YouVersion Logo
Search Icon

HOSEA 10

10
പ്രവാചകൻ ഇസ്രായേലിനെപ്പറ്റി സംസാരിക്കുന്നു
1തഴച്ചുവളർന്നു കായ്‍ക്കുന്ന മുന്തിരിച്ചെടിയാണ് ഇസ്രായേൽ. ഫലസമൃദ്ധി ഉണ്ടായതോടൊപ്പം അവർ കൂടുതൽ യാഗപീഠങ്ങളും നിർമിച്ചു. ദേശം ഐശ്വര്യസമൃദ്ധമായതോടൊപ്പം അവർ ആരാധനാസ്തംഭങ്ങൾ അലങ്കരിച്ചു. 2ഇസ്രായേല്യരുടെ ഹൃദയം വഞ്ചന നിറഞ്ഞതാണ്; അതിനാൽ അവർ ശിക്ഷ സഹിച്ചേ തീരൂ. സർവേശ്വരൻ അവരുടെ യാഗപീഠങ്ങൾ തകർക്കും; സ്തംഭങ്ങൾ നശിപ്പിക്കുകയും ചെയ്യും.
3അപ്പോൾ അവർ പറയും: “ഞങ്ങൾ സർവേശ്വരനെ ഭയപ്പെടാത്തതുകൊണ്ട് ഞങ്ങൾക്കു രാജാവില്ല. ഉണ്ടെങ്കിൽത്തന്നെ രാജാവിനു നമുക്കുവേണ്ടി എന്തുചെയ്യാൻ കഴിയും?” 4അവർ വ്യർഥവാക്കുകൾ ഉച്ചരിക്കുന്നു; വെറും പൊള്ളസത്യം ചെയ്ത് അവർ ഉടമ്പടി ഉണ്ടാക്കുന്നു. അതിനാൽ ഉഴവുചാലിൽ വിഷക്കളകളെന്നപോലെ ശിക്ഷാവിധി മുളച്ചുവരുന്നു. 5ശമര്യാനിവാസികൾ ബേത്ത്-ആവെനിലെ കാളക്കുട്ടി നിമിത്തം ഭയപ്പെടുന്നു; അവിടത്തെ ജനം അതിനെച്ചൊല്ലി വിലപിക്കും. അതിന്റെ വിട്ടുപോയ മഹത്ത്വത്തിന്റെ പേരിൽ വിഗ്രഹാരാധകരായ പുരോഹിതർ ഉറക്കെ കരയും. 6മഹാരാജാവിനു കാഴ്ചവയ്‍ക്കുന്നതിന് അതിനെ അസ്സീറിയായിലേക്കു കൊണ്ടുപോകും. എഫ്രയീം നിന്ദാപാത്രമായിത്തീരും; ഇസ്രായേൽ തന്റെ വിഗ്രഹം നിമിത്തം ലജ്ജിക്കും. 7ശമര്യയിലെ രാജാവ്, വെള്ളത്തിൽവീണ മരക്കഷണംപോലെ ഒലിച്ചുപോകും. 8ഇസ്രായേലിന്റെ പാപത്തിനു കാരണമായ ആവെനിലെ പൂജാഗിരികൾ നശിപ്പിക്കപ്പെടും. അവരുടെ യാഗപീഠങ്ങളിൽ മുള്ളും ഞെരിഞ്ഞിലും വളരും; അവർ പർവതങ്ങളോടു തങ്ങളെ മൂടാനും മലകളോടു തങ്ങളുടെമേൽ നിപതിക്കാനും പറയും.
ഇസ്രായേലിനു ന്യായവിധി
9ഇസ്രായേലേ, നീ ഗിബെയയിൽവച്ചു പാപം ചെയ്യാൻ തുടങ്ങി; നീ അതു തുടരുന്നു. ഗിബെയയിൽവച്ചു യുദ്ധം അവരെ പിടികൂടിയില്ലേ? 10അനുസരണം കെട്ട ജനത്തെ ശിക്ഷിക്കാൻ ഞാൻ വരും; അവരുടെ ഇരു തിന്മകൾക്ക് അവർ ശിക്ഷിക്കപ്പെടുമ്പോൾ അവർക്കെതിരെ ജനതകളെ ഞാൻ അണിനിരത്തും. 11മെതിക്കാനിഷ്ടമുള്ള പരിശീലനം ലഭിച്ച പശുക്കുട്ടിയായിരുന്നു എഫ്രയീം; അതിന്റെ അഴകുള്ള ചുമലിൽ ഞാൻ നുകം വച്ചില്ല; എന്നാൽ ഞാൻ എഫ്രയീമിനു നുകം വയ്‍ക്കും; യെഹൂദാ നിലം ഉഴുകയും ഇസ്രായേൽ കട്ട ഉടയ്‍ക്കുകയും ചെയ്യേണ്ടിവരും.
12നീതി വിതയ്‍ക്കുക; സുസ്ഥിരമായ സ്നേഹത്തിന്റെ ഫലം കൊയ്യാം. നിങ്ങളുടെ തരിശുനിലം ഉഴുതൊരുക്കുക; സർവേശ്വരൻ വന്നു നിങ്ങളുടെമേൽ രക്ഷ ചൊരിയാൻ അവിടുത്തെ അന്വേഷിക്കേണ്ട സമയമാണല്ലോ ഇത്. 13നിങ്ങൾ അധർമം ഉഴുതൊരുക്കി അനീതി കൊയ്തെടുത്തു വ്യാജഫലം തിന്നിരിക്കുന്നു. കാരണം നിങ്ങൾ രഥങ്ങളിലും യോദ്ധാക്കളുടെ സംഖ്യാബലത്തിലും ആശ്രയിക്കുന്നു. 14അതുകൊണ്ടു ജനമധ്യത്തിൽ യുദ്ധകോലാഹലം ഉയരും. യുദ്ധദിവസത്തിൽ ബേത്ത്-അബ്ബേലിനെ ശൽമാൻ നശിപ്പിച്ചതുപോലെ നിന്റെ സകല കോട്ടകളും ഇടിച്ചുനിരത്തപ്പെടും. അവർ മാതാക്കളെ കുഞ്ഞുങ്ങളോടൊപ്പം നിലത്തടിച്ചുകൊല്ലും. 15ഇസ്രായേൽജനമേ, നിങ്ങളുടെ മഹാദുഷ്ടത നിമിത്തം നിങ്ങളോടും ഇപ്രകാരം ചെയ്യും. തുടക്കത്തിൽതന്നെ ഇസ്രായേൽരാജാവ് വിച്ഛേദിക്കപ്പെടും.

Currently Selected:

HOSEA 10: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in