YouVersion Logo
Search Icon

ISAIA 25

25
സ്തോത്രഗീതം
1സർവേശ്വരാ, അവിടുന്നാണ് എന്റെ ദൈവം. അങ്ങയെ ഞാൻ പുകഴ്ത്തും. അവിടുത്തെ നാമം ഞാൻ പ്രകീർത്തിക്കും. അവിടുന്ന് അദ്ഭുതകൃത്യങ്ങൾ ചെയ്തിരിക്കുന്നു. പണ്ടേ ആവിഷ്കരിച്ച പദ്ധതികൾ അവിടുന്നു വിശ്വസ്തതയോടും സത്യത്തോടും നിറവേറ്റി. 2അവിടുന്നു നഗരം കല്‌ക്കൂമ്പാരമാക്കി. സുരക്ഷിതനഗരം ശൂന്യമാക്കി. വിദേശികളുടെ കൊട്ടാരങ്ങൾ എന്നേക്കുമായി തകർന്നു. അതിനു പുനർനിർമാണം ഉണ്ടാകയില്ല. 3അതിനാൽ കരുത്തുള്ള ജനത അങ്ങയുടെ മഹത്ത്വം പ്രകീർത്തിക്കും. നിർദയരായ ജനതകളുടെ നഗരങ്ങൾ അങ്ങയെ ഭയപ്പെടും. 4അവിടുന്നു ദരിദ്രരുടെ രക്ഷാസങ്കേതവും ആശ്രയമറ്റവർക്കു കഷ്ടതകളിൽ അഭയസ്ഥാനവുമാണ്. കൊടുങ്കാറ്റിൽ അഭയവും കൊടുംവെയിലിൽ തണലും. ക്രൂരജനതയുടെ ആക്രമണം മതിലിനെതിരെ വീശുന്ന കൊടുങ്കാറ്റുപോലെയാണ്. 5വരണ്ട ഭൂമിയിലെ ഉഷ്ണം എന്നപോലെ, അവിടുന്നു വിദേശികളുടെ ആരവം അടക്കുന്നു. മേഘത്തിന്റെ മറവിൽ വെയിൽ എന്നപോലെ, ക്രൂരന്മാരുടെ ഗാനം നിലയ്‍ക്കുന്നു.
സർവേശ്വരന്റെ വിരുന്ന്
6സർവശക്തനായ സർവേശ്വരൻ ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും. മേൽത്തരം വീഞ്ഞും കൊഴുപ്പേറിയ സ്വാദിഷ്ഠഭോജ്യങ്ങളും വിളമ്പുന്ന വിരുന്ന്. 7സർവജനതകളെയും മൂടിയിരിക്കുന്ന വിലാപത്തിന്റെ ആവരണവും സകല ജനതകളുടെയും മേലുള്ള ദുഃഖത്തിന്റെ വിരിയും ഈ പർവതത്തിൽ വച്ചു സർവേശ്വരൻ നശിപ്പിക്കും. 8അവിടുന്നു മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും. എല്ലാവരുടെയും കണ്ണീർ തുടച്ചുകളയും. തന്റെ ജനത്തിന്റെ അപമാനം നീക്കുകയും ചെയ്യും. 9സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു. അന്ന് എല്ലാവരും ഇങ്ങനെ പറയും: “ഇതാ, നമ്മുടെ ദൈവം! അവിടുത്തെയാണു നാം കാത്തിരുന്നത്. അവിടുന്ന് നമ്മെ രക്ഷിക്കും. അവിടുന്നുതന്നെ നമ്മുടെ സർവേശ്വരൻ. അവിടുത്തേക്കു വേണ്ടിയാണു നാം കാത്തിരുന്നത്. അവിടുത്തെ രക്ഷയിൽ നമുക്ക് ആനന്ദിച്ചുല്ലസിക്കാം.”
മോവാബിനു ശിക്ഷ
10സർവേശ്വരന്റെ കരം ഈ പർവതത്തിൽ വിശ്രമിക്കും. ചാണകക്കുഴിയിലെ വയ്‍ക്കോൽ പോലെ മോവാബ് ചവുട്ടിമെതിക്കപ്പെടും. 11നീന്തൽക്കാരൻ നീന്താൻ കൈനീട്ടുന്നതുപോലെ മോവാബ് നീന്താൻ കൈ നീട്ടും. എന്നാൽ സർവേശ്വരൻ അവരുടെ അഹങ്കാരവും കരവിരുതും നശിപ്പിക്കും. 12അവരുടെ ഉയർന്ന കോട്ടകളെ അവിടുന്ന് ഇടിച്ചു തവിടുപൊടിയാക്കും.

Currently Selected:

ISAIA 25: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in