ISAIA 25:1-5
ISAIA 25:1-5 MALCLBSI
സർവേശ്വരാ, അവിടുന്നാണ് എന്റെ ദൈവം. അങ്ങയെ ഞാൻ പുകഴ്ത്തും. അവിടുത്തെ നാമം ഞാൻ പ്രകീർത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികൾ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി. അവിടുന്നു നഗരം കല്‌ക്കൂമ്പാരമാക്കി. സുരക്ഷിതനഗരം ശൂന്യമാക്കി. വിദേശികളുടെ കൊട്ടാരങ്ങൾ എന്നേക്കുമായി തകർന്നു. അതിനു പുനർനിർമാണം ഉണ്ടാകയില്ല. അതിനാൽ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീർത്തിക്കും. നിർദയരായ ജനതകളുടെ നഗരങ്ങൾ അങ്ങയെ ഭയപ്പെടും. അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവർക്കു കഷ്ടതകളിൽ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റിൽ അഭയവും കൊടുംവെയിലിൽ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്. വരണ്ട ഭൂമിയിലെ ഉഷ്ണം എന്നപോലെ, അവിടുന്നു വിദേശികളുടെ ആരവം അടക്കുന്നു. മേഘത്തിന്റെ മറവിൽ വെയിൽ എന്നപോലെ, ക്രൂരന്മാരുടെ ഗാനം നിലയ്‍ക്കുന്നു.