YouVersion Logo
Search Icon

ISAIA 23

23
സോരിനെക്കുറിച്ച്
1സോരിനെക്കുറിച്ചുള്ള അരുളപ്പാട്: തർശ്ശീശു കപ്പലുകളേ, വിലപിക്കുവിൻ! തുറമുഖങ്ങളും ഭവനങ്ങളും ശേഷിക്കാതെ ‘സോര്’ ശൂന്യമാക്കപ്പെട്ടിരിക്കുന്നു. സൈപ്രസിൽനിന്ന് ഈ വാർത്ത അവർക്കു ലഭിച്ചിരിക്കുന്നു. 2തീരദേശവാസികളേ, സീദോനിലെ കച്ചവടക്കാരേ, നിങ്ങൾ മിണ്ടാതിരിക്കുവിൻ. നിങ്ങളുടെ വ്യാപാരികൾ കടൽതാണ്ടി അനേകം രാജ്യങ്ങളുമായി കച്ചവടം നടത്തി. 3അവർ സീഹോരിലെ ധാന്യങ്ങളും നൈൽതടത്തിലെ വിളവുകളും വാങ്ങുകയും വിൽക്കുകയും ചെയ്ത് ആദായമുണ്ടാക്കി. 4സീദോനേ, നീ ലജ്ജിക്കുക! കടലും സമുദ്രദുർഗവും നിന്നോടു പറയുന്നു: “എനിക്ക് ഈറ്റുനോവുണ്ടാകുകയോ ഞാൻ പ്രസവിക്കുകയോ ചെയ്തിട്ടില്ല. ഞാൻ യുവാക്കളെയോ കന്യകമാരെയോ പുലർത്തിയിട്ടില്ല.” 5സോരിനെക്കുറിച്ചുള്ള ഈ വാർത്ത ലഭിക്കുമ്പോൾ ഈജിപ്തുകാർ കൊടിയ വ്യസനത്തിലാകും. 6തീരദേശവാസികളേ, തർശ്ശീശിൽ ചെന്നു വിലപിക്കുവിൻ. ഇതാണോ മതിമറന്നാഹ്ലാദിച്ചിരുന്ന നിങ്ങളുടെ പുരാതന നഗരം? 7ഇതാണോ വിദൂരദേശങ്ങളിൽ താവളമുറപ്പിക്കാൻ ആളുകളെ അയച്ച നഗരം?
8രാജാക്കന്മാരെ വാഴിച്ചിരുന്നതും പ്രഭുക്കന്മാരായ വർത്തകർ ഉണ്ടായിരുന്നതും ലോകമെങ്ങും ബഹുമാനിതരായ വർത്തകരോടുകൂടിയതുമായ സോർ നഗരത്തിന് ആരാണീ അനർഥം വരുത്തിവച്ചത്? 9സർവപ്രതാപത്തിന്റെയും ഗർവം അടക്കാനും ഭൂമിയിൽ ബഹുമാനിതരായ സകലരുടെയും മാനം കെടുത്താനും സർവശക്തനായ സർവേശ്വരൻ നിശ്ചയിച്ചിരിക്കുന്നു. 10തർശ്ശീശ് ജനതയേ, നിങ്ങൾക്കിനി നിയന്ത്രണം ഇല്ലായ്കയാൽ നൈൽനദിപോലെ സ്വന്തം ദേശത്തെ കവിഞ്ഞൊഴുകുക. 11സർവേശ്വരൻ സമുദ്രത്തിന്റെ നേരെ കൈ നീട്ടി; അവിടുന്നു രാജ്യങ്ങളെ വിറപ്പിച്ചു കനാനിലെ ശക്തിദുർഗങ്ങളെ നശിപ്പിക്കാൻ അവിടുന്നു കല്പിച്ചു. 12അവിടുന്ന് അരുളിച്ചെയ്തു: “മർദിതയും കന്യകയുമായ സീദോൻപുത്രീ, നിനക്കിനി ആഹ്ലാദം ഉണ്ടാകയില്ല.
13സൈപ്രസിലേക്കു പോയി നോക്കുക; അവിടെയും നിനക്ക് സ്വസ്ഥത ഉണ്ടായിരിക്കുകയില്ല. അസ്സീറിയാ അല്ല, ബാബിലോണാണ് സോരിനെ വന്യമൃഗങ്ങൾക്കിരയാക്കിയത്. അവർ ഉപരോധഗോപുരങ്ങൾ ഉയർത്തി, കൊട്ടാരങ്ങൾ ഇടിച്ചു നിരത്തി. അങ്ങനെ അവളെ ശൂന്യയാക്കി. 14തർശ്ശീശ് കപ്പലുകളേ, വിലപിക്കുവിൻ! നിങ്ങളുടെ ശക്തിദുർഗം തകർക്കപ്പെട്ടിരിക്കുന്നു. 15ഒരു രാജാവിന്റെ ജീവിതകാലമായ എഴുപതു വർഷത്തേക്ക് സോർ വിസ്തരിക്കപ്പെടും. എഴുപതു വർഷം കഴിയുമ്പോൾ വേശ്യാഗാനത്തിൽ പറയുന്നതുപോലെ സോരിനു സംഭവിക്കും.”
16“വിസ്മൃതയായ വേശ്യാസ്‍ത്രീയേ, നീ വീണമീട്ടി നഗരം ചുറ്റുക. മധുരഗാനം പാടുക. നിന്റെ സ്മരണ ഉണരട്ടെ.” 17എഴുപതു വർഷം സർവേശ്വരൻ സോരിനെ സന്ദർശിക്കും. അവൾ പഴയ തൊഴിൽ വീണ്ടും ചെയ്യും. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളുമായും അവൾ വേശ്യാവൃത്തിയിൽ ഏർപ്പെടും. 18എങ്കിലും സ്വന്തം സമ്പാദ്യങ്ങൾ മുഴുവൻ അവൾ സർവേശ്വരനു സമർപ്പിക്കും. അതു കൂട്ടിവയ്‍ക്കുകയോ പൂഴ്ത്തിവയ്‍ക്കുകയോ ഇല്ല. അവിടുത്തെ സന്നിധിയിൽ വസിക്കുന്നവർക്ക് സമൃദ്ധമായ ആഹാരത്തിനും മോടിയുള്ള വസ്ത്രത്തിനും അത് ഉപകരിക്കും.

Currently Selected:

ISAIA 23: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in