YouVersion Logo
Search Icon

HOSEA 2

2
1നിന്റെ സഹോദരനോട് #2:1 അമ്മി = എന്റെ ജനം.അമ്മി എന്നും സഹോദരിയോട് #2:1 രുഹാമ = കരുണ ലഭിച്ചവൾ.രുഹാമ എന്നും പറയുക.
ഇസ്രായേൽ അവിശ്വസ്തയായ ഭാര്യ
2വാദിക്കുക, നിങ്ങളുടെ അമ്മയോടു വാദിക്കുക, അവൾ എന്റെ ഭാര്യയല്ല, ഞാൻ അവളുടെ ഭർത്താവുമല്ല. അവൾ തന്റെ മുഖത്തു നിന്നു വേശ്യാവൃത്തിയുടെ അടയാളവും മാറിടത്തുനിന്നു വേശ്യയുടെ സ്തനാഭരണവും നീക്കിക്കളയട്ടെ. 3അല്ലെങ്കിൽ ഞാൻ അവളെ വസ്ത്രം ഉരിഞ്ഞു പിറന്നനാളിലെപ്പോലെ നഗ്നയാക്കും. ഞാൻ അവളെ മരുഭൂമിപോലെയും വരണ്ടനിലംപോലെയും ആക്കും. അവൾ ദാഹിച്ചു മരിക്കാൻ ഇടവരുത്തും. 4അവളുടെ മക്കളോടും ഞാൻ കരുണ കാണിക്കുകയില്ല. അവർ ജാരസന്തതികളാണല്ലോ. 5അവരുടെ അമ്മ വേശ്യാവൃത്തിയിലേർപ്പെട്ടു; അവരെ ഗർഭംധരിച്ചവൾ ലജ്ജാകരമായി പ്രവർത്തിച്ചു. “എനിക്ക് ആഹാരവും ജലവും കമ്പിളിയും ചണവസ്ത്രവും എണ്ണയും പാനീയങ്ങളും തരുന്ന കാമുകന്മാരുടെ പിന്നാലെ ഞാൻ പോകും” എന്ന് അവൾ പറഞ്ഞുവല്ലോ. 6അതുകൊണ്ട് ഞാൻ അവളുടെ വഴി മുള്ളുവേലി കെട്ടി അടയ്‍ക്കും; മതിൽ കെട്ടി അവളുടെ വഴി മുടക്കും. 7തന്റെ കാമുകന്മാരെ അവൾ പിന്തുടരും; എന്നാൽ അവർക്ക് ഒപ്പം എത്തുകയില്ല; അവൾ അവരെ അന്വേഷിക്കും; എന്നാൽ കണ്ടെത്തുകയില്ല. അപ്പോൾ അവൾ പറയും: “എന്റെ ആദ്യ ഭർത്താവിന്റെ അടുക്കലേക്കു ഞാൻ മടങ്ങും; ഇന്നത്തേതിനെക്കാൾ എത്രയോ മെച്ചമായിരുന്നു അദ്ദേഹത്തോടൊത്തുള്ള ജീവിതം!” 8അവൾക്കു ധാന്യവും പുതുവീഞ്ഞും പുതിയ എണ്ണയും ബാലിനെ ആരാധിക്കാൻ ഉപയോഗിച്ച പൊന്നും വെള്ളിയും സമൃദ്ധമായി നല്‌കിയതു ഞാനായിരുന്നു എന്ന് അവൾ അറിഞ്ഞില്ല. 9അതുകൊണ്ട് എന്റെ ധാന്യവും വീഞ്ഞും ഞാൻ യഥാവസരം തിരിച്ചെടുക്കും. അതുപോലെതന്നെ അവളുടെ നഗ്നത മറയ്‍ക്കാനുള്ള കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും. 10അപ്പോൾ അവളുടെ കാമുകന്മാരുടെ മുമ്പിൽവച്ച് അവളുടെ നഗ്നത ഞാൻ അനാവൃതമാക്കും. ആരും എന്റെ കൈയിൽനിന്ന് അവളെ വിടുവിക്കുകയില്ല. 11അവളുടെ സകല സന്തോഷവും ഉത്സവങ്ങളും അമാവാസികളും ശബത്തുകളും നിർദിഷ്ട ഉത്സവങ്ങളും ഇല്ലാതാകും. 12എന്റെ കാമുകന്മാർ തന്നതാണ് ഇവയെല്ലാം എന്നു നീ പറഞ്ഞ മുന്തിരിത്തോട്ടവും അത്തിമരങ്ങളും ഞാൻ ശൂന്യമാക്കും; അവയെ ഞാൻ കാടാക്കിത്തീർക്കും; കാട്ടുമൃഗങ്ങൾ അവയെ തിന്നൊടുക്കും. 13ബാൽവിഗ്രഹത്തിനു ധൂപാർച്ചന നടത്തിയും ആഭരണങ്ങൾ അണിഞ്ഞൊരുങ്ങി കാമുകന്മാരെ പിന്തുടർന്നും അവൾ എന്നെ മറന്നു. അതുകൊണ്ട് ഞാൻ അവളെ ശിക്ഷിക്കും. ഇതു സർവേശ്വരന്റെ വചനം.
