YouVersion Logo
Search Icon

HAGAIA 1

1
വീണ്ടും പണിയാൻ ആജ്ഞ
1പേർഷ്യൻ ചക്രവർത്തിയായി ദാര്യാവേശ് അധികാരം ഏറ്റതിന്റെ രണ്ടാം വർഷം ആറാം മാസം ഒന്നാം ദിവസം ശെയൽതീയേലിന്റെ പുത്രനും യെഹൂദ്യയിലെ ദേശാധിപതിയുമായ സെരുബ്ബാബേലിനും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവയ്‍ക്കും ഹഗ്ഗായിപ്രവാചകനിലൂടെ ലഭിച്ച സർവേശ്വരന്റെ അരുളപ്പാട്. 2സർവശക്തനായ സർവേശ്വരൻ ഹഗ്ഗായിയോട് അരുളിച്ചെയ്തു: “എന്റെ ആലയം പുനരുദ്ധരിക്കാനുള്ള സമയം ഇനിയും ആയിട്ടില്ല എന്ന് ഈ ജനം പറയുന്നു.” 3പിന്നീട് പ്രവാചകനായ ഹഗ്ഗായി മുഖേന ജനത്തോട് അവിടുന്ന് അരുളിച്ചെയ്തു: 4“എന്റെ ജനമേ, എന്റെ ഭവനം തകർന്നുകിടക്കുമ്പോൾ ആണോ നിങ്ങൾക്കു മണിമേടകളിൽ പാർക്കാൻ അവസരം? 5അതുകൊണ്ട് നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചു ചിന്തിക്കുക” എന്നു സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിങ്ങൾ ധാരാളം വിതച്ചു; അല്പം മാത്രം കൊയ്തു. 6നിങ്ങൾ ഭക്ഷിക്കുന്നെങ്കിലും വയറു നിറയുന്നില്ല; പാനം ചെയ്യുന്നെങ്കിലും തൃപ്തി ആകുന്നില്ല. വസ്ത്രം ധരിക്കുന്നെങ്കിലും കുളിരു മാറുന്നില്ല; കൂലി വാങ്ങുന്നവൻ അതു തുളയുള്ള സഞ്ചിയിലിടുന്നു.
7സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി ആലോചിച്ചു നോക്കൂ. 8നിങ്ങൾ മലകളിൽനിന്നു മരം മുറിച്ച് മന്ദിരം പണിയുവിൻ; അതിൽ ഞാൻ പ്രസാദിക്കും. അവിടെ ഞാൻ മഹത്ത്വത്തോടെ പ്രത്യക്ഷപ്പെടും.” ഇത് സർവേശ്വരന്റെ വചനം. 9സമൃദ്ധമായ ഒരു വിളവെടുപ്പു നിങ്ങൾ പ്രതീക്ഷിച്ചു; പക്ഷേ അത് അല്പമായിത്തീർന്നു; നിങ്ങൾ അതു വീട്ടിൽ കൊണ്ടുവന്നപ്പോൾ ഞാൻ അത് ഊതിപ്പറപ്പിച്ചു കളഞ്ഞു. അത് എന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? എന്റെ ആലയം ശൂന്യമായി കിടക്കെ ഓരോരുത്തനും സ്വന്തം വീട്ടുകാര്യങ്ങളിൽ മുഴുകിയിരിക്കുന്നതുകൊണ്ടു തന്നെ. 10അതുകൊണ്ട് മഴ പെയ്യാതിരിക്കുന്നു. ഭൂമി അനുഭവം നല്‌കാതെയുമിരിക്കുന്നു. 11ഞാൻ ദേശത്തെങ്ങും വരൾച്ച വരുത്തി- മലകളിലും ധാന്യങ്ങളിലും വീഞ്ഞിലും മുന്തിരിത്തോട്ടത്തിലും ഒലിവുതോട്ടത്തിലും എന്നല്ല ഭൂമിയിലെ സകലവിളകളിലും മനുഷ്യരിലും മൃഗങ്ങളിലും മനുഷ്യന്റെ സർവ പ്രയത്നങ്ങളിലും ഞാൻ വരൾച്ച വരുത്തിയിരിക്കുന്നു.
കല്പന അനുസരിക്കുന്നു
12അപ്പോൾ ശെയൽതീയേലിന്റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവയും ശേഷിച്ച സകല ജനങ്ങളും തങ്ങളുടെ ദൈവമായ സർവേശ്വരന്റെ അരുളപ്പാടുകളും അവിടുത്തെ നിയോഗപ്രകാരം വന്ന ഹഗ്ഗായിപ്രവാചകന്റെ വാക്കുകളും അനുസരിച്ചു. ജനം സർവേശ്വരന്റെ സന്നിധിയിൽ ഭയഭക്തിയുള്ളവരായിത്തീർന്നു. 13അപ്പോൾ സർവേശ്വരന്റെ ദൂതനായ ഹഗ്ഗായി അവിടുത്തെ സന്ദേശം അറിയിച്ചു: “ഞാൻ നിങ്ങളുടെ കൂടെയുണ്ടെന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു.” 14ശെയൽതീയേലിന്റെ പുത്രനും യെഹൂദാദേശാധിപതിയുമായ സെരുബ്ബാബേലിന്റെയും യെഹോസാദാക്കിന്റെ പുത്രനും മഹാപുരോഹിതനുമായ യോശുവയുടെയും മറ്റുള്ള സർവജനത്തിന്റെയും മനസ്സ് സർവേശ്വരൻ ഉണർത്തി. അവർ വന്നു സർവശക്തനായ സർവേശ്വരന്റെ ആലയം പണിയാൻ തുടങ്ങി. 15ദാര്യാവേശ്‍ചക്രവർത്തിയുടെ രണ്ടാം ഭരണവർഷം ആറാം മാസം ഇരുപത്തിനാലാം ദിവസം ആയിരുന്നു അത്.

Currently Selected:

HAGAIA 1: malclBSI

Highlight

Share

Copy

None

Want to have your highlights saved across all your devices? Sign up or sign in

Video for HAGAIA 1