അവിടുന്നു നീങ്ങും. 3ഈജിപ്തുകാർ മനുഷ്യരാണ്, ദൈവമല്ല. അവരുടെ കുതിരകൾ മാംസമാണ്, ആത്മാവല്ല. സർവേശ്വരൻ കൈ നീട്ടുമ്പോൾ സഹായകൻ നിലംപതിക്കും; സഹായിക്കപ്പെടുന്നവൻ വീഴും. അവർ ഒരുമിച്ചു നശിക്കും.
4സർവേശ്വരൻ എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: സിംഹമോ, സിംഹക്കുട്ടിയോ ഇരകണ്ടു മുരളുമ്പോൾ ഇടയന്മാരുടെ സംഘത്തെ അതിനെതിരെ വിളിച്ചുകൂട്ടിയാൽ അവരുടെ കൂക്കു വിളികേട്ട് അതു പേടിക്കുകയില്ല. ഒച്ചപ്പാടു കേട്ടു വിരളുകയുമില്ല. അതുപോലെ സർവശക്തനായ സർവേശ്വരൻ യുദ്ധം ചെയ്യാൻ സീയോൻഗിരിയിലിറങ്ങിവരും. 5പക്ഷികൾ കൂടിനു മീതെ വട്ടമിട്ടു പറന്നു കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ സർവേശ്വരൻ യെരൂശലേമിനെ കാത്തുസൂക്ഷിക്കും. അവിടുന്ന് അതിന് അഭയം നല്‌കും.
6ഇസ്രായേൽജനമേ, നിങ്ങൾ കഠിനമായി എതിർത്തവങ്കലേക്കു തന്നെ തിരിയുവിൻ; 7നിങ്ങളുടെ പാപത്തിന്റെ ഫലമായി നിർമിച്ച സ്വർണവിഗ്രഹങ്ങളും വെള്ളിവിഗ്രഹങ്ങളും അന്നു നിങ്ങൾ ദൂരെ വലിച്ചെറിയും. 8അസ്സീറിയാക്കാർ മനുഷ്യൻറേതല്ലാത്ത വാളിനാൽ സംഹരിക്കപ്പെടും. മനുഷ്യൻറേതല്ലാത്ത വാളിന് അവർ ഇരയാകും. അവരുടെ യുവാക്കന്മാർ അടിമവേല ചെയ്യാനിടയാകും. 9കൊടുംഭീതികൊണ്ട് അവരുടെ അഭയസ്ഥാനം പൊയ്പ്പോകും. സൈന്യാധിപന്മാർ ഭയപ്പെട്ടു യുദ്ധപതാക കൈവെടിഞ്ഞു പലായനം ചെയ്യും. സീയോനിൽ അഗ്നിയും യെരൂശലേമിൽ തീച്ചൂളയുമുള്ള സർവേശ്വരനാണ് ഇത് അരുളിച്ചെയ്യുന്നത്.
Currently Selected:
ISAIA 31: malclBSI
Highlight
Share
Copy
Want to have your highlights saved across all your devices? Sign up or sign in
Malayalam C.L. Bible, - സത്യവേദപുസ്തകം C.L.
Copyright © 2016 by The Bible Society of India
Used by permission. All rights reserved worldwide.