സർവേശ്വരന്റെ സ്നേഹം
14“അതുകൊണ്ട് ഞാൻ അവളെ വശീകരിച്ചു വിജനസ്ഥലത്തേക്കു കൊണ്ടുവന്നു പ്രേമപൂർവം അവളോടു സംസാരിക്കും. 15അവിടെവച്ച് അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ തിരിച്ചുകൊടുക്കും; ആഖോർ താഴ്‌വരയെ പ്രത്യാശയുടെ കവാടമാക്കിത്തീർക്കും; യൗവനത്തിലെന്നപോലെ, ഈജിപ്തിൽനിന്നു പുറപ്പെട്ട നാളിലെന്നപോലെ, അവൾ എന്നോടു പ്രതികരിക്കും.” 16സർവേശ്വരൻ അരുളിച്ചെയ്യുന്നു: “അന്നു നീ എന്നെ ‘എന്റെ പ്രിയതമൻ’ എന്നു സംബോധന ചെയ്യും. ‘എന്റെ ബാൽ’ എന്ന് ഇനിമേൽ നീ വിളിക്കുകയില്ല.” 17ബാൽദേവന്മാരുടെ നാമങ്ങൾ അവളുടെ അധരങ്ങളിൽനിന്നു ഞാൻ നീക്കിക്കളയും. അവരുടെ പേരുകൾ അവൾ ഇനി ഓർക്കുകയില്ല. 18ആ ദിവസം ഞാൻ നിനക്കുവേണ്ടി വന്യമൃഗങ്ങളോടും ആകാശത്തെ പറവകളോടും ഭൂമിയിലെ ഇഴജന്തുക്കളോടും ഒരു ഉടമ്പടി ഉണ്ടാക്കും. വില്ലും വാളും യുദ്ധവും ദേശത്തുനിന്നു നീക്കി ഞാൻ അവരെ നിർഭയം വസിക്കുമാറാക്കും. 19ഇസ്രായേലേ, നിന്നെ എന്നേക്കും എന്റെ ഭാര്യയായി സ്വീകരിക്കും. നീതിയിലും ന്യായത്തിലും സുസ്ഥിരമായ സ്നേഹത്തിലും കരുണയിലും നിന്നെ എന്റെ ഭാര്യയായി ഞാൻ സ്വീകരിക്കും. 20എന്റെ വിശ്വസ്തതയിൽ നിന്നെ എന്റെ ഭാര്യയായി സ്വീകരിക്കും. നീ സർവേശ്വരനെ അറിയുകയും ചെയ്യും.
21അവിടുന്ന് അരുളിച്ചെയ്യുന്നു: “അന്നു ഞാൻ ഉത്തരമരുളും. അന്നു ഞാൻ ആകാശത്തിന് ഉത്തരമരുളും, ആകാശം ഭൂമിക്ക് ഉത്തരമരുളും. 22ധാന്യവും വീഞ്ഞും എണ്ണയും നല്‌കി ഭൂമി ഉത്തരം നല്‌കും. അവ ജെസ്രീലിന് ഉത്തരം നല്‌കും. 23ഞാൻ അവരെ എനിക്കുവേണ്ടി ദേശത്തു നടും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും; എന്റെ ജനമല്ലാത്തവരോടു നിങ്ങൾ എന്റെ ജനം എന്നു പറയും; അവിടുന്ന് എന്റെ ദൈവം എന്ന് അവർ പറയും.”

Currently Selected:

HOSEA 2: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in